പ്രതീകാത്മക ചിത്രം | Photo: canva.com/
ഏതൊരു ആഘോഷങ്ങളുടെയും അവിഭാജ്യഘടകമാണ് ഭക്ഷണം. അതിപ്പോള്‍ ഓണമായാലും ക്രിസ്മസ് ആയാലും വിഷുവായാലും ബക്രീദ് ആയാലും ഭക്ഷണത്തിനുള്ള സ്ഥാനം മുന്‍പന്തിയിലാണ്. പുതുവത്സരാഘോഷത്തിലും സ്ഥിതി മറിച്ചൊന്നല്ല. ചിലര്‍ കേക്ക് വിതരണം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ അതാത് നാടുകളിലെ തനത് വിഭവങ്ങളാണ് തയ്യാറാക്കി കഴിക്കുന്നത്.
വിവിധ ലോകരാജ്യങ്ങളില്‍ വിവിധതരത്തിലുള്ള ഭക്ഷണ ആചാരങ്ങളാണ് പുതുവത്സരത്തെ വരവേല്‍ക്കുന്നതിന് നിലനില്‍ക്കുന്നത്.
ജപ്പാന്
കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചുചേര്‍ന്നുള്ള വിരുന്നാണ് ജപ്പാനെ വ്യത്യസ്തമാക്കുന്നത്. പുതുവര്‍ഷരാവില്‍ വീട്ടില്‍ കുടുംബാംഗങ്ങളെല്ലാം ഒത്തുചേരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ബക്ക്വീറ്റ് സോബ ന്യൂഡില്‍സോ അല്ലെങ്കില്‍ തോഷികോഷി സോബയോ കഴിക്കുന്നു. പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഈ ആചാരം 17-ാം നൂറ്റാണ്ടുമുതല്‍ ജപ്പാനില്‍ നിലനില്‍ക്കുന്നതാണ്. ദീര്‍ഘായുസ്സിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് ന്യൂഡില്‍സിനെ കരുതുന്നത്.
ജര്‍മനിയും ഓസ്ട്രിയയും
അയല്‍രാജ്യങ്ങളായ ജര്‍മനിയും ഓസ്ട്രിയയും പുതുവര്‍ഷത്തില്‍ വിശുദ്ധ സില്വസ്റ്ററിനെയാണ് അനുസ്മരിക്കുന്നത്. പന്നിയുടെ മാതൃകയിലുള്ള മധുരപലഹാരങ്ങള്‍ അന്നേദിവസം അവര്‍ മറ്റുള്ളവര്‍ക്ക് സമ്മാനമായി കൈമാറുന്നു. ആളുകള്‍ക്ക് നന്മകള് നേര്‍ന്നുകൊണ്ടാണ് ഈ മധുരപലഹാരം അവര്‍ കൈമാറുന്നത്.
തുര്‍ക്കി
വളരെ വ്യത്യസ്തമായ ആചാരമാണിത്. ഭക്ഷണം കഴിക്കുക അല്ലെങ്കില്‍ അവ സമ്മാനമായി കൈമാറുക എന്നതിനപ്പുറമാണ് തുര്‍ക്കിയിലെ ഈ ആചാരം. വീടിനുമുന്നില്‍ മാതളപ്പഴം എറിഞ്ഞ് ഉടയ്ക്കുകയാണ് ചെയ്യുക. ഇത് പിളര്‍ന്ന് മാതളപ്പഴത്തിന്റെ ഉള്ളിലെ ചുവന്ന നിറമുള്ള വിത്ത് എത്രയെണ്ണം പുറത്തുവരുന്നു എന്നതിനെ ആശ്രയിച്ചാണ് ആ വര്‍ഷത്തെ ഭാഗ്യമെന്ന് തുര്‍ക്കിക്കാര്‍ വിശ്വസിക്കുന്നു.
സ്പെയിന്
പുതുവര്‍ഷം പിറക്കുന്ന അര്‍ധരാത്രിയില്‍ 12 മുന്തിരികള്‍ കഴിക്കുന്ന ആചാരമാണ് സ്പെയിനിലുള്ളത്. ക്ലോക്കില്‍ ഓരോ മണി മുഴങ്ങുമ്പോള്‍ ഓരോ മുന്തിരി വെച്ച് കഴിക്കും. വരുന്ന 12 മാസങ്ങളിലും ലഭിക്കാന്‍ പോകുന്ന ഭാഗ്യത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.
ഗ്രീസ്
അസാമാന്യ വലുപ്പമുള്ള കേക്ക് തയ്യാറാക്കി അതിനുള്ളില്‍ സ്വര്‍ണനാണയമോ എന്തെങ്കിലും വസ്തുക്കളോ ഒളിപ്പിച്ച് വയ്ക്കുന്നതാണ് ഗ്രീസിലെ ആചാരം. കേക്ക് മുറിക്കുമ്പോള്‍ സ്വര്‍ണനാണയം കിട്ടുന്നയാള്ക്കായിരിക്കും ആ വര്‍ഷം ഏറ്റവും കൂടുതല്‍ സൗഭാഗ്യം ലഭിക്കുക എന്നതാണ് വിശ്വാസം.
ഇത് ഗ്രീസില്‍ മാത്രമുള്ള ആചാരമല്ല. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഈ ആചാരം പിന്തുടരുന്നുണ്ട്. ഫ്രാന്‍സ്, മെക്സിക്കോ, ബള്‍ഗേറിയ എന്നിവടങ്ങളിലെല്ലാം ഭീമന് കേക്ക് മുറിച്ച് പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നു.
Content Highlights: new year food traditions from around the world, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..