ചായ ഒരു വികാരമാണ് പലർക്കും. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിനം തന്നെ പോയെന്നു പറയുന്നവരുണ്ട്. എന്നാൽ ഓരോരുത്തരുടേയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചുള്ള ചായ കിട്ടിയാലോ? സം​ഗതി കേട്ടാൽ കൗതുകം തോന്നുമെങ്കിലും മധ്യപ്രദേശിലെ ഒരു ചെറിയ ചായക്കടയിൽ ചായ വിൽക്കുന്നത് അങ്ങനെയാണ്. പ്രണയിക്കുന്നവർക്കും പ്രണയത്തിൽ തകർന്നവർക്കുമൊക്കെ കുടിക്കാൻ പാകത്തിലുള്ള സ്പെഷൽ ചായകളാണ് ഇവിടെ നൽകുന്നത്. ‌

കാലു ബേവാഫാ ചായ് വാലാ എന്നു പേരിട്ടിരിക്കുന്ന ചായക്കടയിലാണ് വ്യത്യസ്ത പേരുകളിൽ ചായ നിൽക്കുന്നത്. ​ഗ്വാളിയോറിലെ ഹനുമാൻ ന​ഗറിലാണ് ചായക്കടയുള്ളത്.

പ്രണയം തകർന്നവർക്കു വേണ്ടിയുള്ള ചായയു‌ടെ വില അഞ്ചു രൂപയാണ്. സിം​ഗിളായവർക്കും പ്രത്യേക ചായയുണ്ട്, അതിന്റെ വില 20 രൂപ. എന്നുകരുതി എല്ലാ ചായയും പ്രണയത്തിൽ നിരാശരായവർക്ക് വേണ്ടിയാണെന്ന് കരുതരുത്. പ്രണയം ആസ്വദിക്കുന്നവർക്കു വേണ്ടിയും ഇവിടെ വ്യത്യസ്ത ചായകളുണ്ട്. 

പുതിയ കാമുകന്റെ ചായ എന്ന പേരിലുള്ള സ്പെഷൽ ടീയുടെ വില പത്തുരൂപയാണ്. മനസ്സിൽ ആ​ഗ്രഹിക്കുന്ന പ്രണയത്തെ നിങ്ങൾക്ക് ലഭിക്കുമെന്ന അവകാശവാദത്തോടെ വിൽക്കുന്ന ചായയുടെ വില 49 രൂപയാണ്. എന്തായാലും വ്യത്യസ്ത പേരുകളിൽ ചായപ്രേമികളെ വശത്താക്കിയിരിക്കുകയാണ് ഈ ചായക്ക‌‌ട. 

ഇത്തരമൊരു പുത്തൻ ആശയത്തിലൂടെ ഇതുവരെ ചായ വിൽക്കുന്നത് കണ്ടിട്ടില്ലെന്നും ഇതിലും വലിയ പരസ്യം കിട്ടാനില്ലെന്നുമൊക്കെ പോകുന്നു ചിത്രത്തിന് കീഴിലെ കമന്റുകൾ. 

Content Highlights: MP Stall Serves Rea for every mood