കോഴിക്കോട്: സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ഒരാഴ്ചക്കാലമാണ് ഇന്ത്യയില്‍ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നത്. പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യപ്രദമായ ഭക്ഷണശീലത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കുകയെന്നാണ് ഈ വാരം കൊണ്ട് ലക്ഷ്യമിടുന്നത്. ആരോഗ്യപ്രദമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകത ആളുകളിലേക്ക് എത്തിക്കുകയെന്നതും ഈ വാരാചരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. 

കോവിഡ്-19 മൂന്നാം തരംഗം വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട നാള്‍ മുതല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിദഗ്ധര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വരുന്നുണ്ട്. ഈ പോഷകാഹാര വാരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഏതാനും മാര്‍ഗങ്ങള്‍ പരിചയപ്പെടാം. 

1. വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് മികച്ച ആരോഗ്യശീലത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ശാരീരികപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനും ചയാപചയപ്രവര്‍ത്തനങ്ങള്‍ക്കും ശരീരത്തിന് ഹാനികരമായ പദാര്‍ഥങ്ങളെ ഒരു പരിധിവരെ പുറന്തള്ളുന്നതിനും ഇതു സഹായിക്കും. ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തും.

2. പച്ച നിറമുള്ള പച്ചക്കറി 

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എളുപ്പത്തില്‍ സ്വന്തമാക്കുന്നതിന് പ്രകൃത്യായുള്ള മാര്‍ഗങ്ങളിലൊന്നാണിത്. പച്ചനിറമുള്ള പച്ചക്കറികളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, പ്രോട്ടീനുകള്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

3. പ്രൊബയോട്ടിക്കുകള്‍ കഴിക്കൂ

നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്ന നല്ല ബാക്ടീരിയകള്‍ നമ്മുടെ കുടലുകളില്‍ ധാരാളമായുണ്ട്. ഇവ നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതിനുള്ള പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. ഈ ബാക്ടീരിയകളുടെ അളവ് വര്‍ധിപ്പിക്കുന്ന കട്ടത്തൈര്, മോര്, ലസ്സി എന്നിവ ദിവസം ഭക്ഷണത്തിലുള്‍പ്പെടുത്തണമെന്ന് പോഷകാഹാരവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 

4. പഴങ്ങളും പഴച്ചാറുകളും 

പഴങ്ങള്‍ മികച്ചഭക്ഷണമാണെന്നതിന് തര്‍ക്കമൊന്നുമില്ല. ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കുന്നതിനുള്ള മികച്ച വഴികളിലൊന്നാണ് പഴങ്ങള്‍ ആഹാരശൈലിയുടെ ഭാഗമാക്കുകയെന്നത്. പഴങ്ങള്‍ ജ്യൂസ് അടിച്ചു കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. ഇത് നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തും. 

5. സുഗന്ധദ്രവ്യങ്ങളും ഔഷധസസ്യങ്ങളും 

അടുക്കളയില്‍ അധികമൊന്നും ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുന്ന ഗ്രാംപൂ, ഏലക്ക, മഞ്ഞള്‍, മല്ലി എന്നിവയെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള കുറുക്കുവഴികളാണ്. ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണവും പാനീയങ്ങളും ദിവസവും ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വീണ്ടെടുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Content highlights: national nutrition week 2021 5 simple ways to boost immunity