മേരിക്കയില്‍ പുതിയ സർക്കാരിന്റെ സ്ഥാനാരോഹണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ലോകത്തിന്റെ കണ്ണ് ചരിത്രം തിരുത്തിക്കുറിക്കുന്ന കമലാ ഹാരിസിലേക്കാണ്. ആദ്യ വനിതാ വൈസ്പ്രസിഡന്റ്, അമേരിക്കയില്‍ വൈസ് പ്രസിഡന്റാകുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരി, ആദ്യ സൗത്ത് ഏഷ്യന്‍ വംശജ.. കമലാ ഹാരിസിനോടുള്ള ബഹുമാനസൂചകമായി അവര്‍ക്ക് പ്രിയപ്പെട്ട സൗത്ത് ഇന്ത്യന്‍ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ് എഴുത്തുകാരിയും മോഡലും എമ്മി അവാര്‍ഡ് നേടിയ കുക്കറി ഷോയായ 'ടോപ്പ് ഷെഫ്' അവതാരകയുമായ പദ്മ ലക്ഷ്മി. പക്ഷേ ആ വിഭവം എല്ലാവരും കരുതുന്നതു പോലെ ദോശയല്ലെന്ന് മാത്രം. 

കമലാ ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലനെ പോലെ ചെന്നൈയിലാണ് പദ്മ ലക്ഷ്മിയും ജനിച്ചത്. പിന്നീട് നാലാം വയസ്സിലാണ് പദ്മ ലക്ഷ്മി അമേരിക്കയിലേക്ക് കുടിയേറുന്നത്. 

'നമ്മുടെ പുതിയ വൈസ്പ്രസിഡന്റിനോടുള്ള ബഹുമാനാര്‍ത്ഥം ഇന്ന് ഒരു സ്‌പെഷ്യല്‍ സൗത്ത് ഇന്ത്യന്‍ വിഭവമാണ് ഞാന്‍ തയ്യാറാക്കുന്നത്. കമലയ്ക്ക് പ്രിയപ്പെട്ടതു പോലെ എനിക്കും ഇഷ്ടമാണ് ഈ വിഭവം.  പദ്മ ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുക്കിങ് വീഡിയോയില്‍ പറയുന്നു. തമിഴ്‌നാട്ടിലെ പരമ്പരാഗത വിഭവമായ ടാമറിന്‍ഡ് റൈസാണ് (പുളിസാദം) പദ്മ ലക്ഷ്മി തയ്യാറാക്കുന്ന വിഭവം. 

പന്ത്രണ്ട് മിനിറ്റ് നിളുന്ന വീഡിയോയില്‍ ടാമറിന്‍ഡ് റൈസ് ഉണ്ടാക്കുന്നതിനുള്ള ചേരുവകളെ പറ്റിയും അമേരിക്കക്കാര്‍ക്ക് ഇടയ്ക്ക് ഇത് പരീക്ഷിക്കാമെന്ന ഉപദേശവുമൊക്കെ പദ്മ ലക്ഷ്മി നല്‍കുന്നുണ്ട്. 

ഒരു ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. പലരും തങ്ങള്‍ ആദ്യമായാണ് ഇങ്ങനെയൊരു വിഭവത്തെ പറ്റി കേള്‍ക്കുന്നതെന്നും പങ്കുവച്ചതിന് നന്ദിയെന്നുമാണ് പലരുടെയും കമന്റ്.

Content Highlights: Padma Lakshmi Cooked This In Honour Of Kamala Harris