വൈവിധ്യമേറിയ വിഭവങ്ങളാല്‍ സമൃദ്ധമാണ് ഇന്ത്യന്‍ സംസ്‌കാരം. വ്യത്യസ്ത രീതിയില്‍ തയ്യാര്‍ ചെയ്‌തെടുക്കുന്ന ഭക്ഷണങ്ങളുടെയും വിഭവങ്ങളുടെയും വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മക്‌ഡൊണാള്‍ഡ് ഫ്രഞ്ച് ഫ്രൈസ് ചേര്‍ത്തുണ്ടാക്കിയ കാപ്പിയും കോണ്‍ രൂപത്തിലുള്ള പിസയുമൊക്കെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ഭക്ഷണപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്‌നാക്കുകളിലൊന്നാണ് മോമോസ്. തീയിലിട്ട് ചുട്ടെടുക്കുന്ന മോമോസിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ആവിയില്‍ പുഴുങ്ങിയെടുക്കുന്ന മോമോസ് പാനില്‍ എണ്ണയൊഴിച്ച് വറുത്തെടുക്കുന്നതാണ് വിഡിയോയില്‍ ആദ്യം കാണാന്‍ കഴിയുക. മോമോസിന്റെ രണ്ടുവശവും എണ്ണയില്‍ വറുത്തെടുക്കുന്നു. ഇതിലേക്ക് പച്ചക്കറികളും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുന്നു. ഈ മോമോസിലേക്ക് തീ പടര്‍ത്തിയശേഷം ചുട്ടെടുക്കുന്നു. ഇത് തണുത്തശേഷം ചില്ലി സോസ് ചേര്‍ക്കുന്നു. അതിനുശേഷം വിളമ്പി നല്‍കുന്നതാണ് വീഡിയോ. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വിഡിയോ പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. 88,000-ല്‍ പരം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 
ഫയര്‍ മോമോസ് എന്നാണ് ഈ സ്‌പെഷ്യല്‍ മോമോസിന് നല്‍കിയിരിക്കുന്ന പേര്. 

നോയിഡയിലെ ജയ്പുരിയ മാര്‍ക്കറ്റിലെ വഴിയോര കച്ചവടക്കാരാനാണ് ഈ വെറൈറ്റി വിഭവം തയ്യാറാക്കി നല്‍കുന്നത്. ഫയര്‍ മോമോസ് കഴിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് വീഡിയോയ്ക്ക് ഒരാള്‍ കമന്റു ചെയ്തു. എന്നാല്‍, വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നാണ് മറ്റൊരാള്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കമന്റ്. 

Content highlights: Fire momos, viral video, Food vendor sells fire momos, Street food vendor