രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തുന്നത്. രാജ്യം മുഴുവന്‍ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സഹായം ആവശ്യമുള്ളവര്‍ക്ക് വേണ്ടതെല്ലാം സൗജന്യമായി നല്‍കാന്‍ തയ്യാറായി രംഗത്തിറങ്ങിരിക്കുകയാണ് മനുഷ്യസ്‌നേഹികളായ ഒട്ടനേകം പേര്‍. അത്തരത്തിലൊരു അനുഭവമാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഔദ്യോഗിക പേജിലൂടെ ഒരു അമ്മയും മകനും പങ്കുവയ്ക്കുന്നത്.  

പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന ഹീന മാണ്ഡവ്യ, ഹര്‍ഷ് മാണ്ഡവ്യ എന്ന അമ്മയും മകനുമാണ് ഇതിലെ പോരാളികള്‍. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടങ്ങിയതില്‍പ്പിന്നെ 22,000 പൊതി ഉച്ചഭക്ഷണവും, 55,000 റൊട്ടികളും, വീട്ടില്‍ത്തന്നെ ഉണ്ടാക്കിയ 6,000 മധുരപലഹാരങ്ങളുമാണ് ഇവര്‍ പാവങ്ങള്‍ക്കായി വിതരണം ചെയ്തത്. ഹര്‍ഷ് താലി ആന്‍ഡ് പറാത്താസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരാണ് ഇരുവരും.

ഹര്‍ഷ് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മകന് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഹീന തീരുമാനിക്കുയായിരുന്നു. മകന്റെ വിദ്യാഭ്യാസത്തിനും നിത്യ ചെലവുകള്‍ക്കുമായി അവര്‍ വീട്ടില്‍ത്തന്നെ ഒരു ടിഫിന്‍ സര്‍വീസ് ആരംഭിച്ചു. 'ആദ്യത്തെ ഓര്‍ഡര്‍ നല്‍കിയത് വീടിന്റെ അടുത്ത് താമസിക്കുന്ന ഒരു ആന്റിയായിരുന്നു, അതും 35 രൂപയ്ക്ക്. അതായിരുന്നു അമ്മയുടെ ആദ്യത്തെ വരുമാനം. പതിയെ ഞങ്ങളുടെ ബിസിനസിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങി. അമ്മ ഭക്ഷണം ഉണ്ടാക്കും, ഞാന്‍ വീടുകളില്‍ എത്തിക്കും', ഹര്‍ഷ് തങ്ങളുടെ ജീവിതത്തെ പറ്റി പറയുന്നു.

2003-ല്‍ ഉപഭോക്താക്കളില്‍ ഒരാളുടെ സഹായത്തോടെ അമ്മ ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ആ ഉപഭോക്താവ് 70,000 രൂപ നിക്ഷേപിക്കുകയും പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥലം വാടകയ്ക്ക് നല്‍കുകയും ചെയ്തു. അങ്ങനെയാണ് ഹര്‍ഷ് താലി ആന്‍ഡ് പറാത്താസ് എന്ന സ്ഥാപനത്തിന് തുടക്കമാകുന്നത്.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും അമ്മയുടെ കൂടെ ചേര്‍ന്ന് ഹര്‍ഷ് ഓണ്‍ലൈനിലൂടെ ബിസിനസ് കൂടുതല്‍ വിപുലീകരിച്ചു. ടിഫിന്‍ സര്‍വീസ് ആരംഭിക്കാന്‍ സഹായിച്ചവര്‍ക്ക് പണം തിരികെ നല്‍കാന്‍ പോയപ്പോള്‍ അവര്‍ അത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയും പകരം 10 പേര്‍ക്ക് അധികമായി ഭക്ഷണം നല്‍കി സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെന്ന് ഹര്‍ഷ് പറയുന്നു. അങ്ങനെയാണ് അവര്‍ 2020-ല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങിയത്.

'ആദ്യം ഞങ്ങള്‍ നൂറ് പാവപ്പെട്ട ആളുകള്‍ക്ക്  ഭക്ഷണമുണ്ടാക്കി വിതരണം ചെയ്തു. അന്ന് വൈകിട്ട് അത്തരത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് ഞാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ആളുകള്‍ ധാരാളം സഹായവുമായി എത്തി. ഇന്നും ഒരു ദിവസം 100 മുതല്‍ 150 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്.' ഹര്‍ഷ് കൂട്ടിച്ചേര്‍ത്തു.

കോവിഡിന്റെ രണ്ടാം തരംഗം വന്നതോടെ വീണ്ടും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഹര്‍ഷ് ഒരു പോസ്റ്റ് പങ്കുവെച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം രൂപയാണ് സംഭാവനയായി ലഭിച്ചത്. 'ഒരു ദിവസം ഒരു ഓള്‍ഡ് എയ്ജ് ഹോമില്‍ ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ ഒരു മുത്തശ്ശന്‍ എന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അത് വളരെ സന്തോഷം നല്‍കിയ നിമിഷമായിരുന്നുവെന്നും ഹര്‍ഷ്. 

പലരും അവരോട് ചോദിക്കും നിങ്ങളുടെ ജീവിതം പണയം വച്ച് അപരിചതരായ ആളുകളെ സഹായിക്കുന്നത് എന്തിനാണെന്ന്. അമ്മയ്ക്കും മകനും അതിന് ഒറ്റ ഉത്തരമേയുള്ളു. ' ഞങ്ങളെ ഈ നിലയിലെത്താന്‍ സഹായിച്ചത് ഞങ്ങളുടെ ആരുമല്ലാത്തവരാണ്. അതിലൊരാള്‍ എനിക്ക് എന്ത് ഗുണം എന്ന് സ്വയം ചിന്തിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ നില്‍ക്കുമായിരുന്നില്ല.' 

Content Highlights: Mother and son distributed over 22,000 meals for free in Covid crisis