ഒരൊറ്റ ക്ലിക് മതി ഇഷ്ടഭക്ഷണം തീന്‍മേശയില്‍ എത്താന്‍... പ്രായഭേദമെന്യേ ഇന്ന് കൊച്ചിക്കാര്‍ ഏറ്റെടുത്ത ഒരു ഭക്ഷണസംസ്‌കാരമാണിത്. ഇക്കൂട്ടരെ പ്രീതിപ്പെടുത്തുന്നതിനായി ഒട്ടനവധി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളും രംഗത്തുണ്ട്. അടുക്കളയില്‍നിന്ന് ഹോട്ടല്‍ സംസ്‌കാരത്തിലേക്കാണ് ആദ്യം മലയാളികള്‍ ചേക്കേറിയത്.

മാസത്തിലൊരിക്കല്‍ കുടുംബവുമൊന്നിച്ച് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശൈലി പിന്നീട് 'വീക്കെന്‍ഡ് ഔട്ടിങ്' എന്ന ചെല്ലപ്പേരിട്ട് ആഴ്ചയിലൊരിക്കലായി. കാലക്രമേണ ഹോം ഡെലിവറി രീതി ഹോട്ടലുകളും സ്വീകരിച്ചുപോന്നു. പഴയകാലത്തെ പാഴ്സല്‍ സിസ്റ്റത്തെയാണ് ഇന്ന് ഈ ഓണ്‍ലൈന്‍ ഭക്ഷണസംസ്‌കാരം മാറ്റിമറിച്ചത്.

ഫാസ്റ്റ് ഫുഡ് മാത്രമല്ല, ഓഫീസുകളിലേക്കും വീടുകളിലേക്കും 'ഇലയൂൺ' എത്തിക്കുന്ന തനി നാടന്‍ സ്റ്റാര്‍ട്ടപ്പുകളും നമുക്കു ചുറ്റുമുണ്ട്. 'ഊബര്‍' 'ഈറ്റ്സ്', 'സ്വിഗ്ഗി', 'സൊമാറ്റോ' തുടങ്ങിയ ആപ്പുകള്‍ മുതല്‍ ഇല ഊണുകള്‍ വിളമ്പുന്ന 'മൈ സഹായി.കോം', 'പൊതിച്ചോറ്' തുടങ്ങിയ വെബ്സൈറ്റുകളും ഈ മേഖലയിലുണ്ട്.

ലൈംജ്യൂസുണ്ട്, ഐസ്‌ക്രീമുണ്ട്, ബിരിയാണിയുമുണ്ട്...

ഒരു ലൈംജ്യൂസ് മുതല്‍ ടീം ലഞ്ച് വരെ ഒരു മൊബൈല്‍ ഫോണിന്റെ സഹായത്താല്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പുകളുടെ പ്രത്യേകത. കൊച്ചിയിലെ ഭൂരിഭാഗം എല്ലാ ഹോട്ടലുകളുംതന്നെ ഈ കുഞ്ഞുലോകത്തിന്റെ ഭാഗഭാക്കാണ്. ഫുഡ് ഡെലിവറി ആപ്പുകളില്‍ കയറി ഇഷ്ടഭക്ഷണം കാര്‍ട്ടിലേക്ക് ഓര്‍ഡര്‍ ചെയ്യുകയേ വേണ്ടൂ. പല ഹോട്ടലുകളില്‍നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

ഓര്‍ഡര്‍ ചെയ്ത് കുറഞ്ഞത് പതിനഞ്ചു മിനിറ്റില്‍ത്തന്നെ ഇവ നമ്മുടെ തീന്‍ മേശയില്‍ എത്തുകയും ചെയ്യും. ഡിസ്‌ക്കൗണ്ട് റേറ്റില്‍ ഭക്ഷണം വാങ്ങാന്‍ ഉള്ള സൗകര്യമാണ് ഏറെപ്പേരെയും ഈ സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നത്. പത്തു ശതമാനം മുതലുള്ള ഡിസ്‌ക്കൗണ്ടുകളാണ് ആപ്പുകളില്‍ ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത്.

വ്യത്യസ്ത കൂപ്പണുകള്‍ ഉപയോഗിച്ച് പകുതിവിലയ്ക്കു പോലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. റെഫറല്‍ കോഡ് ഉപയോഗിച്ചാണ് ആദ്യ ഉപയോഗമെങ്കില്‍ ആദ്യ മൂന്ന് ഓര്‍ഡറുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

കൊച്ചിപോലൊരു നഗരത്തില്‍ എന്നും ഹോട്ടല്‍ ഭക്ഷണം അസാധ്യമാണ്. ഒരിക്കലും മാറാത്ത ബ്ലോക്കും കുറഞ്ഞ കാര്‍ പാര്‍ക്കിങ് സൗകര്യവുമെല്ലാം കൊച്ചിക്കാരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കുടുംബവുമായി പുറത്തുപോകണമെങ്കില്‍ത്തന്നെ ബ്ലോക്ക് പേടിച്ചും പാര്‍ക്കിങ് ഇല്ലാത്തതിനാല്‍ പോലീസിന്റെ പെറ്റി പേടിച്ചുമാണ് സ്വന്തം വണ്ടി എടുക്കുന്നതുതന്നെ. യാത്ര ഒരു പ്രശ്‌നമായി തോന്നുന്ന സമയത്താണ് ഇത്തരം ഫുഡ് ഡെലിവറി ആപ്പുകള്‍ നഗരത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.

ഈ ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെതന്നെ 'വീട്' എന്ന സ്വാതന്ത്ര്യത്തില്‍ ഒതുങ്ങി ഇഷ്ടഭക്ഷണം സ്വാതന്ത്ര്യത്തോടെ കഴിക്കാന്‍ സാധിക്കുമെന്നതും കൊച്ചിയിലെ കുടുംബങ്ങളെ ആപ്പുകളിലേക്ക് ആകര്‍ഷിക്കുന്നു.

Food

ഓഫീസിലെത്തും 'ഇലയൂൺ'

'തൂശനിലയിട്ട് തുമ്പപ്പൂച്ചോറ്' ഉണ്ണുന്നത് മലയാളിക്ക് എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയാണ്. വാട്ടിയ വാഴയിലയില്‍ ഊണുകഴിക്കുന്നത് പഴയകാലം എന്ന് പറയാന്‍ വരട്ടേ... ഓഫീസില്‍ ഉച്ചയ്ക്ക് ഭക്ഷണസമയം ആകുമ്പോഴേക്കും ഇലയൂണ് മുന്നിലെത്തും. കൊച്ചിയിലെ, 'ഒരു പൊതിച്ചോറ്' എന്ന വെബ്സൈറ്റാണ് ഇലയൂണ് ഒരുക്കുന്നത്. വെബ്സൈറ്റിലൂടെ ഭക്ഷണം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ കറികള്‍ ഇവര്‍ നല്‍കും. നോണ്‍ വെജിറ്റേറിയനില്‍ ചിക്കന്‍, മീന്‍, മുട്ട എന്നിവയായിരിക്കും വിഭവങ്ങള്‍. ചിക്കന്‍ ബിരിയാണിയും ഇവരുടെ ലിസ്റ്റിലുണ്ട്. വെജിറ്റേറിയന്‍ ഊണിന് 60 രൂപയും നോണ്‍ വെജിറ്റേറിയന്‍ ഊണിന് 100 രൂപയുമാണ് വില. രാവിലെ 11 മണിക്കു മുമ്പ് ഓര്‍ഡര്‍ ചെയ്താല്‍ ഒരു മണിക്ക് ഓഫീസില്‍ ഇലയൂണ് റെഡി.

ഇന്‍ഫോപാര്‍ക്കിലെ 'ടെക്കി'കള്‍ ആണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നതെന്ന് 'ഒരു പൊതിച്ചോറ്' സംഘാംഗം ലജീഷ് പറഞ്ഞു. മുതിര്‍ന്ന പൗരന്മാരും രജിസ്റ്റര്‍ ചെയ്യുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്. 'മൈ സഹായി.കോം', 'ഉണ്ടോ' തുടങ്ങിയ വെബ്സൈറ്റുകളും ഇലയൂണ് സംരംഭങ്ങള്‍ നടത്തുന്നുണ്ട്.

യുവാക്കളെ ആകര്‍ഷിക്കുന്നതൊഴിലവസരങ്ങള്‍

ഒരു ഇരുചക്രവാഹനവും സ്മാര്‍ട്ട് ഫോണും... ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ ഡെലിവറി ബോയുടെ തസ്തികയ്ക്ക് വേണ്ട യോഗ്യത ഇതുമാത്രമാണ്. ഫുള്‍ടൈം ജോലി ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. താത്പര്യം പോലെ സ്വന്തം ഇഷ്ടത്തിന് ചെയ്യാനും സാധിക്കും. ഒപ്പം ആകര്‍ഷകമായ ശമ്പളവും.

കോളേജിന് ശേഷമോ, ഒരു ഷിഫ്റ്റ് മാത്രം ജോലി ഉള്ളവര്‍ക്കോ, ഓഫീസ്‌ ജോലി കഴിഞ്ഞതിനു ശേഷമോ, എപ്പോള്‍ വേണമെങ്കിലും 'ഡെലിവറി ബോയ്' ആയി ജോലി ചെയ്യാം.

'ഊബര്‍ ഈറ്റ്സ്', 'സ്വിഗ്ഗി', 'സൊമാറ്റോ' തുടങ്ങിയ ഡെലിവറി ആപ്പുകള്‍ക്കാണ് ഇഷ്ടക്കാരേറെ. രാവിലെയെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് യുവാക്കള്‍ ഈ മേഖലയില്‍ ഭക്ഷണം എത്തിക്കാന്‍ ജോലിചെയ്യുന്നത്. ഡെലിവറി ജോലിക്കായി എത്തുന്ന കോളേജ് വിദ്യാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ടെന്നാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.

നിലവില്‍ പെണ്‍കുട്ടികളും ഈരംഗത്തേക്ക് കടന്നുവരുന്നുണ്ട്. തങ്ങളുടെ ജോലിയെല്ലാം കഴിഞ്ഞ രാത്രിസമയങ്ങള്‍ ആണ്‍കുട്ടികള്‍ ഏറ്റെടുക്കുമ്പോള്‍ രാവിലെ മുതല്‍ വൈകീട്ട് ആറര വരെയുള്ള സമയമാണ് പെണ്‍കുട്ടികള്‍ കൈയടക്കുന്നത്. അതത് ഫുഡ് ഡെലിവറി ആപ്പുകളുടെ ഓഫീസില്‍ച്ചെന്ന് ബൈക്കിന്റെ രേഖകളും മറ്റു രേഖകളും സമര്‍പ്പിച്ചാണ് യുവാക്കള്‍ ഇതിന്റെ ഭാഗമാകുന്നത്.

Food

15 ശതമാനം പെണ്‍കുട്ടികള്‍

ആദ്യം മടിച്ചിരുന്നെങ്കിലും ഭൂരിഭാഗം ആണ്‍കുട്ടികളാ ണെങ്കിലും ഡെലിവറി ഗേള്‍സ് 15 ശതമാനം പേരാണ് ജോലി ചെയ്യുന്നത്. കാക്കനാട് സ്വദേശിനിയായ പ്രിയ പ്രിന്‍സ് കഴിഞ്ഞ നാലു മാസമായി ഈ രംഗത്ത് ജോലിചെയ്യുന്നു. ഇവന്റ് മാനേജ്മെന്റ് രംഗത്ത് ജോലിചെയ്തുകൊണ്ടാണ് പ്രിയ ഈ മേഖലയിലും തന്റേതായ സ്ഥാനം നേടിയെടുത്തത്.

''വളരെ സൗകര്യപ്രദമായ രീതിയില്‍ ജോലി ചെയ്യാം എന്നതിനാലാണ് ഞാന്‍ ഈ ജോലി തിരഞ്ഞെടുത്തത്. ഉച്ചയ്ക്ക് 12 മുതല്‍ അഞ്ച് വരെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ മോശമായ ഒരു അനുഭവവും തോന്നിയിട്ടില്ല. എന്നെപ്പോലെ ഒട്ടനവധി സ്ത്രീകള്‍ ഈ മേഖലയിലുണ്ട്. നിലവില്‍ മാസം 20,000 രൂപ വരെ സമ്പാദിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്ന് പ്രിയ പറയുന്നു. വണ്ടി ഓടിക്കാനറിയാവുന്ന വീട്ടമ്മമാരും ഈ മേഖലയില്‍ ഉണ്ട്. സ്ത്രീകള്‍ കൂടുതലായി 12 മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയമാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. വീട്ടിലെ ജോലികള്‍ എല്ലാം കഴിഞ്ഞ് ജോലിക്ക് ഇറങ്ങാന്‍ സാധിക്കും. തിരികെ അഞ്ചു മണിക്ക് ജോലിതീര്‍ത്ത് വീട്ടില്‍ എത്താനും സാധിക്കും. നമ്മള്‍ നാവിഗേറ്റ് ചെയ്യുന്ന റൂട്ട് കമ്പനിക്കാര്‍ക്ക് ട്രാക് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഈ ജോലിയില്‍ ഒട്ടും പേടിക്കേണ്ട കാര്യമില്ല. കമ്പനി മാനേജ്മെന്റ് വളരെ പിന്തുണയാണ് ഈ മേഖലയില്‍ നല്‍കുന്നത്'' -പ്രിയ പറഞ്ഞു.

മാന്യമായി കാശുണ്ടാക്കാം, ആസ്വദിച്ച് ജോലിചെയ്യാം

''ആസ്വദിച്ച് ജോലിചെയ്ത് മാന്യമായി കാശുണ്ടാക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമായാണ് ഞാന്‍ ഈ 'ഡെലിവെറി ബോയ്' കുപ്പായം അണിഞ്ഞത്. പഠിച്ചതല്ല പ്രവര്‍ത്തിക്കുന്നതെങ്കിലും മുഷിച്ചിലില്ലാതെ ജോലി ചെയ്യാന്‍ എനിക്കാവുന്നുണ്ട്'' -തൃക്കാക്കര സ്വദേശിയായ ഇരുപതുകാരന്‍ അന്‍സിഫിന്റെ വാക്കുകളാണിവ. ''ബി.ബി.എ. ബിരുദം എടുത്തതിന് ശേഷം ജോലിക്കായി പല കമ്പനികളിലും ശ്രമിച്ചു. തുടക്കക്കാരനായതിനാല്‍ 10,000 രൂപയോ അതില്‍ താഴെയോ ആണ് പല കമ്പനികളും ശമ്പളമായി പറഞ്ഞത്. തുടക്കക്കാരനായിരുന്നെങ്കില്‍ പോലും ആ ശമ്പളം പോരാ എന്നാണ് തോന്നിയത്. പിന്നീടാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെപ്പറ്റിയും 'ഡെലിവറി ബോയ്' എന്ന ജോലിയെ കുറിച്ചും അന്വേഷിച്ചത്. അങ്ങനെ 'സ്വിഗ്ഗി'യുടെ ഡെലിവറി ബോയ് ആയി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പാര്‍ട്ട് ടൈം ആയാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ചിലപ്പോള്‍ ഫുള്‍ടൈം ആയും ജോലി ചെയ്യാറുണ്ട്. കഴിഞ്ഞ ഒരു മാസം മാത്രം 35,000 രൂപയാണ് ശമ്പളമായി ലഭിച്ചത്''.

'മഴയത്ത് ബ്ലോക്കില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാവില്ലേ' എന്ന ചോദ്യത്തിന്, 'അതാണ് ഏറ്റവും ആസ്വദിക്കുന്നത്' എന്നായിരുന്നു അന്‍സിഫിന്റെ മറുപടി. ''മഴയത്ത് ഡെലിവറി ചെയ്യുമ്പോഴാണ് ലാഭം കൊയ്യാന്‍ സാധിക്കുക. മഴയത്ത് കുറഞ്ഞത് ഇരുപത്തിയഞ്ച് രൂപയെങ്കിലും അധികമായി ലഭിക്കും'' -അന്‍സിഫ് പറഞ്ഞു. ''എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാവുന്ന, തോന്നുമ്പോള്‍മാത്രം ജോലി ചെയ്യാന്‍ കഴിയുന്ന ജോലിയായാണ് ഞാന്‍ ഇതിനെ കാണുന്നത്'' - അന്‍സിഫ് കൂട്ടിച്ചേര്‍ത്തു.

ജോലി എളുപ്പമാക്കാന്‍ ആശ്രയിക്കുന്നത്

"രാത്രി വൈകി ഓഫീസില്‍നിന്നെത്തുന്ന സമയത്തും ഒഴിവുദിനങ്ങളിലുമാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കാറുള്ളത്. ഒഴിവു കിട്ടുന്ന ഒരു ദിനമെങ്കിലും വിശ്രമിക്കാം എന്ന ചിന്തയാണ് ഇതിനു പിന്നില്‍. ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുക എന്നതും ഇഷ്ടമാണ്. എന്നാല്‍ തകര്‍ന്ന റോഡും ബ്ലോക്കുമെല്ലാം പലപ്പോഴും മനസ്സ് മടുപ്പിക്കും. ഓര്‍ഡര്‍ ചെയ്താല്‍ വളരെ പൈട്ടന്നുതന്നെ എത്തുമെന്നതിനാല്‍ പല ടെന്‍ഷനുകളാണ് കുറഞ്ഞു കിട്ടുന്നത്. ഒപ്പം കുടുംബത്തിലെ ഓരോരുത്തര്‍ക്കും വേണ്ട വ്യത്യസ്ത ഭക്ഷണം ഒരുമിച്ച് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നതും സഹായകരമാണ്."-ഐസക് പീറ്റര്‍ ചെറിയാന്‍, (സ്മാര്‍ട്ട് സിറ്റി, കാക്കനാട്)

മലയാളികളെ കൂടുതല്‍ മടിയന്മാരാക്കുന്നു

"ഇത്തരം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ മലയാളികളെ കൂടുതല്‍ മടിയന്മാരാക്കുന്ന ഒരു ആശയമാണ്. പുറത്തിറങ്ങി ഹോട്ടലുകളില്‍ എത്തുന്ന ആയാസംപോലും ഇന്ന് കേരളീയര്‍ക്ക് അന്യമാവുകയാണ്. ഒരു 'ഫാറ്റി സംസ്‌കാര'മാണ് ഇവിടെ ഉയരുന്നത്. പുറത്തുനിന്ന് വല്ലപ്പോഴും കഴിക്കുന്ന ശീലംമാറി ആഴ്ചയില്‍ പലവട്ടം വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്യുന്ന രീതിയാണ് ഇവിടെ നിലവില്‍ സ്വീകരിക്കുന്നത്. ഭക്ഷണത്തോട് ഒരു 'അഡിക്ടീവ്' സ്വഭാവമാണ് ഇത് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം തന്നെ ഹോട്ടല്‍ ഭക്ഷണത്തിലെ 'പ്രിസര്‍വേറ്റീവ്'സും ശരീരത്തിലേക്കെത്തുന്ന അളവ് കൂടുന്നു.

ഭാവിയിലേക്ക് ഒട്ടനവധി അസുഖങ്ങള്‍ വരുന്നതിനുള്ള കാരണമായി ഇത് മാറിയേക്കാം. ചൂടുള്ള ആഹാരങ്ങള്‍ പ്ലാസ്റ്റിക് അടക്കമുള്ള പാത്രങ്ങളില്‍ ശേഖരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അലുമിനീയം ഫോയിലുകളില്‍ പോലും പായ്ക്ക് ചെയ്യുന്ന ഭക്ഷണങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല." ഡോ. ജെഫി ജോര്‍ജ് (കണ്‍സള്‍ട്ടന്റ് ഗാസ്ട്രോ എന്‍ട്രോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി)

Content highlights: online food delivery startups