തന്തൂരി മോമോസ്, മഞ്ചൂരിയന്‍ മോമോസ്, ബട്ടര്‍ ചിക്കന്‍ മോമോസ് തുടങ്ങി വെജിറ്റേറിയന്‍സിനും നോണ്‍ വെജിറ്റേറിയന്‍സിനും അവരവരുടെ ഇഷ്ടങ്ങളില്‍ തിരഞ്ഞെടുക്കാന്‍ പറ്റിയ സ്‌നാക്‌സുകളിലൊന്നാണ് മോമോസ്. ഉള്ളില്‍ നിറയ്ക്കുന്ന സ്റ്റഫിങ്ങുകളാണ് മോമോസിനെ വ്യത്യസ്തമാക്കുന്നത്. വ്യത്യസ്ത രീതികളില്‍ തയ്യാര്‍ ചെയ്‌തെടുക്കുന്ന മോമോസുകളുടെ വീഡിയോ നമ്മള്‍ സോഷ്യല്‍ മീഡിയകളിലൂടെ കണ്ടിട്ടുണ്ടാകും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മണ്‍ഗ്ലാസില്‍ തയ്യാര്‍ ചെയ്‌തെടുക്കുന്ന മോമോസിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

കാപ്‌സിക്കം, ചോളം, ഉള്ളി, സോസുകള്‍ എന്നിവ ചേര്‍ത്ത് മസാല തയ്യാറാക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണാന്‍ കഴിയുക. ഈ കൂട്ടിലേക്ക് മോമോസ് ഇട്ട് നന്നായി ഇളക്കിച്ചേര്‍ത്തശേഷം മണ്‍ഗ്ലാസില്‍ ഇട്ട് അതിനുമുകളില്‍ നന്നായി ചീസ് ചേര്‍ക്കുന്നു. അതിനുശേഷം മണ്‍ഗ്ലാസോടെ മോമോസ് കൂട്ട് ഓവനില്‍ വെച്ച് ബേക്ക് ചെയ്ത് എടുക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. പെയ്ഡിഷി ഫൂഡീ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ രണ്ടു ലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.

അതേസമയം, തങ്ങളുടെ പ്രിയപ്പെട്ട വിഭവം മണ്‍ഗ്ലാസിലാക്കി ബേക്ക് ചെയ്ത രീതിയോട് ചിലര്‍ നിരാശയാണ് പ്രകടിപ്പിച്ചത്. ഇത് അല്‍പം കടന്ന കൈ ആയിപ്പോയെന്നും ഇതൊരു വിവേകശൂന്യമായ പ്രവര്‍ത്തിയായിപ്പൊയെന്നും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു.

Content highlights: momos made in Kulhad variety momos viral video