-
കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരുമൊക്കെ പ്രായഭേദമന്യേ ഇന്ന് ജങ്ക് ഫൂഡുകള്‍ക്ക് അടിമകളാണ്. വീട്ടിലെ നല്ല ഭക്ഷണങ്ങള്‍ക്കു മുമ്പില്‍ മുഖം തിരിച്ച് പണം കൊടുത്ത് അനാരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുന്നവര്‍. ചിട്ടയായ ഭക്ഷണശൈലി കുട്ടികളിലും കൗമാരക്കാരിലുമൊക്കെ ശീലമാക്കേണ്ടതുണ്ടെന്നു പറയുകയാണ് പ്രശസ്ത സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകര്‍. ഹോര്‍മോണിന്റെ സന്തുലിതാവസ്ഥയ്ക്കും ദഹനപ്രക്രിയ സുഗമമാക്കാനും ജങ്ക് ഫൂഡുകളോട് ആസക്തി തോന്നാതിരിക്കാനുമൊക്കെ ഒരു ദിവസം എത്തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നു പറയുന്നു റുജുത. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് റുജുത ടിപ്‌സ് പങ്കുവെക്കുന്നത്.
പ്രാതലിനൊപ്പം പഴങ്ങള്‍
പ്രാതലിനൊപ്പം പഴങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. വാഴപ്പഴമോ മാങ്ങ കൊണ്ടുള്ള മില്‍ക്ക് ഷേക്കോ കഴിക്കാം. ഇവ മാത്രമോ അല്ലെങ്കില്‍ പ്രാതലിനു തയ്യാറാക്കുന്ന ഇഡ്ഡലി, ദോശ, ഉപ്പുമാവ് എന്നിവയ്‌ക്കൊപ്പമോ കഴിക്കാം.
ഗുണങ്ങള്‍- വിറ്റാമിനുകളാല്‍ സമൃദ്ധമായ പഴങ്ങള്‍ ദഹനപ്രക്രിയ സുഗമമാക്കുകയും ഉന്മേഷം നിലനിര്‍ത്തുകയും ജങ്ക് ഫൂഡുകള്‍ കഴിക്കാനുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും.
ലഞ്ചിന് പയര്‍വര്‍ഗങ്ങള്‍
ഉച്ചഭക്ഷണത്തിനൊപ്പം പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതു വളരെ നല്ലതാണ്. ചനാ, വന്‍പയര്‍, ചെറുപയര്‍, കടല തുടങ്ങിയവ ചോറിനൊപ്പം കഴിക്കുന്നത് നല്ലതാണ്. ഒപ്പം അല്‍പം മോരും ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത്.
ഗുണങ്ങള്‍- പ്രോബയോട്ടിക്കുകളും മിനറലുകളും അമിനോ ആസിഡുമൊക്കെ നിറഞ്ഞ ഭക്ഷണരീതിയാണിത്. ഇതും ദഹനപ്രക്രിയയെ സുഗമമാക്കും.
ഇടനേരത്തു കഴിക്കാന്‍
ഇടനേരത്തോ അല്ലെങ്കില്‍ ദിവസത്തിലെ ഏതെങ്കിലും സമയത്തിലോ തൈരും ഉണക്കമുന്തിരിയും കഴിക്കാം.
ഗുണങ്ങള്‍- B12, അയേണ്‍ എന്നിവയാല്‍ സമൃദ്ധമായ ഇവ ആലസ്യം കുറയ്ക്കുന്നതിനൊപ്പം ഹോര്‍മോണുകളെ പുഷ്ടിപ്പെടുത്തുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും.
അത്താഴം ഏഴുമണിക്കു മുമ്പ്
അത്താഴം കിടന്നുറങ്ങുന്നതിന് അല്‍പം മുമ്പ് കഴിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഏഴുമണിക്കു മുമ്പ് അത്താഴം കഴിക്കുന്നതാണ് നല്ലത്. പൂരി, റൊട്ടി, പറാത്ത, വെജ് പുലാവ് എന്നിവ പനീറിനോ സബ്ജിക്കോ ബാജിക്കോ ഒപ്പം കഴിക്കാം. റായ്ത്ത ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഉറങ്ങും മുമ്പ് വിശക്കുന്നുവെങ്കില്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍, മാംഗോ മില്‍ക് ഷേക്, മാങ്ങ, പഴം എന്നിവയിലേതെങ്കിലും കഴിക്കാം.
Content Highlights: nutritionist rujuta diwekar sharing diet tips
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..