ഓൾഡ് ഫേമസ് ജിലേബി കടയിൽ ജിലേബി തയ്യാറാക്കുന്ന ജീവനക്കാരൻ |ഫോട്ടോ- പി.ജി. ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി: അടൽ ബിഹാരി വാജ്പേയ്, സഞ്ജയ് ഗാന്ധി, രാജ് കപുർ, തമന്ന ഭാട്ടിയ... ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഉൾപ്പെടെ ചാന്ദ്നി ചൗക്കിലെ ‘ഓൾഡ് ഫേമസ് ജിലേബി’യ്ക്ക് ആരാധകരേറെയാണ്. എന്നാൽ, ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകരുള്ള ജിലേബിക്കടയുടെ ഉടമയ്ക്ക് ആരാധന മലയാളികളുടെ സ്വന്തം മോഹൻലാലിനോടാണ് ! അതെ, ലാലേട്ടന് ഇങ്ങ് ഡൽഹിയിലുമുണ്ട് പിടി. ഒരു ജിലേബിപ്പിടി ! 1884-ൽ ആഗ്രയിലെ ഹരികിഗർഹി എന്ന ഗ്രാമത്തിൽനിന്ന് ഡൽഹിയിലെത്തിയ ലാലാ നെയിംചന്ദ് എന്നയാൾ ആരംഭിച്ചതാണ് ചാന്ദ്നി ചൗക്കിലെ ദരിബാ കലാൻ റോഡിലുള്ള ജിലേബി കട.
തനിക്ക് വിവാഹസമ്മാനമായി ലഭിച്ച രണ്ടുരൂപ കൊണ്ട് അദ്ദേഹം ഈ കട ആരംഭിച്ചതെന്നത് മറ്റൊരു കൗതുകം. തലമുറകൾ കൈമാറിവന്ന കടയും കച്ചവടവും പേരും പ്രശസ്തിയും ഇത് നാലാം തലമുറയിലെത്തിനിൽക്കുകയാണ്. ഇന്ന് കട നോക്കിനടത്തുന്നത് നെയിംചന്ദിന്റെ പേരമകന്റെ, മകൻ അഭിഷേക് ജെയിനാണ്. സഹായത്തിന് അഭിഷേകിന്റെ അച്ഛൻ കൈലാഷ് ചന്ദ് ജെയിനുമുണ്ട്. കൈലാഷ് ചന്ദ് ജെയിനിന്റെ പിതാവ് ലാലാ ഗ്യാൻചന്ദും അദ്ദേഹത്തിന്റെ അവസാനനാൾവരെ കടയിൽ പ്രവർത്തിച്ചിരുന്നു.
പ്രധാനമന്ത്രിയായിരിക്കെ, അടൽ ബിഹാരി വാജ്പേയിയുടെ പിറന്നാളിന് അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിൽ പോയി ജിലേബി തയ്യാറാക്കി വിളമ്പിയ ചരിത്രവുമുണ്ട് ഓൾഡ് ഫേമസ് ജിലേബി കടയ്ക്ക്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഷാഹിദ് കപൂർ, സോനം കപൂർ തുടങ്ങി ഒട്ടേറെ താരങ്ങളും ഇവിടത്തെ നിത്യസന്ദർശകരാണ്. മലയാള സിനിമാതാരം മോഹൻലാലിന്റെ കടുത്ത ആരാധകനായ അഭിഷേക് ജെയിൻ ദൃശ്യം സിനിമയുടെ മൂന്നാം പതിപ്പിനായുള്ള കാത്തിരിപ്പിലുമാണ് ! ജിലേബി മാവ് നിറച്ച തുണിസഞ്ചി വൃത്താകൃതിയിൽ തിളയ്ക്കുന്ന നാടൻ നെയ്യിലേക്ക് ഞെക്കിയൊഴിച്ചാണ് ഓരോ ജിലേബിയും വറുത്തെടുക്കുന്നത്. വിറകടുപ്പിൽ വറുക്കുന്ന ജിലേബികൾ സ്വർണനിറമാവുന്നതോടെ ചൂടോടെ കോരിയെടുത്ത് പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ മിശ്രിതത്തിൽ അല്പനേരം മുക്കിവെക്കുന്നു. ശേഷം, ഇളംചൂടോടെ നാടൻപശുവിൻ പാലിൽ തയ്യാറാക്കിയ മധുരമൂറും റാബ്ഡിക്കൊപ്പമാണ് വിളമ്പുക. പാചകത്തിനുപയോഗിക്കുന്ന പഞ്ചസാരയാണ് തങ്ങളുടെ സ്വാദിന്റെ രഹസ്യമെന്ന് ഉറച്ചുപറയുന്നു അഭിഷേക്. കടയുടെ ആരംഭകാലത്ത് ഉപയോഗിച്ചിരുന്ന അതേ മാന്ത്രികച്ചേരുവകളാണ് 138 വർഷങ്ങൾക്കിപ്പുറം അഭിഷേകും ഉപയോഗിക്കുന്നത്. പിന്തുടരുന്നത് അതേ പാചകരീതിയും. കടയിൽ അഭിഷേകിന് സഹായത്തിന് പതിനെട്ട് ജോലിക്കാരുണ്ട്.
ജിലേബിക്ക് പുറമെ, രണ്ടുതരം സമൂസകൾ മാത്രമാണ് കടയിലെ മറ്റു വിഭവങ്ങൾ- ആലൂ സമൂസയും മട്ടർ സമൂസയും. നൂറു ഗ്രാം തൂക്കം വരുന്ന ജിലേബിക്ക് 60 രൂപയാണ് വില. കിലോയ്ക്ക് 600 രൂപ വരെയാണ് ജിലേബിയ്ക്ക് ഈടാക്കുന്നത്. ആലൂ സമൂസയ്ക്ക് 20-ഉം മട്ടർ സമൂസയ്ക്ക് 25 രൂപയും വിലയുണ്ട്. ഓൺലൈൻ ഭക്ഷണശൃംഖലയിലൊന്നും ഓൾഡ് ഫേമസ് ജിലേബി കിട്ടില്ല. അതിനൊരു കാരണവും പറയുന്നു അഭിഷേക്- ജിലേബി എത്തിച്ചു നൽകുന്ന ഡെലിവറി ജോലിക്കാർ ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേക്കും ജിലേബിയുടെ ചൂട് കുറഞ്ഞുകാണും. അത് തങ്ങളുടെ തനത് രുചിയെയും വിശ്വാസ്യതയെയും ബാധിക്കും. രാവിലെ എട്ട് മണി മുതൽ രാത്രി ഒമ്പതര വരെയാണ് കടയുടെ പ്രവർത്തനസമയം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..