കോവിഡ് മഹാമാരിക്കാലം ഏറെ ബാധിച്ചത് നമ്മുടെ പ്രായമായ ആളുകളെയാണ്. രണ്ട് വര്‍ഷമായി പ്രിയപ്പെട്ടവരെ കാണാതെ വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കാനാവാതെ, എന്തിനേറെ തങ്ങളുടെ കുടുംബത്തില്‍ പുതുതായി പിറക്കുന്ന അംഗങ്ങളെ ഒന്ന് ഓമനിക്കാന്‍ പോലും അവസരം ലഭിക്കാത്ത പ്രായമായവര്‍ ഏറെ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ തങ്ങളുടെ കൊച്ചുമക്കളെ കാണാന്‍ കഴിയാത്ത മുത്തശ്ശനെയും മുത്തശ്ശിയെയും സന്തോഷിപ്പിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ജപ്പാന്‍കാര്‍. കുഞ്ഞ് ബാഗുകള്‍ നിറയെ അരിയാണ് ഈ സന്തോഷസമ്മാനം.

വെറുതേ അരി കൊടുക്കുകയല്ല. ഡാക്കിഗോകോചി എന്നാണ് ഈ അരിസഞ്ചിയുടെ പേര്. കുഞ്ഞുങ്ങളെ നനുത്ത തുണിയില്‍ പൊതിഞ്ഞു വയ്ക്കുന്നതുപോലെ അതേ ആകൃതിയിലും വലിപ്പത്തിലുമാണ് ഈ അരി ബാഗ് തയ്യാറാക്കുന്നത്. കുട്ടികളെ പുതപ്പിക്കുന്ന പുതപ്പ് ഉപയോഗിച്ചാണ് ബാഗിന്റെ നിര്‍മാണം. ചിലര്‍ ബാഗിന്റെ മുകള്‍ഭാഗത്ത് കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രവും പ്രിന്റ് ചെയ്യും. തങ്ങളുടെ കൊച്ചുമക്കളെ കൈയില്‍ എടുക്കുന്നതുപോലെ തന്നെ പ്രായമായവര്‍ക്ക് തോന്നും വിധമാണ് ഈ സമ്മാനങ്ങള്‍ ഒരുക്കുന്നത്. കുഞ്ഞുങ്ങളുടെ അതേ ഭാരത്തിലാണ് അരി ഇതില്‍ നിറയ്ക്കുന്നത്. 

പുതുതായി മാതാപിതാക്കളാവുന്നവര്‍ തങ്ങളുടെ കുടുംബത്തിലെ പ്രായമായവര്‍ക്ക് ഈ കസ്റ്റമൈസ്ഡ് ബാഗുകള്‍ അയക്കുന്നത് വ്യാപകമായിരിക്കുകയാണ് എന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായമായവര്‍ക്ക് മാത്രമല്ല പുതിയ കുഞ്ഞുങ്ങളെ കാണാനും കൈയിലെടുക്കാനും ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്കും ഈ കുഞ്ഞുബാഗുകള്‍ സമ്മാനമായി അയക്കുന്നവരുണ്ട്. 

ജാപ്പനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സൈറ്റായ യോഷിമിയയാണ് ഈ കുഞ്ഞ് അരി ബാഗുകള്‍ക്ക് പേരുകേട്ടിരിക്കുന്നത്. ധാരാളം ആളുകള്‍ ഈ മൃദുലമായ കുഞ്ഞിനെപ്പോലെ തോന്നുന്ന അരിബാഗുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നുണ്ടെന്ന് അവര്‍ പറയുന്നു. പല നിറങ്ങളിലും പ്രിന്റുകളിലും എല്ലാം ഈ ബാഗുകള്‍ ലഭിക്കും. 3.5 കിലോ ബാഗിന് 3,500 യെന്‍ (2,355.68 രൂപ) വില.

Content Highlights: New Japanese parents are sending relatives bags of rice that feel like babies