Montu Sainiമേല്‍വസ്ത്രത്തില്‍ വലതു നെഞ്ചിന് മുകളിലായി സ്വര്‍ണ വര്‍ണത്തില്‍ അശോകസ്തംഭം... വലതുഭാഗത്ത് കീശയുടെ പുറംഭാഗത്ത് 'മോണ്ടു സൈനി- എക്‌സിക്യുട്ടീവ് ഷെഫ്' എന്നീ അക്ഷരങ്ങള്‍... രാഷ്ട്രപതിയുടെ അടുക്കളക്കാര്യസ്ഥനെ ഒറ്റനോട്ടത്തില്‍ ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാം ഈ യൂണിഫോം കണ്ടാല്‍. 

ഒരു വര്‍ഷത്തോളമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അടുക്കളക്കാര്യസ്ഥനാണ് മോണ്ടു സൈനിയെന്ന ഹരിയാനക്കാരന്‍. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ കേരള സര്‍ക്കാരും യുനെസ്‌കോയും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് മത്സരത്തിന്റെ വിധികര്‍ത്താവായാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. 

കായല്‍ക്കരയോട് ചേര്‍ന്ന് തയ്യാറാക്കിയ വിശാലമായ അടുക്കളയില്‍ മത്സരം തകൃതിയായി നടക്കുന്നു. വിധികര്‍ത്താക്കളായി വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നായി എത്തിയവര്‍ക്കിടയില്‍ മോണ്ടു സൈനി തന്നെയായിരുന്നു താരം. 

ഇന്ത്യന്‍ ഷെഫ് ആണെന്നത് മാത്രമല്ല, യൂണിഫോമിലെ അശോകസ്തംഭത്തിന്റെ വലിപ്പത്തില്‍ നിന്നു തന്നെ അറിയാം സ്ഥാനത്തിന്റെ മഹത്വവും. ഏത് ചോദ്യത്തിനും ചിരിച്ചുകൊണ്ട് മറുപടി. എന്നാല്‍ അതിനിടയിലും ഒളിച്ചു വയ്ക്കാനുള്ളതെല്ലാം ഒളിച്ചു തന്നെ വയ്ക്കാനുള്ള തന്ത്രവും.

അന്താരാഷ്ട്രതലത്തില്‍ പ്രമുഖനായ പാചക വിദഗ്ദ്ധനാണ് മോണ്ടു സൈനി. ബെംഗളൂരുവില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്മെന്റില്‍ പി.ജി. ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്വകാര്യ ഹോട്ടലില്‍ മാനേജ്മെന്റ് ട്രെയിനി. പിന്നീട്, ഇവിടെ നിന്ന് ഹൈദരാബാദില്‍ ഐ.ടി.ഡി.സിയില്‍ ഷെഫ് ആയി നിയമനം. 

രാജ്യത്തെ പ്രമുഖരും സംസ്ഥാന ഭരണകൂടത്തില്‍ പ്രധാന സ്ഥാനങ്ങളില്‍ ഉള്ളവരും രാഷ്ട്രപതി ഭവനില്‍ അതിഥിയായി എത്തുമ്പോള്‍ പാചകത്തിന്റെ മുഖ്യചുമതല വഹിക്കുന്നത് മോണ്ടു സൈനിയാണ്. ദൈനംദിന പാചക കാര്യങ്ങളിലും ഇദ്ദേഹത്തിന് മേല്‍നോട്ട ചുമതലയുണ്ട്.

ഭക്ഷണത്തില്‍ പ്രിയമുള്ള പ്രണബ്...
രാഷ്ട്രപതിയും രാഷ്ട്രപതി ഭവനും ചേര്‍ന്നുള്ളതാവും ചോദ്യങ്ങളെന്ന് മനസ്സിലാക്കി ആദ്യമേ തന്നെ അപായ സൂചന നല്‍കി മോണ്ടു. ചോദ്യത്തിന്റെ സ്വഭാവം മാറ്റിയപ്പോള്‍ പ്രണബ് മുഖര്‍ജി തികഞ്ഞ ഭക്ഷണ പ്രേമിയെന്ന് നിറഞ്ഞ പുഞ്ചിരിയോടെ മറുപടി. 

''ഈ ജോലി ഏറെ സന്തോഷം നല്‍കുന്നതാണ്. എന്ത് പരീക്ഷണവും ഭക്ഷണത്തില്‍ നടത്തുന്നതിന് രാഷ്ട്രപതിക്ക് സന്തോഷമേ ഉള്ളൂ. ഇഷ്ടമായാല്‍ നല്ലതെന്ന് അപ്പോള്‍ തന്നെ പറയും. കഴിക്കുന്നയാളുടെ മനസ്സ് നിറയുമ്പോഴാണല്ലോ ഉണ്ടാക്കുന്നവന്റെ മനസ്സ് നിറയുക" എന്ന് കൂട്ടിച്ചേര്‍ത്തു.  

മാത്രമല്ല, പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതി ഭവനിലെ വിഭവങ്ങള്‍ പുറത്തറിയിക്കരുതെന്നാണ് ചട്ടമെന്നും വിശദീകരിച്ചു. രാഷ്ട്രപതിയ്ക്ക് ഭക്ഷണകാര്യത്തില്‍ അതിയായ താത്പര്യം ഉണ്ട്. പലതിലും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്. പക്ഷേ, ഒന്നും അടുക്കളവിട്ട് പുറത്തു പോകരുതെന്നാണ് നിയമം.

പതിനെട്ട് കൂട്ടം ഓണസദ്യ...
കേരളത്തിന്റെ തനത് വിഭവങ്ങള്‍ പരീക്ഷിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ മോണ്ടുവിന്റെ മുഖം വിടര്‍ന്നു. പതിനെട്ട് കൂട്ടം വിഭവങ്ങളുമായി നാക്കിലയില്‍ ഓണസദ്യ രാഷ്ട്രപതി ഭവനില്‍ തയ്യാറാക്കി വിളമ്പിയതിനെപ്പറ്റി വാചാലനായി: ''ആഘോഷമായിരുന്നു അന്ന് അടുക്കളയിലും. കേരളത്തില്‍ നിന്നുള്ള ഷെഫുമാരുടെ നേതൃത്വത്തിലായിരുന്നു വിഭവങ്ങള്‍ തയ്യാറാക്കിയത്. 

montu saini

എല്ലാം വിളമ്പി വെച്ചപ്പോള്‍ അതിഥിയായി മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. ഉണ്ടു കഴിഞ്ഞപ്പോള്‍ പ്രണബ് മുഖര്‍ജിക്കും പിണറായി വിജയനും ഒരേപോലെ മനം നിറഞ്ഞു. ഇരുവരും സദ്യവട്ടം ഗംഭീരമായെന്ന് പറഞ്ഞു. പിന്നീട്, സദ്യ കഴിച്ചു. ബെംഗളൂരുവിലായിരുന്നു പഠിച്ചതെങ്കിലും കേരളത്തില്‍ വരികയോ സദ്യ കഴിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. ഇത്തവണത്തെ അനുഭവം വേറിട്ടതായിരുന്നു,'' മോണ്ടു പറഞ്ഞു.

മാസ്റ്റര്‍ ഷെഫിന് ഇഷ്ടം മാതൃവിഭവം...
''അതല്ലെങ്കിലും എല്ലാവര്‍ക്കും അങ്ങനെയല്ലേ... പുറംനാട്ടിലെ ഭക്ഷണം പത്ത് ദിവസം കഴിച്ചാല്‍ എന്തായാലും സ്വന്തം നാട്ടിലെ വിഭവങ്ങളെപ്പറ്റി ഓര്‍ക്കില്ലേ? സാധിക്കുമെങ്കില്‍ അത് എവിടെ നിന്നെങ്കിലും കഴിക്കില്ലേ... ഞാനും അങ്ങനെയാണ്. എനിക്കും ഇഷ്ടം ഹരിയാനയിലെ വിഭവങ്ങള്‍ തന്നെയാണ്. 

അതിനര്‍ത്ഥം മറ്റു സഥലങ്ങളിലെ വിഭവങ്ങള്‍ മോശമാണെന്നല്ല. ഇന്ത്യയില്‍ ഓരോ ജില്ലയ്ക്കും തനത് വിഭവങ്ങള്‍ ഉണ്ട്. അവ ഓരോന്നും മികച്ചതാണ്. പുതിയ വിഭവങ്ങള്‍ പലതും പരീക്ഷിക്കാറുണ്ട്. രാഷ്ട്രപതി ഭവനിലെ അടുക്കളയിലും ചില വിഭവങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. ജിലേബി നാരങ്ങാനീരില്‍ തയ്യാറാക്കിയപ്പോള്‍ രാഷ്ട്രപതി ഏറെ അഭിനന്ദിച്ചിട്ടുണ്ട്,'' മോണ്ടു കൂട്ടിച്ചേര്‍ത്തു. 

മേയ്ക്ക് ഇന്‍ ഇന്ത്യ @ അടുക്കള...
സ്‌പൈസ് റൂട്ട് മത്സരം മോണ്ടു സൈനിക്ക് അടുക്കള വഴിയുള്ള 'മേയ്ക്ക് ഇന്‍ ഇന്ത്യ'യാണ്. വെറും പാചകമായി മാത്രം മത്സരത്തെ കാണുകയല്ല, സാംസ്‌കാരികമായ പ്രാധാന്യം കൂടി അതിനുണ്ട്. ലോകരാജ്യങ്ങളില്‍ നിന്നുള്ള ഷെഫുമാര്‍ ഇന്ത്യയുടെ പാചകകലയെ നേരിട്ടനുഭവിക്കുന്നത് അഭിമാനമാണെന്നും വിലയിരുത്തുന്നു മോണ്ടു. 

ഇന്ത്യന്‍ വിഭവങ്ങളുടെ പ്രചാരണമോ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം പ്രദര്‍ശിപ്പിക്കലോ മാത്രമായി അതിനെ ചുരുക്കാനാവില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പാചക വിദഗ്ദ്ധരെ കൊണ്ട് ഇന്ത്യന്‍ സാഹചര്യത്തിലെ വിഭവങ്ങള്‍ ഉണ്ടാക്കുക വഴി മേയ്ക്ക് ഇന്‍ ഇന്ത്യയുടെ അടുക്കള വിജയം കൂടി സാധ്യമാകുമെന്നാണ് മോണ്ടുവിന്റെ കാഴ്ചപ്പാട്.