തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം നേട്ടങ്ങളാണുള്ളത്. തക്കാളി കൃഷി ചെയ്യാനും വീട്ടില്‍ വളര്‍ത്താനും എളുപ്പമുള്ള ഒന്നാണ്.

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. കറികളില്‍ രുചിയുടെ വകഭേദങ്ങള്‍ ഉണ്ടാക്കാന്‍ തക്കാളിക്ക് കഴിയുന്നു എന്നത് ഇവയെ ദൈനംദിന പാചകത്തിന് ഏറെ പ്രിയങ്കരമായ ഒരു പച്ചക്കറിയാക്കി മാറ്റുന്നു.

തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. മറ്റ് 5% പ്രധാനമായും കാര്‍ബോയും ഫൈബറുമാണ്. ഒരു ഇടത്തരം വലിപ്പമുള്ള തക്കാളി (123 ഗ്രാം) 22 കലോറി മാത്രമേ ഉള്ളൂ.

പോഷകാഹാര വസ്തുതകള്‍:
(100 ഗ്രാം ചുവന്ന തക്കാളി)
കലോറിസ് : 18
ജലം : 95 %
പ്രോട്ടീന്‍ : 0.9 ഗ്രാം
പഞ്ചസാര : 2.6 ഗ്രാം
നാരുകള്‍ : 1.2 ഗ്രാം

ആരോഗ്യ ഗുണങ്ങള്‍
1. ഹൃദയാരോഗ്യത്തിന് :

ഹൃദയസംബന്ധമായ അസുഖങ്ങളാണ് ലോകത്തിലെ ഏറ്റവും സാധാരണമായ മരണകാരണങ്ങള്‍. മധ്യവയസ്‌കരില്‍ നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ കുറവ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു എന്നതാണ്.

ലൈക്കോപീന്‍ എന്നത് തക്കാളിയില്‍ വളരെയധികം കാണുന്ന ഒരു കരോറ്റെനോയിഡ് ആണ്. തക്കാളിയുടെ തൊലിയിലാണ് ഇത് അധികവും ഉള്ളത്. തക്കാളിയുടെ ചുവപ്പുനിറം കൂടുന്നതനുസരിച്ച് ലൈക്കോപീന്‍ അളവും അധികമായിരിക്കും എന്നാണ് കണക്ക്. ലൈക്കോപീന്‍ എന്നത് നമ്മുടെ രക്തക്കുഴലുകള്‍ ആന്തരിക പാളിയില്‍ അവ സംരക്ഷിക്കുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

2. കാന്‍സര്‍ തടയാന്‍:
അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് കാന്‍സര്‍ അല്ലെങ്കില്‍ അര്‍ബുദം. യൂണിവേഴ്സിറ്റി ഓഫ് മോണ്‍ട്രിയല്‍ നടത്തിയ പഠനമനുസരിച്ച്, തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്.
ലൈക്കോപീന്‍ (തക്കാളി പ്രധാനമായും നല്‍കിയിരിക്കുന്ന) അടങ്ങിയ ഭക്ഷണക്രമം കാരണം 31% പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറച്ചു എന്നതാണ്. പ്രോസ്റ്റേറ്റ്, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ കുറയ്ക്കുന്നതിന് തക്കാളിയും മറ്റു പച്ചക്കറികളും സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
പഠനങ്ങള്‍ പറയുന്നത് ആഹാരം ഒരിക്കലും മരുന്നല്ല എന്നാല്‍ പോഷകസമൃദ്ധമായ ഭക്ഷണം വഴി രോഗങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയും എന്നതാണ്.

3. ദഹനത്തിന് നല്ലത്
ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്യുന്നു. തക്കാളിയില്‍ വളരെയധികം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാന്‍ ഉത്തമമാണ്.
നാരുകളുടെ ആരോഗ്യകരമായ അളവ് പെരിസ്റ്റാല്‍റ്റിക് ചലനത്തെ ഉത്തേജിപ്പിക്കുകയും ദഹനേന്ദ്രിയത്തിലെ അസ്വസ്ഥതകള്‍ എളുപ്പം അകറ്റുന്നതിനും സഹായിക്കും.

4.രക്തസമ്മര്‍ദം കുറയ്ക്കുന്നതിന്:
ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി തക്കാളി ദിവസേന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തക്കാളിയില്‍ കാണുന്ന പൊട്ടാസ്യമാണ് ഇവയ്ക്ക് പിന്നിലെ കാരണം.
പൊട്ടാസ്യം രക്തക്കുഴലുകളുടെയും ധമനികളുടെയും ഉത്തേജനം കുറയ്ക്കുകയും രക്തപ്രവാഹം, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തില്‍ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.

5. തക്കാളികൊണ്ടുള്ള ദോഷഫലങ്ങള്‍
സാധാരണയായി തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സുരക്ഷിതമാണെങ്കിലും ചില ആളുകളില്‍ ചില സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്കു കഴിയും.

ആസിഡ് റിഫ്ളക്സ്, അസഹിഷ്ണുത, മസിലുകളില്‍ വേദന തുടങ്ങിയ ഫലങ്ങളാണ് തക്കാളി കാരണം ഉണ്ടാകാന്‍ സാധ്യതയുള്ളത്.
അതിനാല്‍ വയര്‍ സംബന്ധമായ അസുഖമുള്ളവരും രക്തസമ്മര്‍ദ നിയന്ത്രണത്തിന് മരുന്ന് കഴിക്കുന്നവരും നിങ്ങളുടെ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

6.തക്കാളിയും സൗന്ദര്യസംരക്ഷണവും
ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, മുടി, ചര്‍മം എന്നിവ നിലനിര്‍ത്താന്‍ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങള്‍ സുഖമാക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ഇലാസ്തികത മുതലായവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നതിനായി തക്കാളിയുടെ നീര് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ഒരാഴ്ചയെങ്കിലും ചെയ്യുകയാണെങ്കില്‍ ചര്‍മത്തിലെ പഴയ കോശങ്ങള്‍ നീക്കം ചെയ്ത്, തക്കാളിയിലെ വിറ്റാമിന്‍ സി വഴി മുഖത്തിനു തിളക്കം ലഭിക്കും. നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്ന തക്കാളി, താരനെ ഇല്ലാതാക്കാനും സഹായിക്കുന്നു. തക്കാളി കുഴമ്പുരൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം നന്നായി തല മസ്സാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയുക. തക്കാളി താരനെ അകറ്റുന്നു, പ്രകൃതിദത്ത കണ്ടീഷണറായി തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.

Content Highlights: About Tomato