shivadasan food

പൊതു വിപണിയില്‍ അല്പം വില കയറിയാല്‍ ഹോട്ടല്‍ ഭക്ഷണത്തിന് കുത്തനെ വില കയറ്റുന്ന കാലത്ത് അമ്പത് രൂപയ്ക്ക്  സദ്യ വിളമ്പുകയാണ് നെട്ടൂര്‍ ചെറുകാട്ടില്‍ സി.പി. ശിവദാസന്‍.

മാങ്ങ, നാരങ്ങ അച്ചാറുകള്‍, ഉപ്പേരി, ശര്‍ക്കരവരട്ടി, തോരന്‍, സാമ്പാര്‍, അവിയല്‍, കാളന്‍, രസം, ചോറ്, പപ്പടം, പച്ചടി, പച്ചമോര്, പായസം, ചുക്ക് വെള്ളം, വാഴയില എന്നിവ ഉള്‍പ്പെട്ടതാണ് ശിവദാസന്റെ സദ്യ. 

പാചകക്കാരനും എറണാകുളം മുന്‍സിഫ് കോടതിയിലെ ജീവനക്കാരനുമായിരുന്ന പരമേശ്വരന്‍ നായരുടെ മൂത്ത മകനാണ് ശിവദാസന്‍. അച്ഛന്റെ കൂടെ സഹായിയായി പോയാണ് പാചകം പഠിച്ചത്. അച്ഛന്റെ കാലശേഷം പാചകവൃത്തി ശിവദാസന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. 

എറണാകുളം ഫിഷറീസ് വകുപ്പിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പാചകം വിപുലമാക്കിയത്. ഇപ്പോള്‍ നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ 'ശ്രീ കല്ലാത്തപ്പന്‍' എന്ന പേരില്‍ കാറ്ററിംഗ് സ്ഥാപനം നടത്തുന്നു.

സദ്യക്ക് വിളമ്പുന്നതിലും കൂടുതല്‍ വിഭവങ്ങള്‍ വേണ്ടവര്‍ക്ക് അല്പം തുക കൂട്ടി നല്‍കി വാങ്ങാം. 

ശിവദാസന് ഇപ്പോള്‍ വയസ്സ് 70, പാചകരംഗത്ത് 38 വര്‍ഷം പിന്നിടുന്നു. സാധാരണക്കാരന് ന്യായവിലയ്ക്ക് വൃത്തിയുള്ള ഭക്ഷണം നല്‍കാന്‍ കഴിയുന്നു എന്നതാണ് തന്റെ നേട്ടമെന്ന്  ശിവദാസന്‍ പറയുന്നു.

ന്യായവിലയ്ക്ക് സദ്യ നല്‍കുന്നതിനാല്‍ കല്യാണം, പേരിടല്‍, അടിയന്തിരം, വീട് താമസം തുടങ്ങിയവയ്ക്കായി നിരവധി പേരാണ് ദൂരെ സ്ഥലങ്ങളില്‍ നിന്നു വരെ ശിവദാസനെ തേടിയെത്തുന്നത്. 

ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ സൗജന്യമായി ഭക്ഷണമെത്തിക്കും. വിളമ്പുകാരെ വേണമെങ്കില്‍ മാത്രം അതിനുള്ള ചെലവ് പ്രത്യേകം നല്‍കേണ്ടിവരും. ദൂരെ ദേശങ്ങളില്‍ വലിയ സദ്യകള്‍ക്കാണെങ്കില്‍ സഹായികള്‍ക്ക് ഒപ്പമെത്തി തയ്യാറാക്കി കൊടുക്കും. 

പാവപ്പെട്ടവരുടെ കല്യാണ ആവശ്യങ്ങള്‍ക്കും മറ്റും ആശ്വാസമാവുകയാണ് ഈ പാചകക്കാരന്‍. ശിവദാസന് മൊത്ത വിലയ്ക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും നല്‍കുന്നവരുണ്ട്.

സഹായികളും കുറഞ്ഞ കൂലിയാണ് വാങ്ങുന്നത്. അധിക ലാഭം ആഗ്രഹിക്കാത്തതിനാലാണ് കുറഞ്ഞ നിരക്കില്‍ സദ്യ വിളമ്പാനാകുന്നതെന്നും ശിവദാസന്‍ പറയുന്നു. 

നെട്ടൂര്‍ സ്വദേശിയാണെങ്കിലും ഇപ്പോള്‍ മരട് കണ്ണാടിക്കാട് ഉഷസ്സില്‍ ഭാര്യ ഉഷയോടൊപ്പമാണ് താമസം. മൂത്ത മകള്‍ സ്മിത മരട് സരോവരം ഹോട്ടലില്‍ അക്കൗണ്ട്‌സ് ജീവനക്കാരിയാണ്. മരുമകന്‍ സുരേഷ് കേരള പോലീസിലും. ഇളയ മകള്‍ ശ്രീജയും കുടുംബവും കോയമ്പത്തൂരിലാണ്.