ചിന്നക്കടയില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ സിഗ്‌നല്‍ കാത്തുകിടക്കുമ്പോഴാണ് മുന്‍പിലും പിറകിലുമായി ഒരേ ടീഷര്‍ട്ടും ബാഗുമൊക്കെയായി രണ്ട് ഇരുചക്രവാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. സിഗ്‌നല്‍ വീണപ്പോഴേക്കും അവ മറ്റു വാഹനങ്ങളെ പിറകിലാക്കി പോയിക്കഴിഞ്ഞിരുന്നു. നഗരത്തില്‍ സ്ഥിരം കാഴ്ചയായി മാറുന്ന ഭക്ഷണവിതരണ ശൃംഖലയിലെ ഡെലിവറി ജീവനക്കാരാണിവര്‍. കൂടുതലും ചെറുപ്പക്കാര്‍. സ്‌കൂട്ടര്‍ മുതല്‍ ബുള്ളറ്റ് വരെയുള്ള ഇരുചക്രവാഹനങ്ങളില്‍ പായുന്ന ഇവര്‍ മാറുന്ന ഭക്ഷണരീതിയുടെ അടയാളമാണ്.

തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെ കേരളത്തിലെ മറ്റു നഗരങ്ങളില്‍ സജീവസാന്നിധ്യമായ ഇവ ഒടുവില്‍ കൊല്ലത്തും സജീവമാകുകയാണ്.

ഹോട്ടല്‍ ഭക്ഷണം സ്വന്തം വീട്ടിലിരുന്ന് കഴിക്കാമെന്നതും ഇത്തരം കമ്പനികള്‍ നല്‍കുന്ന ഓഫറുകളും ഇതിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഹോസ്റ്റലിലും വാടകവീട്ടിലുമൊക്കെ താമസിക്കുന്നവര്‍ക്കും ഇത് സഹായകരമാണ്. മഴയും വെയിലും പോലെ പ്രതികൂല സാഹചര്യങ്ങളില്‍ ഹോട്ടലുകളിലേക്ക് എത്താന്‍ സാധിക്കാത്തവര്‍ക്കും ഒരു ഫോണ്‍ കോള്‍കൊണ്ട് വിശപ്പു മാറ്റാനുള്ള വഴി ലഭിക്കും.

ആദ്യമൊക്കെ പണം സ്വീകരിച്ചിരുന്നത് ഓണ്‍ലൈന്‍ വഴി മാത്രം ആയിരുന്നപ്പോള്‍ പ്രൊഫഷണല്‍സ് ഉള്‍പ്പെടെയുള്ളവരായിരുന്നു ആവശ്യക്കാര്‍. നേരിട്ട് കാശ് നല്‍കാമെന്ന രീതികൂടി വന്നതോടെ സാധാരണക്കാരാണിപ്പോള്‍ ഏറെയും ഉപഭോക്താക്കള്‍.

വളര്‍ച്ച വേഗത്തില്‍

മൂന്നുമാസംമുന്‍പാണ് ആഗോള കമ്പനിയായ സൊമാറ്റോ കൊല്ലത്തെത്തിയത്. തൊട്ടുപിന്നാലെ സ്വിഗ്ഗിയും ഊബര്‍ ഈറ്റ്‌സും സാധ്യതകള്‍ മനസ്സിലാക്കി രംഗത്തെത്തി. തുടക്കത്തില്‍ ഇരുപതോളം ഹോട്ടലുകളാണ് ഞങ്ങളുമായി കൈകോര്‍ത്തത്, എന്നാല്‍ ഇപ്പോഴത് നൂറിനടുപ്പിച്ച് എത്തിയിരിക്കുന്നെന്ന് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയുടെ ടീം ലീഡറായ അല്‍അമീന്‍ പറഞ്ഞു.

കുറച്ചുനാള്‍മുന്‍പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കമ്പനി വന്‍ സാമ്പത്തികനഷ്ടമാണ് ഹോട്ടലുകള്‍ക്ക് വരുത്തിവെച്ചത്. അതിനാല്‍ ആദ്യമൊക്കെ പല ഹോട്ടലുകളും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, അന്താരാഷ്ട്ര കമ്പനിയെന്ന വിശ്വാസവും ശക്തമായ പ്രവര്‍ത്തനവും ഉണ്ടായതോടെ അവരും നല്ല രീതിയില്‍ സഹകരിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കച്ചവടം കൂടുന്നു എന്നതാണ് ഹോട്ടലുകള്‍ക്കുണ്ടാകുന്ന ലാഭം. വിഭവങ്ങളില്‍ ഏതൊക്കെ ലഭ്യമാണ് എന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നത് അവര്‍ക്ക് നേട്ടമാണ്.

കുറഞ്ഞ ജോലി, കൂടുതല്‍ ശമ്പളം

ഇരുചക്രവാഹനങ്ങളില്‍ ചീറിപ്പായുന്ന വിതരണജീവനക്കാരാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണശൃംഖലയുടെ നട്ടെല്ല്. കൂടുതലും ചെറുപ്പക്കാര്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍ തുടങ്ങിയവരൊക്കെ പാര്‍ട്ട് ടൈം ആയും ഫുള്‍ ടൈം ആയും ഈ ജോലി ചെയ്യുന്നു. കൃത്യമായ സമയക്രമം ഇല്ല എന്നതാണ് കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 12 വരെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാം. പൂര്‍ത്തിയാക്കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് വരുമാനം. പഠിത്തത്തിനൊപ്പം ചെലവുകള്‍ക്ക് വരുമാനം കണ്ടെത്താനും നിസ്സാര ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനം കണ്ടെത്താനും ഇത് ഫലപ്രദമായ മാര്‍ഗമായി ഉപയോഗിക്കുന്നു.

രേഖകളെല്ലാം കൃത്യമായ ഒരു ഇരുചക്രവാഹനമാണ് ആദ്യമായി വേണ്ടത്. കൂടാതെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്കിന്റെ പാസ് ബുക്ക് എന്നിവയും വേണം. കമ്പനിയുടെ ഭാഗമായി ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെയുള്ളവ പരിശോധിക്കും. കമ്പനിയുടെ ലോഗോ പതിച്ച ടീഷര്‍ട്ട്, ബാഗ് എന്നിവയും മഴക്കോട്ടും നല്‍കും. 500 രൂപയാണ് ഇതിനായി പ്രാഥമിക ഫീസായി നല്‍കേണ്ടിവരുന്നത്.

ദിവസം കുറഞ്ഞത് ആയിരം രൂപ ഈ ജോലിയിലൂടെ സമ്പാദിക്കാന്‍ കഴിയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പെട്രോളും മറ്റു ചെലവുകളും കഴിഞ്ഞാണ് ഈ തുക. ആഴ്ചതോറും തുക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലെത്തും. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയൊന്നുംതന്നെയില്ലാതെ മാസം ഇരുപതിനായിരത്തിലധികം രൂപ സമ്പാദിക്കാന്‍ കഴിയുന്ന ജോലി സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്.

എന്നാല്‍, ചില സമയങ്ങളില്‍ മോശം അനുഭവങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട് പലര്‍ക്കും. സാങ്കേതികമായ കാലതാമസങ്ങള്‍ക്കുപോലും വളരെ മോശമായ പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് ആക്ഷേപം.

കൂടുതല്‍ സമ്പാദിക്കണമെന്ന മോഹം വാഹനങ്ങളുടെ അമിതവേഗത്തിലേക്ക് നയിക്കുന്ന സ്ഥിതിയുണ്ടെന്ന അനുഭവവുമുണ്ട്. ആവശ്യക്കാരന്റെ സ്ഥാനം കണ്ടെത്താന്‍ കൂടുതല്‍ ശ്രദ്ധ മൊബൈലിലേക്ക് ആകുന്നത് അപകടങ്ങള്‍ക്കിടയാക്കും.

ഒട്ടേറെ സാധാരണക്കാര്‍ ജീവിതോപാധിയായി സ്വീകരിച്ച ഈ വേഷം മറ്റു സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി സ്വീകരിക്കുന്ന പ്രവണത മറ്റു നഗരങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയുമായി കൈകോര്‍ത്തത് സാമ്പത്തികലാഭം മാത്രം നോക്കിയല്ല. സാധനങ്ങള്‍ കൂടുതല്‍ ചെലവാകുന്നു എന്ന നേട്ടം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. പക്ഷേ, ഹോട്ടല്‍ വ്യവസായത്തിന്റെ ഭാവി ഇത്തരം സംവിധാനങ്ങളിലായിരിക്കും എന്നതുറപ്പാണ്. കൊല്ലം നഗരത്തില്‍ ലഭിച്ച സ്വീകാര്യത ഇതിനുദാഹരണമാണ്.

-ആര്‍.ചന്ദ്രശേഖരന്‍

(ജില്ലാ സെക്രട്ടറി, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍)

മുന്‍പ് ഒരു സ്വകാര്യ വാഹന കമ്പനിയില്‍ സെയില്‍സ് അഡൈ്വസര്‍ ആയിട്ടാണ് ജോലി ചെയ്തിരുന്നത്. അന്നത്തേക്കാള്‍ വരുമാനം ഈ ജോലിയിലൂടെ ലഭിക്കുന്നുണ്ട്. ആഴ്ചതോറും ചെലവുകള്‍ എല്ലാം കഴിഞ്ഞ് ആറായിരത്തോളം രൂപ കിട്ടാറുണ്ട്. മാനസികസംതൃപ്തി നല്‍കുന്ന, ആസ്വദിച്ചുചെയ്യാന്‍ കഴിയുന്ന ജോലിയാണിത്.

-അന്‍ഷാദ് നൗഷാദ്

(വിതരണ ജീവനക്കാരന്‍, സൊമാറ്റോ)

സാമ്പത്തികലാഭമാണ് സ്ഥിരമായി ഇവ ഉപയോഗിക്കാനുള്ള കാരണം. ഒട്ടേറെ ഓഫറുകളും കാഷ് ബാക്കും ഒക്കെ ലഭിക്കാറുണ്ട്. ഹോട്ടല്‍ വരെയുള്ള യാത്രയും ലാഭിക്കാം. ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള ഹോട്ടലില്‍നിന്നു തിരഞ്ഞെടുക്കാം എന്ന സൗകര്യവുമുണ്ട്.

-സിദ്ധാര്‍ഥ്

(സ്ഥിരം ഉപഭോക്താവ്, ബാങ്ക് ജീവനക്കാരന്‍)

Content Highlights: Online food, food news