കൊല്‍ക്കത്തയില്‍ പിയാലി ഗോഷും ചൈന്നെയില്‍ ജയലക്ഷ്മിയും എഴുതിയ ചരിത്രം തിരുവനന്തപുരം നഗരത്തില്‍ എഴുതുന്നത് അന്‍പതിലേറെപ്പേര്‍ ഒരുമിച്ചുചേര്‍ന്നാണ്. ആണുങ്ങള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ സ്ത്രീകള്‍ ചുവടുറപ്പിച്ചുകഴിഞ്ഞു. നഗരത്തിന്റെ തിരക്കിലൂടെ സ്ത്രീകള്‍ ഇരുചക്രവാഹനങ്ങളില്‍ ഭക്ഷണപ്പൊതികളുമായി ഉപഭോക്താവിന്റെ അരികിലേക്കു ചെല്ലുന്നതിപ്പോള്‍ സ്ഥിരംകാഴ്ചയാണ്. 

'ഇത്രയും സ്വാതന്ത്ര്യം നല്‍കുന്ന വേറെ ഏതുജോലിയുണ്ട്. ഇഷ്ടംപോലെ ജോലി ചെയ്യാം. ആരും ചോദിക്കാന്‍ വരില്ല, താത്പര്യമുള്ളപ്പോള്‍ മാത്രം ജോലിക്കിറങ്ങുക, ചെയ്ത ജോലിയുടെ കാശ് വാങ്ങി വീട്ടില്‍പ്പോകുക' വട്ടപ്പാറ സ്വദേശിയായ ശശികലയുടെ വാക്കുകളാണിത്. കഴിഞ്ഞ ഒന്‍പത് മാസമായി ശശികല 'ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വുമണാ'യി ജോലി ചെയ്യുകയാണ്. ഈ മേഖലയില്‍ തിരുവനന്തപുരം നഗരത്തിലെ ഏറ്റവും പരിചിതമുഖം കൂടിയാണ് ശശികല. 
കേശവദാസപുരത്ത് ബ്യൂട്ടീഷ്യന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ശശികല. രാത്രി ഏഴരവര ബ്യൂട്ടീഷ്യന്‍ ജോലി ചെയ്താലും വീട് മുന്നോട്ടുകൊണ്ടുപോകാന്‍ വലിയബുദ്ധിമുട്ടാണ്. അതിനിടെയിലാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ചെയ്യാന്‍ ആളുകളെ ആവശ്യപ്പെട്ടുള്ള പരസ്യം ശ്രദ്ധയില്‍പ്പെട്ടത്. കമ്പനിയില്‍ പോയി താത്പര്യം അറിയിച്ചു. അന്നുമുതല്‍ നഗരത്തിലെ ഡെലിവറി വുമണായി ശശികല മാറി. ഇപ്പോള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും പരിചയസമ്പന്നതയും ശശികലയ്ക്കാണ്. കൂടുതല്‍പ്പേരെ ഈ ജോലിയിലേക്ക് ആകര്‍ഷിക്കാനായിയെന്ന ചാരിതാര്‍ഥ്യവും ശശികലയ്ക്കുണ്ട്.

ആദ്യം അത്ഭുതം പിന്നെ ആദരം

ഓര്‍ഡര്‍ ചെയ്ത സാധനവുമായി കടന്നുചെല്ലുമ്പോള്‍ മിക്കവരും അത്ഭുതത്തോടെയാണ് നോക്കുന്നതെന്ന് മലയിന്‍കീഴ് സ്വദേശിനി ഉഷ പറയുന്നു. ഓ, നിങ്ങളും ഈ മേഖലയിലുണ്ടോ, അത്ഭുതമായിരിക്കുന്നല്ലോ, എന്തായാലും നല്ല കാര്യം. ആരെയും ആശ്രയിക്കാതെ സ്വന്തംനിലയില്‍ വരുമാനം ഉണ്ടാക്കാമല്ലോയെന്ന വാക്കുകള്‍ ഏറെ ആത്മവിശ്വാസം നല്‍കാറുണ്ടെന്ന് അവര്‍ പറയുന്നു. ഈ മേഖലയിലുള്ള മറ്റു സ്ത്രീകളുമായും നല്ല അടുപ്പമുണ്ട്. അതിനാല്‍തന്നെ ഓരോ റൂട്ടിലേയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് എത്രയും വേഗം ഭക്ഷണം എത്തിക്കാനാകുന്നുണ്ട്. മിക്കവരും സുഹൃത്തുക്കളുമാണ്. ചിലയിടങ്ങളില്‍ ചെല്ലുമ്പോള്‍ എങ്ങനെയാണ് ഈ ജോലിയിലേക്കു വരാന്‍ സാധിക്കുക, എത്രരൂപ വരെ കിട്ടും എന്നുള്ള ചോദ്യങ്ങള്‍ ഒക്കെ ഉണ്ടാകാറുണ്ട്. എല്ലാത്തിനും മറുപടി നല്‍കി വേഗം അടുത്ത ഓര്‍ഡറിനായി ചെല്ലും. പരമാവധി ഓര്‍ഡര്‍ കൊടുത്താലല്ലേ, നമുക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കൂവെന്നും പറഞ്ഞ് അവര്‍ അടുത്ത ഓര്‍ഡറിനായി പായുന്നു. 

ഒരു പ്രശ്നവുമില്ല
സ്ത്രീ ആയതുകൊണ്ട് ഇതുവരെയും ഒരു പ്രശ്‌നവും ഒരിടത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് പാങ്ങോട് സ്വദേശിയായ അനു പറഞ്ഞു. മറ്റുള്ള മിക്കവരുമായി നല്ല അടുപ്പമുണ്ട്. ഒരാളും പരാതി പറഞ്ഞ് കേട്ടിട്ടില്ല. മറിച്ച് എല്ലാവരും സന്തോഷത്തോടുകൂടിയാണ് തങ്ങളെ സ്വീകരിക്കുന്നതെന്നും അവര്‍ പറയുന്നു. രാത്രി ആകുമ്പോള്‍ തനിയെ പോകാന്‍ മടി ഉള്ളവര്‍ സഹോദരങ്ങളെയോ സുഹൃത്തുക്കളെയോ ഒപ്പംകൂട്ടി പോകാറുണ്ട്. വഴിപരിചയം കുറവായവരാണ് സാധാരണ ഇങ്ങനെ ചെയ്യുന്നത്. പരിചയം ആകുന്നതോടെ എത്ര വൈകി വേണമെങ്കിലും ജോലിക്കു കയറാന്‍ അവരും തയ്യാറാകും. ഉപഭോക്താക്കള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാറില്ല. ഭക്ഷണം വിതരണം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ മാത്രം ഓഫീസില്‍ അറിയിക്കണം. സ്വന്തം ഇഷ്ടത്തോടെ മാത്രം ജോലി ചെയ്യുന്നവരെയെ നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കൂവെന്നും അനു പറയുന്നു. കൂടെ ജോലി ചെയ്യുന്ന പുരുഷന്മാരും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

കുടുംബം, പിന്തുണ
കുടുംബത്തിന്റെ പിന്തുണയാണ് ഇതില്‍ പ്രധാനം. ഈ ജോലിക്കൊന്നും പോകണ്ടായെന്ന് അവര്‍ പറഞ്ഞാല്‍ തീര്‍ന്നു. മറ്റേതു ജോലിയേക്കാളും നല്ല വരുമാനം ഉണ്ടാക്കാമെന്നും എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ എത്താമെന്നും അവരെ പറഞ്ഞുമനസ്സിലാക്കുക. പ്രധാന നഗരങ്ങളിലെല്ലാം ഫുഡ് ഡെലിവറി ചെയ്യാന്‍ സ്ത്രീകളും ഉണ്ടെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തിയാല്‍ മതി. ജോലിക്കിറങ്ങിയ അന്നുമുതല്‍  ഭര്‍ത്താവും മക്കളും പൂര്‍ണ പിന്തുണ നല്‍കാറുണ്ടെന്ന് ഉഷ പറയുന്നു. കുടുംബത്തിലേക്കു നല്ലൊരു വരുമാനം കൊണ്ടുവരാന്‍ പറ്റും. അതുപോലെ മക്കളെയൊക്കെ നല്ല രീതിയില്‍ പഠിപ്പിക്കാനും ആരുടെ മുന്നിലും പൈസയ്ക്കായി കൈ നീട്ടേണ്ടി വരില്ലെന്നതും പ്രധാനമാണ്. ഇനി വേണമെങ്കില്‍ ആരെയെങ്കിലും സഹായിക്കാനും പറ്റും. അങ്ങനെ കുടുംബത്തിലും സമൂഹത്തിലും എല്ലാം നല്ലൊരു വില ഈ ജോലി നല്‍കുന്നതായി ബിന്ദു പറയുന്നു. ബന്ധുക്കള്‍ പറഞ്ഞറിഞ്ഞ് ഈ ജോലിയിലേക്കു കടന്നുവന്നവരും ഒട്ടേറെയാണ്.

നഴ്സ് മുതല്‍ എം.എ.ക്കാരിവരെ
വീട്ടില്‍ വെറുതെ ഇരിക്കുന്നവര്‍ അല്ല ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയില്‍ ജോലി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഊബര്‍ ഈറ്റ്സിലും സൊമാറ്റോയിലുമാണ് സ്ത്രീകള്‍ ഏറെയും ജോലിക്കുള്ളത്. അതില്‍തന്നെ വര്‍ഷങ്ങളായി വിവിധ ജോലി ചെയ്തുവന്നിരുന്നവരുമുണ്ട്. 12 വര്‍ഷത്തോളം നഴ്സ് ആയി ജോലി ചെയ്തയാളാണ് പേയാട് സ്വദേശിയായ ഉഷ. ഇഷ്ടമുള്ള ദിവസം പോയാല്‍ മതിയെന്നതാണ് ഈ ജോലിയിലേക്കു മാറാന്‍ കാരണം. അതുപോലെ പി.ജി. കഴിഞ്ഞിട്ട് ഓഫീസ് അഡ്മിനിസ്ട്രേഷനില്‍ ജോലി ചെയ്തുവന്നവരാണ് അനു. എന്തിനും ഏതിനും ഓഫീസില്‍ മേലധികാരിയുടെ അനുവാദം വാങ്ങണം. ഒരുദിവസം ഇത്തിരി നേരത്തെ പോകണമെന്ന് കരുതിയാലും ഓഫീസ് ജോലി ചെയ്യുമ്പോള്‍ നടക്കില്ല. ഈ ജോലിക്കു അങ്ങനെയൊന്നും ഇല്ല, പണിയെടുത്താല്‍ മാത്രം കൂലി. അതുപോലെ അവനവന്‍ തന്നെ ബോസും. കോേളജ് വിദ്യാര്‍ഥിനികളും ഫുഡ് ഡെലിവറി ഗേളായി വരുന്നുണ്ട്. 
വൈകുന്നേരങ്ങളിലാണ് ഇവര്‍ ഏറെയും വരുന്നത്. വട്ടച്ചെലവിനും ഡ്രസ് വാങ്ങാനും മറ്റും കാശുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് ഈ ജോലിയിലേക്ക് ആകര്‍ഷിച്ചതെന്ന് നഗരത്തിലെ പ്രമുഖ കോേളജിലെ വിദ്യാര്‍ഥിനി പറയുന്നു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയിലേക്ക് ഒട്ടേറെ യുവതികള്‍  കടന്നുവരുന്നുണ്ടെന്നും അവര്‍ പറയുന്നു. 

ഇവിടെ ആണിനും പെണ്ണിനും ഒരേ കൂലി
ദിവസവും ഏറ്റവും കുറഞ്ഞത് ആയിരം രൂപയെങ്കിലും വരുമാനമുണ്ടാക്കാം. അതില്‍ പാതി വീട്ടില്‍ ചെലവായാലും 500 രൂപ എങ്കിലും സേവ് ചെയ്യാം. ഏഴായിരത്തിനും എണ്ണായിരത്തിനും മാസശമ്പളത്തില്‍ ജോലിചെയ്തിരുന്നതില്‍നിന്ന് അതിന്റെ ഇരട്ടി തുക കരുതിവെക്കാമെന്ന സ്ഥിതിയിലേക്കു മാറി. തുടക്കത്തില്‍ തന്നെ ഇത്രയും ശമ്പളം നല്‍കുന്ന വേറെ ഏതു ജോലിയുണ്ടെന്നും ഈ മേഖലയിലുള്ളവര്‍ ചോദിക്കുന്നു. 
ഇവിടെ ആണിനും പെണ്ണിനും ഒരേ കൂലിയാണ്. കൂടുതല്‍ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം. അത്രയേയുള്ളൂ. പിന്നെ ലോകകപ്പ് ക്രിക്കറ്റ് പോലെ മത്സരങ്ങള്‍ നടക്കുന്ന സമയത്തും കമ്പനി വക പ്രത്യേക ഓഫറുകള്‍ ഉണ്ട്. കൂടുതല്‍ ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഇന്‍സെന്റീവും ലഭിക്കാറുണ്ട്. അതുകൂടി കിട്ടുമ്പോള്‍ മികച്ചൊരു വരുമാനം മാസത്തില്‍ സേവ് ചെയ്യാന്‍ പറ്റും. കുറച്ചൊന്നു കഷ്ടപ്പെടാന്‍ തയ്യാറാണെങ്കില്‍ നല്ല വരുമാനം ഉണ്ടാക്കാമെന്ന് എല്ലാവരും പറയുന്നു. ചെയ്ത ജോലിയുടെ കൂലി അന്നന്ന് തന്നെ ലഭിക്കുമെന്നതും പ്രധാനമാണ്. ഓഫീസ് സമയത്ത് മാത്രവും അതുപോലെ രാത്രി ഏറെവൈകിയും ജോലി ചെയ്യുന്ന സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. 
കിലോമീറ്ററുകള്‍ വണ്ടി ഓടിക്കുക, വെയിലും മഴയും തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ലഭിക്കുന്ന നല്ല വരുമാനം തന്നെയാണ് ഈ ജോലിയുടെ ഏറ്റവും വലിയ ആകര്‍ഷണമെന്ന് നഗരത്തിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിമെന്‍സ് ഒരേസ്വരത്തില്‍ പറയുന്നു.

Content Highlights: Online food, Online food delivery,Food, Women for online food delivery