കൊച്ചിയുടെ മുക്കിലും മൂലയിലും ഉള്ള'മോമോസ് കോര്‍ണറുകള്‍ കണ്ട് 'മോമോസ് ഞാന്‍ എത്ര കണ്ടിരിക്കുന്നു' എന്നു പറയാന്‍ വരട്ടെ. സിക്കിംകാരുടെ അച്ചാറും ചേര്‍ത്തുള്ള മോമോസ് കഴിച്ചാല്‍ പിന്നെ, ബാക്കിയുള്ളവയോട് ഉടനെ പറയും വിട. നാവില്‍ ഇതുവരെ അറിയാത്ത സ്വാദിന്റെ താളമേളമായിരിക്കും അപ്പോള്‍.

കലൂര്‍ സ്റ്റേഡിയത്തിലെ മാതൃഭൂമി ഫെസ്റ്റിവലിലേക്ക് വന്നാല്‍ രുചിയുടെ ഇന്ത്യ കാണാം. അതില്‍ സിക്കിമിന്റെ സ്വന്തം മോമോസ് ആണ് വേറിട്ട സ്വാദനുഭവങ്ങളിലൊന്ന്. വെജിറ്റേറിയന്‍ മോമോസ്, ചിക്കന്‍ മോമോസ് എന്നിവയ്ക്കായി മുളകു ചേര്‍ത്തുള്ള അച്ചാറാണ് പ്രധാനം. ജീര റൈസ്, ചിക്കന്‍ റൈസ്, ചൗമിന്‍, ചിക്കന്‍ ഫ്രൈസ്, ആലു തുക്കപാ, ചമ്പ്റി തുടങ്ങി അനേകം സിക്കിം ഭക്ഷ്യവിഭവങ്ങളാണ് മേളയിലുള്ളത്. ബിരിയാണിയില്‍ നിന്നും കേരളത്തില്‍ കണ്ടുവരുന്ന പുലാവുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ഭക്ഷണ പദാര്‍ഥങ്ങള്‍. 1

ജീരകവും ഏലവും നിറയുന്ന മസാലക്കൂട്ടുകളാണ് ഇവയുടെ പ്രത്യേകത.  മോമോസാണ് സിക്കിംകാരുടെ തനതായ ഭക്ഷണം. എട്ട് പീസ് വെജിറ്റേറിയന്‍ മോമോസിന് 100 രൂപയും ആറു പീസ് ചിക്കന്‍ മോമോസിന് 120 രൂപയുമാണ്. കേരളത്തില്‍ നൂഡില്‍സ് എന്നു പറയുന്ന, സിക്കുകാരുടെ ചൗമിന് 80 രൂപയും ചിക്കന്‍ ഫ്രൈസിന് 20 രൂപയുമാണ് മേളയില്‍ വില. മുട്ടയുടെയും ഇറച്ചിയുടെയും വ്യത്യസ്ത രുചികള്‍ ഇവരുടെ സ്റ്റാളില്‍നിന്ന് അനുഭവിച്ചറിയാന്‍ സാധിക്കും. നിറഞ്ഞ പുഞ്ചിരിയോടെ, വളരെ ആലങ്കാരികമായാണ് ഇവര്‍ പ്ലേറ്റുകള്‍ ഒരുക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കാണുന്ന കാഴ്ചയില്‍ തന്നെ ഭക്ഷണത്തോട് ഇഷ്ടം തോന്നണമെന്നാണ് ഇവരുടെ അഭിപ്രായം. 

ഗാങ്ടോക്കിലെ റോംത്തക്കില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് ഫെസ്റ്റിവലിനുള്ളത്. ധന്‍മയാ ശര്‍മ, മെറീന തമന്‍, യംഗ്ചന്ദ് ഡൂമ ഭൂട്ടിയ, രാധിക പ്രതാന്‍, ഇന്ദ്രമായ ബസ്നിക് എന്നിവരാണിവര്‍. ചൈന അതിര്‍ത്തിയിലാണ് ഇവരുടെ വീടുകള്‍. നാട്ടില്‍ ചെറിയ ഭക്ഷണശാലകള്‍ നടത്തുകയാണ് ഈ വനിതകള്‍. ബുദ്ധവിഹാരങ്ങളില്‍ ഉത്സവവും മറ്റ് ആഘോഷങ്ങളും നടക്കുമ്പോള്‍ ഭക്ഷണമുണ്ടാക്കുന്നത് ഈ സംഘമാണ്. 

എത്രമേല്‍ സ്വാദിഷ്ടമാണോ, അത്രമേല്‍ ആരോഗ്യപ്രദവുമാണ് ഇവരുടെ ഭക്ഷണ രീതി. തേങ്ങയില്ലാതെ ഒരു കറിയുമുണ്ടാക്കാന്‍ തയ്യാറാവാത്ത മലയാളി അടുക്കളകളിലേക്ക് തെങ്ങ് കണ്ടിട്ടുപോലുമില്ലാത്ത സിക്കിം നിവാസികള്‍ പുതുരുചികള്‍ കൊണ്ടെത്തിക്കുന്നു. 

1
Image credit: Mathrubhumi 

ബുദ്ധവിഹാരങ്ങളുടെയും ലാമമാരുടെയും ഇടയില്‍ നിന്ന് എത്തിയതാണ് ഇവര്‍. ഹിമവാന്റെ അയല്‍ക്കാരായ സിക്കിം നിവാസികള്‍ അവരുടെ തനതായ ഭക്ഷ്യ വൈവിധ്യങ്ങള്‍ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് കൊച്ചിയിലെത്തിയത്. രണ്ട് കമ്പിളിപ്പുതപ്പുകള്‍ ഇട്ടാല്‍ പോലും തണുപ്പ് കുറയാത്ത നാട്ടില്‍നിന്നുള്ളവര്‍ ചൂടേറും വിഭവങ്ങള്‍ നമുക്കായി അണിനിരത്തുന്നു. ഫാനും ഫ്രിഡ്ജും അന്യമായ സിക്കിം നിവാസികള്‍ കേരനാട്ടില്‍ എത്തിയിരിക്കുന്നത് തങ്ങളുടെ കൈപ്പുണ്യം കൊണ്ട് മലയാളികളെ തങ്ങളുടെ ഇഷ്ടക്കാരാക്കാനാണ്. 

Content Highlight: mathrubhumi food festival