തിരുവനന്തപുരം: ശ്രുതിയൊത്തൊരു പാട്ടുപോലെയാണ് ഇവിടെ ചേരുവകളൊക്കെ കൃത്യമായ വിഭവങ്ങൾ പിറക്കുന്നത്. പുല്ലാങ്കുഴലിനു പകരം കുക്കർ വിസിൽ മുഴങ്ങുന്ന ഈ സംഗീതവീട്ടിലെ പ്രധാന പാചകക്കാരൻ എം.ജി. ശ്രീകുമാർ. ലോക്‌ഡൗൺ കാലം വീട്ടിനുള്ളിലായപ്പോൾ പാചകത്തോടുള്ള പഴയ ഇഷ്ടം ‘കറിപ്പൊടി തട്ടിയെടുത്ത്’ ആരാധകർക്ക് പുത്തൻ വിഭവങ്ങൾ സമ്മാനിക്കുകയാണ് ഗായകൻ എം.ജി. ശ്രീകുമാർ. ഒപ്പം ലോക്‌ഡൗൺകാല വിരസതയ്ക്ക് രുചികൊണ്ട് അതിജീവനവും. തന്റെ യൂട്യൂബ് ചാനലിൽ പാട്ടുകളേക്കാൾ ലൈക്കുകൾ കുക്കറി നേടുന്നതുകണ്ട് എം.ജി.ശ്രീകുമാറും അത്ഭുതപ്പെടുകയാണ്.
ലോക്ഡൗണിന്റെ തുടക്കത്തിൽത്തന്നെ ജഗതിയിലെ വീട്ടിനുള്ളിലായതാണ് എം.ജി.ശ്രീകുമാറും ഭാര്യ ലേഖാ ശ്രീകുമാറും. വീടിനോടുചേർന്ന സ്റ്റുഡിയോയിൽ ചില പാട്ടുകളുടെ റെക്കോഡിങ്ങും തന്റെ പഴയ ഗാനങ്ങളുടെ ആധുനിക ക്വാളിറ്റിയിലേക്ക് മാറ്റലുമൊക്കെയായി തിരക്കിലായിരുന്നു കുറച്ചുനാൾ. ഓൺലൈൻ റെക്കോഡിങ്ങുകൾ കഴിഞ്ഞും സമയം ഒരുപാട് കിട്ടിയപ്പോഴാണ് പാചകത്തിലേക്ക് കടന്നത്.
ലാലേട്ടനെ വീഴ്ത്തിയ മസാലയില്ലാ മട്ടൻ സ്റ്റൂ...
പ്രിയ വിഭവമായ മട്ടൻ സ്റ്റൂ ആണ് എം.ജി.ശ്രീകുമാർ ആദ്യം പരീക്ഷിച്ചത്. മസാലയോ മല്ലി, ജീരകാദികളോ ഒന്നുമില്ലാത്ത മട്ടൻ സ്റ്റൂ. പച്ചമുളകും ഉപ്പും തേങ്ങാപ്പാലും പ്രധാന ചേരുവയായി ഉരുളക്കിഴങ്ങും കാരറ്റുമൊക്കെ ചേർന്ന ഈ വെറൈറ്റി മട്ടൻ ഡിഷ് യൂട്യൂബിൽ ഹിറ്റായി. സൂപ്പർതാരം മോഹൻലാൽ ഇത് കണ്ട് പരീക്ഷിച്ചുനോക്കി. സംഭവം ഇഷ്ടപ്പെട്ട ലാൽ ശ്രീകുമാറിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. അടുത്ത വെറൈറ്റിക്കായി കാത്തിരിക്കുകയാണെന്നാണ് മോഹൻലാൽ പറഞ്ഞത്.
വ്യത്യസ്തമായ തലക്കറിയും ഭാര്യ ലേഖയുടെ മാമ്പഴ പ്പുളിശ്ശേരിയുമായിരുന്നു പിന്നാലെ. എല്ലാത്തിനും വമ്പൻ ലൈക്കുകളും. പാചകത്തിന് മേമ്പൊടിയായി ശ്രീകുമാറിന്റെ മൂളിപ്പാട്ടുകളും കൂടിയാകുമ്പോൾ ആസ്വാദകർക്ക് ഇരട്ടി സന്തോഷം. പാട്ടുകൾ മാത്രമായിരുന്നപ്പോൾ ‘എം.ജി.ശ്രീകുമാർ ഒഫീഷ്യൽ എം.ജി.’ എന്ന തന്റെ യൂട്യൂബ് ചാനലിന് കിട്ടിയിരുന്ന പതിനായിരങ്ങളുടെ ലൈക്ക് ഇപ്പോൾ ലക്ഷങ്ങളായതായി ഇദ്ദേഹം പറയുന്നു.
ഇതിനിടയിൽ കാട്ടിൽമേക്കത് ക്ഷേത്രത്തിലേക്ക് ഒരു ഭക്തിഗാനം ചിട്ടപ്പെടുത്തി റെക്കോഡ് ചെയ്തിരുന്നു. വെൺപാലവട്ടം ക്ഷേത്രത്തിലേക്കുള്ള ഗാനവും ഇറങ്ങി. മറ്റിടവേളകളിൽ സിനിമ കാണലാണ് പ്രധാനം. ഈ അടുക്കളയിൽനിന്ന് അടുത്ത ദിവസം പുറത്തിറങ്ങുന്നത് കറിവേപ്പില ചിക്കൻ എന്ന വ്യത്യസ്ത രുചിക്കൂട്ടാണ്.
Content Highlights: mg sreekumar about youtube channel food mohanlal