ണ്ണം കുറയ്ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. അതിരാവിലെയുള്ള പാനീയത്തിൽ തുടങ്ങണം നിയന്ത്രണം. ചായയ്ക്കും കാപ്പിക്കും പകരം ചില ആരോ​ഗ്യകരമായ പാനീയങ്ങൾ ഉൾപ്പെടുത്തുക വഴി വണ്ണംകുറയ്ക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനാകും. എളുപ്പത്തിലുണ്ടാക്കാവുന്ന അത്തരം പാനീയങ്ങളെ പരിചയപ്പെടാം. 

ചൂടു നാരങ്ങാവെള്ളം

നാരങ്ങാനീരു ചേർത്ത ചൂടുവെള്ളം രാവിലെ കുടിക്കുന്നതിന് ധാരാളം ആരോ​ഗ്യകരമായ വശങ്ങളുണ്ട്. ദഹനപ്രക്രിയയെ സു​ഗമമാക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വണ്ണം കുറയ്ക്കാനുമൊക്കെ മികച്ച പാനീയമാണിത്. ഒപ്പം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നതോടെ അമിതമായി കഴിക്കാനുള്ള തോന്നൽ ഉണ്ടാകാതിരിക്കുകയും ശരീരത്തിൽ കലോറിയുടെ അളവ് കുറയ്ക്കുകയും ചെയ്യും. 

​ഗ്രീൻ ടീ

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരിലേറെയും കൂടെകൂട്ടുന്ന പാനീയമാണ് ​ഗ്രീൻ ടീ. ആന്റിഓക്സി‍‍ഡന്റുകളാൽ സമൃ​ദ്ധമായ ​ഗ്രീൻ ടീ പലവിധം അസുഖങ്ങളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. കൊഴുപ്പിനെ അലിയിച്ചു കളയാൻ പ്രാപ്തമാണ് ​ഗ്രീൻ ടീ എന്ന് ചില പഠനങ്ങൾ വരെ കണ്ടെത്തിയിരുന്നു. ഒപ്പം മെറ്റബോളിസത്തെ മെച്ചപ്പെടുത്താനുള്ള കഴിവും ​ഗ്രീൻ ടീക്കുണ്ട്. 

ആപ്പിൾ സിഡെർ വിനെ​ഗർ

ആരോ​ഗ്യ ​ഗുണങ്ങളാൽ സമൃദ്ധമാണ് ആപ്പിൾ സിഡെർ വിനെ​ഗറും. വണ്ണം കുറയ്ക്കാൻ രാവിലെ ശീലമാക്കാവുന്ന പാനീയങ്ങളിലൊന്നാണ് ഇതും. അര​ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സി‍ഡെർ വിനെ​ഗർ ചേർത്ത് കുടിക്കാം. ഇത് ദിവസവും രാവിലെ കുടിക്കുക വഴി ശരീരത്തിലെ ഉപദ്രവകാരികളായ ബാക്റ്റീരിയകളെ ഇല്ലാതാക്കാനും ബ്ലഡ് ഷു​ഗർ നില കുറയ്ക്കാനും കഴിയും. 

ജീരകവെള്ളം

ജീരക വെള്ളവും വണ്ണം കുറയ്ക്കാൻ മികച്ചതാണ്. അമിതമായ വിശപ്പ് ഇല്ലാതാക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും ജീരകവെള്ളത്തിന് കഴിവുണ്ട്. ഒരു ​ഗ്ലാസ് വെള്ളത്തിൽ ജീരകം കുതിർത്തുവച്ച് രാത്രിമുഴുവൻ വച്ച് പിറ്റേന്ന് രാവിലെ കുടിക്കാം. 

Content Highlights: Morning Drinks For Weight Loss