ജോലാൻഡ | Photo: instagram.com|demealprepper
ജോലാന്‍ഡ സ്‌റ്റോക്കെര്‍മാന്‍ ഒരു സാധാരണ വീട്ടമ്മയാണ്. രണ്ട് മക്കളും, ഓമനനായ്ക്കളും എല്ലാമായി ബെല്‍ജിയത്തിലെ ഒരു ചെറിയ പട്ടണത്തിലാണ് ജീവിക്കുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷണം അവര്‍ക്കിഷ്ടമാകുന്നതുപോലെ എങ്ങനെ പ്ലേറ്റില്‍ ഒരുക്കാം എന്ന് ആലോചിച്ച് തലപുകച്ചപ്പോഴാണ് ഫുഡ് ആര്‍ട്ട് പരീക്ഷിക്കാന്‍ ജോലാന്‍ഡ തീരുമാനിച്ചത്. ഒരു വര്‍ഷം മുമ്പ് താന്‍ തയ്യാറാക്കുന്ന ഫുഡ് ആര്‍ട്ടുകളുടെ ചിത്രങ്ങളെടുത്തു തുടങ്ങി.

അമ്മയുടെ കലാവിരുത് കണ്ട മക്കളാണ് സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് തുടങ്ങാന്‍ ജോലാന്‍ഡയെ പ്രേരിപ്പിച്ചത്. ഡേ മീല്‍ പ്രിപ്പെര്‍ ( De Meal Prepper) എന്ന അക്കൗണ്ട് തുടങ്ങി അതില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുതുടങ്ങി. ചിത്രം വരച്ചതുപോലെ തന്നെ തോന്നുന്ന ഫുഡ് ആര്‍ട്ടുകള്‍ക്ക് ആരാധകര്‍ ഏറെയെത്തി.

മിസ്റ്റര്‍ ബീന്‍, ബോബ്മാര്‍ലി, മണിഹെയ്‌സ്റ്റിലെ ടോക്കിയോ, ഫ്രോസനിലെ എല്‍സ, ഇറ്റിലെ ക്ലൗണ്‍, ജോക്കര്‍... ഇങ്ങനെ കുട്ടികള്‍ക്കിഷ്ടമാകുന്ന പലതും ജോലാന്‍ഡ തന്റെ പ്ലേറ്റുകളില്‍ നിറയ്ക്കുന്നു. തട്ടിക്കൂട്ടലൊന്നുമല്ല ജൊലാന്‍ഡയുടെ ആര്‍ട്ട്. റിയലസ്റ്റിക് ലുക്കിലാണ് എല്ലാം. കഴിക്കാന്‍ പറ്റുന്ന സാധനങ്ങള്‍ മാത്രമാണ് ജോലാന്‍ഡ ഉപയോഗിക്കുന്നത്. മസാലക്കൂട്ടുകളാണ് ഫുഡ് ആര്‍ട്ടില്‍ നിറങ്ങള്‍ നല്‍കാനായി ചേര്‍ക്കുന്നത്. കൃത്രിമമായ സാധനങ്ങളൊന്നും ചേര്‍ക്കില്ല. കാരണം ഈ ഭക്ഷണം കുട്ടികള്‍ക്ക് വേണ്ടിയാണല്ലോ. പച്ചക്കറികള്‍, ടൊമാറ്റോസോസ്, നാച്ചുറല്‍ ഫുഡ് കളറിങ്, സോയിസോസ്, പാസ്ത, സ്‌പൈസസ്... എന്നിവയാണ് കൂടുതലായും താന്‍ ഉപയോഗിക്കുന്നതെന്ന് ജൊലാന്‍ഡ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഡേ മീല്‍ പ്രിപ്പെര്‍ ലക്ഷ്യമിടുന്നത് തിരക്കേറിയ കുടുംബങ്ങള്‍ക്കുള്ള ഡിന്നര്‍ ടിപ്പുകളാണ്. വിരുന്നുകാരെ ആകര്‍ഷിക്കുകയും വേണം, കുട്ടികള്‍ക്കടക്കം ഇഷ്ടമാകുകയും ചെയ്യണം പാചകത്തിനായി കൂടുതല്‍ സമയം കളയുകയും വേണ്ട. അത്തരം ഡിഷുകളാണ് ജോലാന്‍ഡ തയ്യാറാക്കുന്നത്. ഓരോ ചിത്രങ്ങള്‍ക്കുമൊപ്പം അവയിലെ ചേരുവകളുടെ വിവരവും തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ജോലാന്‍ഡ പോസ്റ്റ് ചെയ്യാറുണ്ട്.

രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെയാണ് ഒരു പ്ലേറ്റ് സെറ്റ് ചെയ്യാനായി ജൊലാന്‍ഡയ്ക്ക് വേണ്ടത്. ലയണ്‍, യൂണികോണ്‍, സീബ്ര, ടൈഗര്‍.. തുടങ്ങിയവയാണ് ഇഷ്ട ചിത്രങ്ങള്‍. കൊറോണക്കാലത്ത് ഫുഡ് ആര്‍ട്ടില്‍ നിരവധി ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പുകളും ജൊലാന്‍ഡ സംഘടിപ്പിച്ചിരുന്നു.
Content Highlights: Mother of two creating easy recipes and taking pictures it goes viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..