ഭക്ഷണത്തെ വയറ്റിലാക്കുന്നതിലൂടെ വൈറലായ തീറ്ററപ്പായി ചേട്ടന്റെ നാടാണ് തൃശ്ശൂര്‍. ലോകത്തെ ഏത് നഗരത്തിലേതുംപോലെ തൃശ്ശൂരും ഇപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണവിപ്ലവത്തിന് കൊടിപിടിച്ചിരിക്കുകയാണ്.

പോക്കറ്റിനു കനവും നാക്കിലെ രസമുകുളങ്ങള്‍ക്ക് നല്ല പ്രവര്‍ത്തനക്ഷമതയുമുള്ള ഒരു വിഭാഗം ആളുകള്‍ ഫുഡ് ഹോം ഡെലിവറി കമ്പനികളുടെ ആരാധകരായി മാറിയിരിക്കുകയാണ്.

പണ്ട് അപ്പാപ്പന്‍ ചായക്കടയില്‍നിന്ന് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരാറുള്ള പരിപ്പുവടയുടെയും, കുഞ്ഞാപ്പന്‍ ഹോട്ടലീന്ന് പാര്‍സലായി കൊണ്ടുവന്ന മസാലദോശയുടെയും കാലം പിന്നിട്ടു; ഇത് 'ഫുഡ്ഡാപ്പന്റെ' കാലം.

ആപ്പ് അഥവാ ആപ്ലിക്കേഷന്‍ ആണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്കാരുടെ മാര്‍ക്കറ്റ്. കണ്ണടച്ച് തുറക്കും മുന്‌പേ ഇവര്‍ വാര്‍ത്തെടുത്തത്, അല്ലെങ്കില്‍ വറുത്തെടുത്തത് വെറും മാര്‍ക്കറ്റല്ല, ഒരു യമണ്ടന്‍ 'ശക്തന്‍ മാര്‍ക്കറ്റ്' തന്നെയാണ്.

ചില പച്ചക്കറി മാര്‍ക്കറ്റിലൊക്കെ രാത്രി എട്ടുമണി കഴിഞ്ഞാല്‍ പച്ചക്കറിക്ക് വില നേര്‍പ്പകുതിയാകാറുണ്ട്. അതുപോലെ ഫുഡ് ആപ്പിലും ഡിസ്‌കൗണ്ട് ഓഫര്‍ പതിവാണത്രേ! ആടിമാസക്കിഴിവ് വരെ ഉണ്ടെന്നാ പറയപ്പെടുന്നത്.

പിന്നെ കുടുംബങ്ങള്‍ ഇതിലേക്ക് എങ്ങനെ ആകൃഷ്ടരാകാതിരിക്കും!

മമ്മി ഫോണെടുത്തു.

മറുതലയ്ക്കല്‍ മുകളിലെ നിലയില്‍നിന്നും മകളാണ്.

മമ്മീ, ഫുഡ് കഴിച്ചോ?

ആ ഡെലിവറിക്കാരന്‍ ഇപ്പൊ കൊണ്ടുവന്നു തന്നതേ ഉള്ളു... മോള് കഴിച്ചോ?

എനിക്ക് എട്ടുമണിക്കായിരുന്നു മമ്മി ഡെലിവറി... 'പൊറോട്ടയും ബീഫ് ഉലത്തിയതും'.

നിന്റെ ഡാഡി വല്ലതും കഴിച്ചോ ആവോ...?

ഡാഡി 'കട കാലിയാക്കല്‍' ഓഫറില്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തിട്ട് കാത്തിരിക്കുവാ...

മമ്മിക്കാശ്വാസം

അത് നന്നായി മോളെ. 'അത്താഴം അത്തിപ്പഴത്തോളം' എന്നാണല്ലോ പ്രമാണം.

എങ്ങനെയുണ്ട് മമ്മിയും മക്കളും. എല്ലാവരും ഹാപ്പി.

എവിടെ നോക്കിയാലും പുറത്ത് ചതുരത്തിലുള്ള കളര്‍ ബാഗും തൂക്കി പായുന്ന ഹോം ഡെലിവറിക്കാരാണ്. രാപകല്‍ വ്യത്യാസമില്ലാതെ, വഴിയായ വഴികളിലൂടെയൊക്കെ അവര്‍ കുതിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലും ഡൈനിങ് ടേബിളിനു മുന്നില്‍ ചെന്ന് സഡന്‍ ബ്രേക്കിട്ടു നിര്‍ത്താന്‍ വേണ്ടിയാണീ പാച്ചില്‍.

'ഇവിടെ കിട്ടും' എന്ന പരസ്യത്തേക്കാള്‍ 'എത്തിച്ചു തരും' എന്ന പരസ്യത്തിനാണ് കൂടുതല്‍ ആകര്‍ഷണശക്തി എന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ഇത്തരം കമ്പനികള്‍ തഴച്ചുവളരുന്നു. പൊതുജനം അതിനൊപ്പം ചവച്ചും വളരട്ടെ.

Content Highlights: Online Food Delivery