ബിരിയാണി, സുലൈമാനി, ആകാശവാണി, മലയാള പാട്ടിന് ഇത് പുതുശ്രേണി... പാട്ടുമായി യുവഹൃദയങ്ങളെ കീഴടക്കിയ മ്യൂസിക് ബാൻഡ് ‘സ്ട്രീറ്റ് അക്കാദമി’ തുടങ്ങിയ ഹോട്ടലും ഭക്ഷണപ്രിയരുടെ മനം കീഴടക്കിയിരിക്കുകയാണ്.
ബിരിയാണി ഒഴിവാക്കിയുള്ള ഒരു ആഘോഷവും കോഴിക്കോട്ടുകാർക്ക് പറഞ്ഞിട്ടില്ല. വ്യത്യസ്തവും വൈവിധ്യവുമാർന്ന ബിരിയാണി കഴിക്കണമെങ്കിൽ കോഴിക്കോട്ടേക്ക് വരണം. പേരുകൊണ്ടും രുചികൊണ്ടും വിലക്കുറവു കൊണ്ടും വ്യത്യസ്തമാണ് ഹോട്ടൽ ‘ബിരിയാണി സുലൈമാനി ആകാശവാണി’. ഇൗ ഹോട്ടലിലെത്തുന്നവർക്ക് ബിരിയാണിക്കൊപ്പം അല്പം സുലൈമാനിയും പാട്ടും ആസ്വദിച്ച് മടങ്ങാം.
സൂപ്പർവൈസിങ്ങിൽ തുടങ്ങി ഹോട്ടലുടമയായി
കോഴിക്കോട് സ്വദേശികളായ മഷൂദ് അഹമ്മദും ജഹാംഗീറുമാണ് ഹോട്ടലിന്റെ മേൽനോട്ടക്കാർ. ചെന്നൈയിൽ പഠിക്കാൻ പോയ സമയത്ത് പാർട്ട് ടൈമായി ഒരു ഹോട്ടലിൽ സൂപ്പർവൈസർ ജോലി ചെയ്താണ് ഹോട്ടൽ രംഗത്ത് മഷൂദ് അഹമ്മദ് എത്തുന്നത്. തുടർന്ന് പഠനത്തിനുശേഷം നാട്ടിലെത്തിയ മഷൂദ് നാട്ടിൽ കോഫി കഫേ തുടങ്ങി.
ബിരിയാണികഴിച്ചു കഴിഞ്ഞാൽ അല്പം സുലൈമാനി ഇല്ലാതെ എന്ത് രസം എന്നാണ് പറയാറുള്ളത്. അല്പം പാട്ടിലും കമ്പമുള്ള കൂട്ടത്തിലാണ് മഷൂദും കൂട്ടുകാരും. അങ്ങനെയാണ് ഹോട്ടലിന് ബിരിയാണി, സുലൈമാനി, ആകാശവാണി എന്ന് പേരിടാൻ ഇവർ തീരുമാനിക്കുന്നത്. കോഫി കഫേ തുടങ്ങി വിജയിച്ചതിനെ തുടർന്നാണ് ഹോട്ടലിലേക്ക് കടക്കുന്നത്. അഞ്ച് മാസമായി ഇൗ ഹോട്ടൽ തുടങ്ങിയിട്ട്.
വിലയിലും രുചിയിലും വ്യത്യസ്തത
90 രൂപയാണ് ഇവിടെ ബിരിയാണിക്ക് വില. തലശ്ശേരി ബിരിയാണിക്ക് 100 രൂപയും. ഫിഷ് ബിരിയാണി, മട്ടൺ ബിരിയാണി, വെജിറ്റബിൾ ബിരിയാണി എന്നിവയ്ക്കു പുറമേ ചട്ടിപ്പത്തിരി, പഴം നിറച്ചത്, ഉന്നക്കായ തുടങ്ങിയ മലബാർ സ്നാക്സും ശീതളപാനീയങ്ങളും ഇവിടെ കിട്ടും. ഹോട്ടലിലെത്തുന്ന എല്ലാവർക്കും സുലൈമാനി സൗജന്യമായി നൽകുന്നുണ്ട്.
ബീച്ച് ഫയർസേറ്റഷന്റെ പിൻവശത്ത് കോൺവെന്റ് ക്രോസ് റോഡിലാണ് ഹോട്ടൽ. ഉച്ചയ്ക്ക് 12 മുതൽ ഇവിടെ തിരക്ക് തുടങ്ങും. രണ്ട് മണിയാവുമ്പോഴേക്കും ഇവിടത്തെ ഭക്ഷണം കഴിയും. വിലക്കുറവും രുചിയുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഒരു തവണ വന്നവർ തന്നെയാണ് ഇവിടെ വീണ്ടും എത്തുന്നതെന്ന് മഷൂദ് അവകാശപ്പെടുന്നു.
ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗുണത്തില് ഇമ്മള് ഒരു കൊറവും വരുത്താറില്ല, അതോണ്ട് ചെലവും കൂടുന്നുണ്ടെന്നുള്ള ഉസ്താദ് ഹോട്ടലിലെ കരീംക്കായുടെ ഡയലോഗ് തന്നെയാണ് മഷൂദിനും ജഹാംഗീറിനും പറയാനുള്ളത്.