വളരെ എളുപ്പത്തിലും വേഗത്തിലും പാചകം ചെയ്ത് വിശപ്പടക്കാന്‍ കഴിയുമെന്നതാണ് ന്യൂഡില്‍സിനെ പ്രിയപ്പെട്ടതാക്കുന്നത്. പലതരത്തിലുള്ള ചേരുവകകള്‍ ചേര്‍ത്ത് ന്യൂഡില്‍സ് തയ്യാറാക്കുന്ന വീഡിയോ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ചേരുവകകള്‍ ചേര്‍ത്തുണ്ടാക്കിയ ന്യൂഡില്‍സിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൂൾഡ് ഡ്രിങ്കായ ഫാന്റയിലാണ്  മാഗി ന്യൂഡില്‍സ് തയ്യാര്‍ ചെയ്‌തെടുക്കുന്നത്. 

ന്യൂഡല്‍ഹിയിലെ ഗാസിയാബാദിലെ വഴിയോര കച്ചവടക്കാരനാണ് ഈ വെറൈറ്റി വിഭവം വില്‍ക്കുന്നത്. ഫൂഡി ഇന്‍കാര്‍നേറ്റ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അമര്‍ സിരോഹി എന്ന ഫുഡ് വ്ളോഗറാണ് ഫാന്റ മാഗിയെ പരിചയപ്പെടുത്തിരിയിക്കുന്നത്. വ്യത്യസ്ത വിഭവത്തെക്കുറിച്ച് അമര്‍ വിവരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പാനില്‍ നെയ്യൊഴിച്ച് ചൂടാക്കിയശേഷം ഇതിലേക്ക് സവാള, ക്യാപ്‌സിക്കം, പച്ചമുളക്, തക്കാളി എന്നിവ ഇട്ട് വഴറ്റിയെടുക്കും. ഇതിലേക്ക് ഒരുകുപ്പി ഫാന്റ ഒഴിച്ച് ന്യൂഡില്‍സ് ഇതിലേക്ക് ചേര്‍ക്കും. വെള്ളത്തിനു പകരം ഫാന്റയിലാണ് ന്യൂഡില്‍സ് വേവിച്ചെടുക്കുന്നത്. ഇങ്ങനെ വേവിച്ചെടുക്കുന്ന ന്യൂഡില്‍സിലേക്ക് മസാല, ഉപ്പ്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി വേവിക്കും. അവസാനമായി ചാട്ട് മസാലയും നാരങ്ങാ നീരും കൂടി ചേര്‍ത്താണ് ഉപഭോക്താവിന് കൊടുക്കുന്നത്.

ഒരു ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 12,000-ല്‍ കൂടുതല്‍ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. രസകരമായ രീതിയിലാണ് വീഡിയോ കണ്ടവര്‍ പ്രതികരിച്ചത്. മാഗി ന്യൂഡില്‍സ് ഒരിക്കലും പഴയപോലെ ആവില്ല എന്നും, മധുരമുള്ള മാഗി ന്യൂഡില്‍സ് തയ്യാറാക്കാന്‍ കഴിയുമെന്നും മുളകുപൊടിയും തേനും ചേര്‍ത്ത ന്യൂഡില്‍സ് തയ്യാറാക്കിയിട്ടുണ്ടെന്നും ചിലര്‍ കമന്റു ചെയ്തു.

Content highlights: noodles made in cold drinks, video went viral, youtube video