'അമ്മേ ഈ പുളിങ്കറി കഴിച്ചു മടുത്തു എന്ന് ഞാന്‍ പലപ്പോഴും പറയും, ഇന്നും പ്രിയം ആ അരച്ചുകലക്കി'


അമ്മയുണ്ടാക്കുന്നതില്‍ ഏറ്റവും പ്രിയപ്പെട്ട കറിയായ അരച്ചുകലക്കിയെക്കുറിച്ചും അതിന്റെ റെസിപ്പിയും തുമ്മാരുകുടി പങ്കുവെക്കുന്നുണ്ട്.

-

മ്മമാരുടെ പാചകത്തെക്കുറിച്ചു പറയുമ്പോള്‍ നൂറുനാവാണ് മിക്കയാളുകള്‍ക്കും. മറ്റൊരു വിഭവങ്ങള്‍ക്കും ഇല്ലാത്ത സ്വാദാണ് അമ്മവിഭവങ്ങള്‍ക്കുള്ളതെന്നാണ് എല്ലാവരും പറയാറുള്ളത്. ഓടിനടന്ന് പണിയെടുത്തിരുന്ന അമ്മയെക്കുറിച്ചും അമ്മയുടെ രുചികളെക്കുറിച്ചും മുരളീ തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പണ്ടുകാലത്തെ അമ്മമാരുടെ രാപകലില്ലാതെയുള്ള അധ്വാനവും പട്ടിണിയുമൊക്കെ പോസ്റ്റില്‍ പ്രതിപാദിക്കുന്നു. അമ്മയുണ്ടാക്കുതില്‍ ഏറ്റവും പ്രിയപ്പെട്ട കറിയായ അരച്ചുകലക്കിയെക്കുറിച്ചും അതിന്റെ റെസിപ്പിയും തുമ്മാരുകുടി പങ്കുവെക്കുന്നുണ്ട്.

കുറിപ്പിലേക്ക്...അരച്ചുകലക്കിയ 'അമ്മ രുചി'!

നമുക്ക് രോഗം വരുമ്പോഴോ ഒറ്റപ്പെടല്‍ തോന്നുമ്പോഴോ നമ്മള്‍ നമ്മുടെ ചെറുപ്പകാലത്തെപ്പറ്റി ഓര്‍ക്കും. അന്നത്തെ കളികള്‍, അന്നത്തെ സുഹൃത്തുക്കള്‍, പാടം, പറമ്പ്, പാട്ടുകള്‍. അതില്‍ പ്രധാനമാണ് ഭക്ഷണം.

ഇംഗ്‌ളീഷില്‍ 'comfort food' എന്നൊരു പ്രയോഗം തന്നെയുണ്ട്. നമുക്കോരോരുത്തര്‍ക്കും ഇത്തരം കംഫര്‍ട്ട് ഫുഡ് ഉണ്ട്. കൊറോണക്കാലത്ത് ഞാന്‍ ഓര്‍ക്കുന്നത് എന്റെ കംഫര്‍ട്ട് ഫുഡ് ആയ അരച്ചുകലക്കി ആണ്. അമ്മയുടെ രുചിയാണ്, അമ്മയുടെ വാത്സല്യത്തിന്റെയും സാമീപ്യത്തിന്റെയും നിറവാണ്.

ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുമ്പോാള്‍ ആദ്യം ചിന്തിക്കുന്നത് അമ്മയുടെ പാചകം അല്ല. നിശ്ചയ ദാര്‍ഢ്യം, കഠിനാധ്വാനം, ആത്മവിശ്വാസം, ഇതൊക്കെയാണ് അമ്മയെക്കുറിച്ചുള്ള ആദ്യ ചിന്തകള്‍. എട്ടു മക്കളുമായി ഒരു കൂട്ടുകുടുംബത്തില്‍ ജീവിച്ച അമ്മക്ക് മക്കള്‍ക്ക് മൂന്നു നേരം ഭക്ഷണം കൊടുക്കാന്‍ പറ്റുമോ എന്നത് മാത്രമായിരുന്നു അക്കാലത്ത് ചിന്തിക്കാന്‍ പറ്റിയിരുന്നത്.

കര്‍ഷക കുടുംബം ആയിരുന്നെങ്കിലും ഹരിതവിപ്ലവം വരുന്ന കാലം വരെ രണ്ടുനേരം പോലും ഭക്ഷണം കഴിക്കാമെന്നുള്ള ഉറപ്പ് അമ്മക്ക് ഉണ്ടായിരുന്നില്ല. രാവിലെ കഞ്ഞിവെള്ളം കുടിച്ചു തുടങ്ങി, അത്താഴം പട്ടിണിയില്‍ അവസാനിച്ചിരുന്ന ദിവസങ്ങളുടെ കഥകള്‍ അമ്മ പരാതിയുടെ മേമ്പൊടിയില്ലാതെ പറഞ്ഞു തന്നിട്ടുണ്ട്.

എന്റെ ചെറുപ്പകാലം ആയപ്പോഴേക്കും ആ കാലഘട്ടം കഴിഞ്ഞ് മൂന്നു നേരവും വീട്ടില്‍ ഭക്ഷണം ഉണ്ടായിരുന്നു. രാവിലെ കഞ്ഞി, ചമ്മന്തി, ഉപ്പുമാങ്ങ. ഉച്ചക്ക് ചോറും പുളിങ്കറിയും, വൈകീട്ട് ചോറും ഉച്ചത്തെ പുളിങ്കറിയുടെ ബാക്കിയും എന്തെങ്കിലും തോരനോ മെഴുക്കുപുരട്ടിയോ. വല്ലപ്പോഴും ഒരിക്കല്‍ മീന്‍ മേടിക്കും. ഏതെങ്കിലും ബന്ധുക്കള്‍ വീട്ടില്‍ വന്നാല്‍ ഒരു കോഴിയെ പിടിച്ചു കൊന്നു കറിവെക്കും. വീട്ടില്‍ പശുക്കറവയുണ്ടെങ്കില്‍ ഒരു മോരുകറി, ചക്കയുടെ കാലമായാല്‍ എന്തെങ്കിലും ചക്ക വിഭവങ്ങള്‍. ഇതോടെ തീര്‍ന്നു അക്കാലത്തെ അമ്മ വിഭവങ്ങള്‍.

വര്‍ഷത്തില്‍ ഒരിക്കല്‍ ദീപാവലിക്കാണ് വീട്ടില്‍ ഇഡലി ഉണ്ടാക്കുന്നത്. അന്ന് മാത്രമേ സാമ്പാര്‍ ഉണ്ടാക്കാറുള്ളൂ. സാമ്പാറില്‍ ആകട്ടെ ചേമ്പും ചേനയുമാണ്. ഉരുളക്കിഴങ്ങ് അന്ന് ഒരു ലക്ഷ്വറി ഐറ്റം ആണ്.

'അമ്മേ, ഈ പുളിങ്കറി കഴിച്ചു മടുത്തു' എന്ന് ഞാന്‍ പലപ്പോഴും പറയും.പാടത്തും പറമ്പിലുമുള്ള ജോലികള്‍ക്കിടയില്‍ ഓരോ ദിവസവും ജോലിക്കാരും ബന്ധുക്കളും ആശ്രിതരും ആങ്ങളമാരും മക്കളും ഉള്‍പ്പെടെ ശരാശരി മുപ്പത് പേര്‍ക്ക് പുളിങ്കറി എങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള അമ്മയുടെ ബുദ്ധിമുട്ട് അന്നെനിക്ക് അറിയില്ലല്ലോ. 'മോന്‍ പഠിച്ചു ജോലി ഒക്കെ കിട്ടിക്കഴിയുമ്പോള്‍ മോന്‍ എന്ത് വാങ്ങിത്തന്നാലും അതുവെച്ച് ഇഷ്ടമുള്ള കറിയുണ്ടാക്കിത്തരാം' എന്ന് അമ്മ പറയും.

മൂന്നു നേരവും ഭക്ഷണം അടുക്കളയില്‍ വെച്ചുണ്ടാക്കും എന്നതല്ലാതെ അതൊന്നു വിളമ്പിത്തരാനോ, അടുത്തിരുന്ന് ഊട്ടാനോ അമ്മക്ക് ഒരിക്കലും സമയം ഉണ്ടായിരുന്നില്ല. വെളുപ്പിന് നാലരമണിക്ക് തുടങ്ങുന്ന ജോലികള്‍ തീരുന്നത് രാത്രി പത്തുമണിക്കാണ്. വീട്ടില്‍ നിന്നും മുന്നൂറു മീറ്റര്‍ ദൂരെ പാടത്തുള്ള കുളത്തില്‍ അമ്മ കുളിക്കാന്‍ പോകുന്നത് രാത്രി ഏഴുമണിക്കാണ്. കുളത്തിന്റെ താക്കോല്‍ അമ്മയുടെ അടുത്താണെന്ന് ഞങ്ങള്‍ തമാശ പറയും.

ഇതൊന്നും എന്റെ അമ്മയുടെ മാത്രം കഥയല്ല. എന്റെ തലമുറയിലെ എല്ലാ അമ്മമാരുടെയും കഥയാണ്. രാത്രി ഏഴുമണിക്ക് കുളിക്കാന്‍ ചെല്ലുുമ്പോള്‍ അടുത്ത വീടുകളിലെ അമ്മമാരും അവിടെ ഉണ്ട്. മക്കളെ താലോലിക്കാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല, രാത്രി ഭക്ഷണം കഴിക്കാതെ കിടന്നിരുന്നത് എന്റെ അമ്മ മാത്രമല്ല.

ഇതൊക്കെ ആണെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ അമ്മ എനിക്ക് ഇഷ്ടമുള്ള കറി ഉണ്ടാക്കിവെച്ച്, അടുത്തിരുന്നു വിളമ്പിത്തരും. കര്‍ക്കടക മാസത്തിലെ മകം നാളില്‍ ആണത്. അന്ന് എന്റെ പിറന്നാളാണ്.

അരച്ചുകലക്കി എന്നാണ് എനിക്കിഷ്ടപ്പെട്ട ആ കറിയുടെ പേര്. ഇന്നത്തെ ഹോട്ടല്‍ മെനുവില്‍ ഒന്നും അതില്ല. വാസ്തവത്തില്‍ അമ്മ ഉണ്ടാക്കി അല്ലാതെ ഞാന്‍ അത് കഴിച്ചിട്ടില്ല. ഓരോ പിറന്നാളിനും അമ്മ ഉണ്ടാക്കിയ അരച്ചുകലക്കി കഴിക്കാന്‍ ഞാന്‍ നോക്കിയിരിക്കും. നിലവിളക്കും കത്തിച്ചുവെച്ച് തൂശനിലയില്‍ ചൂടുചോറും നെയ്യും ഒഴിച്ച്, അരച്ചുകലക്കിയും പപ്പടവും ചേര്‍ത്ത് അപൂര്‍വ്വമായി മാത്രം കിട്ടുന്ന അമ്മയുടെ സാമീപ്യവും കൂടി ചേര്‍ന്ന ആ ഊണാണ് എന്റെ അമ്മ രുചി.

അരച്ചുകലക്കി

മോര് അധികം പുളിയില്ലാത്തത് - അര ലിറ്റര്‍
തേങ്ങ - ഒരു മുറി
പച്ച മുളക് - 4/5 എണ്ണം ((ഉണക്കമുളകായാലും മതി)
ഉപ്പ് ആവശ്യത്തിന്
കടുകുവറ - വെളിച്ചെണ്ണ, കടുക്, കറിവേപ്പില, ഉലുവ, ഉണക്കമുളക്

തയ്യാറാക്കുന്ന വിധം

തേങ്ങയും പച്ചമുളകും നന്നായി അരച്ചെടുക്കുക. അരപ്പ് മോരില്‍ ചേര്‍ത്തിളക്കുക. അധികം കുറുകിയിട്ടുണ്ടെങ്കില്‍ കുറച്ചു വെള്ളം ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുുമ്പോള്‍ കടുക്, ഉലുവ, മുന്നായി മുറിച്ച വറ്റല്‍മുളക് വേപ്പില എന്നീ ക്രമത്തില്‍ ചേര്‍ത്ത് മൂപ്പിക്കുക. തേങ്ങ, മോര് മിശ്രിതം ഇതിലേക്ക് ഒഴിക്കുക. കുറച്ചുനേരം ചെറിയ ചൂടില്‍ തുടരെ ഇളക്കുക. തിളക്കുന്നതിനു മുന്‍പ് അടുപ്പില്‍ നിന്നും മാറ്റാം. അരച്ചുകലക്കി റെഡി.

Content Highlights: muralee thummarukudy post on mother food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented