മേരിക്കയുടെ മുന്‍ പ്രഥമ വനിതയായ മിഷേല്‍ ഒബാമയെ തേടി ഇപ്പോഴത്തെ പ്രഥമ വനിതയായ ഡോ. ജില്‍ ബൈഡന്റെ ഒരു  സ്‌നേഹസമ്മാനമെത്തി. വലിയ വിലകൂടിയ സമ്മാനമൊന്നുമല്ല.  വൈറ്റ് ഹൗസിന്റെ അടുക്കളത്തോട്ടത്തിലുണ്ടായ പച്ചക്കറികള്‍ നിറച്ച ഒരു കൂടയായിരുന്നു ആ രസകരമായ സമ്മാനം. 

തനിക്കു ലഭിച്ച ആ സമ്മാനത്തെ 'കരുതലിന്റെ മനോഹരമായ സമ്മാനപ്പൊതി എന്നാണ് മിഷേല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പച്ചക്കറികൂടയുടെ ചിത്രവും മിഷേല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

വൈറ്റ് ഹൗസിലെ ഗാര്‍ഡനില്‍ നിന്നുള്ള ഈ പച്ചക്കറികള്‍ വളരെ രുചികരമാണെന്നും അതിന് ജില്ലിനോടുള്ള നന്ദിയും മിഷേല്‍ ചിത്രത്തിന്റെ ക്യാപ്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്റെ ഉറ്റസുഹൃത്തിനോടുള്ള സ്‌നേഹവും. പച്ചക്കറികള്‍ ലഭിച്ച സന്തോഷം അറിയിച്ചുകൊണ്ടുള്ള മിഷേലിന്റെ  പോസ്റ്റിന്  മറുപടിയായി 'ഭക്ഷണം സ്‌നേഹമാണ്' എന്ന് ജില്‍ ബൈഡനും കുറിച്ചു.

2,800 സ്‌ക്വയര്‍ ഫീറ്റുള്ള വൈറ്റ് ഹൗസിലെ ഈ തോട്ടത്തില്‍ നിന്നുള്ള പച്ചക്കറികളാണ് ഇവിടെ എത്തുന്ന അതിഥികള്‍ക്ക് വിഭവങ്ങള്‍ ഒരുക്കാന്‍ ഉപയോഗിക്കുന്നത്. വീട്ടില്‍ തന്നെ ഭക്ഷണമൊരുക്കുന്നതിന് ആളുകള്‍ക്ക് മാതൃക നല്‍കാന്‍ കൂടിയാണ് ഈ സംവിധാനം. 

2009 ല്‍ പ്രഥമവനിതയായിരിക്കെ മിഷേല്‍ തന്നെയാണ് വൈറ്റ് ഹൗസിന്റെ അടുക്കളത്തോട്ടത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. പ്രാദേശികമായി വിളയുന്ന പച്ചക്കറികള്‍ തന്നെയാണ് ഇവിടെ കൃഷിചെയ്തിരിക്കുന്നതും. വൈറ്റ് ഹൗസില്‍ താന്‍ വളര്‍ത്തിയെടുത്ത അടുക്കളത്തോട്ടത്തെ പറ്റി  മിഷേല്‍ ഒബാമ 'അമേരിക്കന്‍ ഗ്രോണ്‍ : സ്റ്റോറി ഓഫ് വൈറ്റ് ഹൗസ് കിച്ചന്‍ ഗാര്‍ഡന്‍ ആന്‍ഡ് ഗാര്‍ഡന്‍സ് എക്രോസ് അമേരിക്ക' എന്ന പേരില്‍ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. 

Content Highlights: Michelle  thanks First Lady for  'care package' of vegetables  from  White House Kitchen Garden