ഓണത്തിന് എളുപ്പത്തിൽ തയ്യാറാക്കാം ഒന്നാന്തരം പരിപ്പ് പ്രഥമൻ


എളുപ്പത്തില്‍ തയ്യാറാക്കാമെന്നതും ശര്‍ക്കരകൊണ്ടാണ് ഉണ്ടാക്കുന്നത് എന്നതിനാല്‍ ആരോഗ്യപ്രദവുമാണ് പരിപ്പ് പായസം.

പരിപ്പ് പ്രഥമൻ

ആലത്തൂര്‍: 'ഉത്രാടത്തിന് പുത്തരിപ്പായസം പരക്കാട്ട് കാവില്‍നിന്ന് കിട്ടും. ഓണത്തിന് ഒരു പായസംകൂടി വേണം. അതിന് പരിപ്പ് പ്രഥമന്‍ വീട്ടില്‍ തയ്യാറാക്കുന്നതാണ് പതിവ്'. കാവശ്ശേരി വടക്കേനട ശ്രീശൈലത്തില്‍ ഷൈലജാ സുന്ദരേശ്വനും അയല്‍വാസിയും കൂട്ടുകാരിയുമായ തത്ത്വമസിയില്‍ രമാസോമനും പരിപ്പ് പായസം തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്.

അത്തംമുതല്‍ തിരുവോണംവരെ ഓരോതരം പായസം തയ്യാറാക്കും. പായത്തില്‍ പ്രധാനികള്‍ അടപ്രഥമനും പാലടയുമൊക്കെയാണെങ്കിലും പരിപ്പ് പ്രഥമന് (പരിപ്പ് പായസം) പാരമ്പര്യവും തറവാടിത്തവും ഏറെയാണ്. എളുപ്പത്തില്‍ തയ്യാറാക്കാമെന്നതും ശര്‍ക്കരകൊണ്ടാണ് ഉണ്ടാക്കുന്നത് എന്നതിനാല്‍ ആരോഗ്യപ്രദവുമാണ് പരിപ്പ് പായസം. ചെറുപയര്‍ പരിപ്പും കടലപ്പരിപ്പും ഉപയോഗിച്ച് പായസം തയ്യാറാക്കാം. ചെറുപയര്‍ പരിപ്പാണ് കൂടുതല്‍ രുചികരം.

തയ്യാറാക്കുന്ന വിധം

പത്തുപേര്‍ക്കുള്ള പായസത്തിന് 250ഗ്രാം പരിപ്പും 600 ഗ്രാം ശര്‍ക്കരയും (വെല്ലം) ആവശ്യമാണ്. കൂടുതല്‍മധുരം ആവശ്യമെങ്കില്‍ 750ഗ്രാം വരെ ശര്‍ക്കരയെടുക്കാം. പരിപ്പ് ഓട്ടുരുളിയില്‍ ചെറുതായി ചൂടാക്കിയെടുക്കണം. ശര്‍ക്കര അല്‍പ്പം വെള്ളമൊഴിച്ച് അടുപ്പില്‍വെച്ച് തിളപ്പിച്ച് പാതിയാക്കണം. ഒന്നരമുറി തേങ്ങചുരണ്ടി ഒന്നുംരണ്ടുംമൂന്നും പാലുകള്‍ പ്രത്യേകം പിഴിഞ്ഞുവെക്കണം. ഓട്ടുരുളി അടുപ്പില്‍വെച്ച് ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചൂടാക്കിയ പരിപ്പും മൂന്നാംപാലും ഒഴിച്ച് വേവിക്കണം. വെന്തുടയുമ്പോള്‍ രണ്ടാംപാലും അരിച്ച ശര്‍ക്കരപ്പാനിയും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ക്കാം. വെന്ത് പാകമാകുമ്പോള്‍ ഒന്നാംപാലും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം.

അരമുറി നാളികേരം ചെറുതായി കൊത്തിയരിഞ്ഞ് ഒരു ടീസ്പൂണ്‍ നെയ്യില്‍ വറുത്ത് കോരിയത് ചേര്‍ത്തിളക്കി തിളച്ചുമറിയുംമുമ്പ് തീയണയ്ക്കാം.

പായസത്തിന്റെ കൊഴുപ്പ് ക്രമീകരിക്കാന്‍ അല്‍പ്പം പച്ചരിപ്പൊടി വെള്ളത്തില്‍ക്കലക്കി ഒഴിക്കാറുണ്ട്. ഇതിനുപകരം പരിപ്പ് വേവിക്കുന്നതിനൊപ്പം ഒരുപിടി പച്ചരികൂടി വേവിച്ചാലും മതി. ഇതാണ് പഴയ രീതിയെങ്കിലും പുതുരീതിയില്‍ വെക്കുമ്പോള്‍ പച്ചരിക്ക് പകരം ചവ്വരിയും ഉപയോഗിക്കും. കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തിടുന്നതും പുതിയ രീതിയാണെന്ന് ഷൈലജയും രമയും പറഞ്ഞു.

Content Highlights: onam 2022, onam celebration, parip predhaman recipe, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented