ഒരൊറ്റ ദിവസം കൊണ്ട് സങ്കടക്കണ്ണീർ ആനന്ദക്കണ്ണീരിലേക്കു മാറിയ കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കണ്ടത്. ഡൽഹിയിലെ മാളവ്യ നഗറിൽ 'ബാബാ കാ ധാബ' എന്ന പേരിൽ ഭക്ഷണശാല നടത്തി ഉപജീവനം കണ്ടെത്തുന്ന കാന്താപ്രസാദ് എന്ന എൺപതുകാരനും ഭാര്യയും നിറകണ്ണുകളോടെയാണ് തങ്ങളുടെ ജീവിതകഥ പങ്കുവച്ചത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലാവുകയും നാനാഭാഗത്തു നിന്നുള്ളവർ ബാബാ കാ ധാബയിലെത്തുകയും ചെയ്തതിന്റെ വീഡിയോയും പിന്നാലെ തരംഗമായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യകാലജീവിതത്തേക്കുറിച്ചും അതിജീവനത്തേക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കാന്താപ്രസാദ്.
കാന്താപ്രസാദിന് വെറും അഞ്ചു വയസ്സുള്ളപ്പോഴാണ് ബദാമി ദേവിയെ വിവാഹം കഴിക്കുന്നത്. അന്ന് ബദാമിയുടെ പ്രായം മൂന്ന്. ഉത്തർപ്രദേശിൽ നിന്നുള്ള ഇരുവരും കാന്താപ്രസാദിന് ഇരുപത്തിയൊന്നു വയസ്സു പ്രായമുള്ളപ്പോഴാണ് ഡൽഹിയിലേക്കു ചേക്കേറുന്നത്. തുടക്കത്തിൽ പഴക്കച്ചവടം ചെയ്ത് ജീവിതവൃത്തി കണ്ടെത്തിയ കാന്താപ്രസാദ് വൈകാതെ പാചകമേഖലയിലേക്കു കടക്കുകയായിരുന്നു.
This video completely broke my heart. Dilli waalon please please go eat at बाबा का ढाबा in Malviya Nagar if you get a chance 😢💔 #SupportLocal pic.twitter.com/5B6yEh3k2H
— Vasundhara Tankha Sharma (@VasundharaTankh) October 7, 2020
1988 മുതൽ ഇരുവരും ബാബാ കാ ധാബ നടത്തി വരുന്നുണ്ട്. പക്ഷേ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കച്ചവടം വളരെ മോശമായിരുന്നു. കൊറോണക്കാലത്ത് അവ ദുരിതം ഏറുകയും ചെയ്തു. അന്നന്നത്തെ ജീവിതവൃത്തിക്കു വേണ്ടിയായിരുന്നു ഭക്ഷണശാല നടത്തിയിരുന്നതെങ്കിലും അതുപോലും കിട്ടാൻ വഴിയില്ലാതായി. അതിനിടയ്ക്ക് ഒരു ഫുഡ്ബ്ലോഗർ പകർത്തിയ വീഡിയോ ഇത്രത്തോളം പ്രശസ്തി തരുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും കാന്താപ്രസാദ് പറയുന്നു. നിരവധി എൻ.ജി.ഒകളിൽ നിന്നും താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് തന്നെ കാണാനെത്തിയത്. ഇരുപത്തിയൊന്നാം വയസ്സുമുതൽ താൻ കാണുന്ന സ്വപ്നമാണ് ഇതെന്നും കാന്താപ്രസാദ് പറയുന്നു.
നിലവിൽ ഒരു ഫുഡ് ഡെലിവറി ആപ്പിലും ഇടം നേടിയിട്ടുള്ള ബാബാ കാ ധാബയിൽ ഓൺലൈൻ വഴിയും ഭക്ഷണങ്ങൾ ആവശ്യപ്പെടുന്നവരുണ്ട്. ധാരാളം പേർ ബുക് ചെയ്യുന്നതിനാൽ ഓൺലൈൻ ഓർഡറുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരാളെ നിയമിക്കാനൊരുങ്ങുകയാണ് കാന്താപ്രസാദ്. ജീവിതത്തിൽ മനസ്സു നിറഞ്ഞ് ആഗ്രഹിച്ചതെന്തും സത്യമാവുമെന്നതിന് ഉദാഹരണമാണ് തന്റെ ജീവിതമെന്നും കാന്താപ്രസാദ് പറയുന്നു.
ഫുഡ് ബ്ലോഗർ ഗൗരവ് വാസൻ പകർത്തിയ വീഡിയോയാണ് ട്വിറ്ററിലൂടെ ബാബയുടെ ദുരിതം ലോകത്തെ അറിയിച്ചത്. ഭാര്യ ബദാമി ദേവിക്കൊപ്പം ഏറെക്കാലമായി ധാബ നടത്തുകയാണ് ബാബ. ഇവരുടെ അധ്വാനം ദിവസവും രാവിലെ ആറരയ്ക്കു തുടങ്ങും. മുപ്പതും അമ്പതും രൂപയ്ക്ക് ദാലും ചോറും പൊറോട്ടയുമൊക്കെ ഇവിടെ കിട്ടും. എന്നാൽ, കടയെക്കുറിച്ചു ബ്ലോഗറോടു സംസാരിക്കവേ ബാബയുടെ മുഖം കണ്ണീരിൽക്കുതിരുകയായിരുന്നു. കോവിഡ് തകർത്തെറിഞ്ഞ നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള ദൃശ്യവിവരണം ട്വിറ്ററിൽ വൈറലായി.
വ്യാഴാഴ്ച രാവിലെയോടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോകളിലൊന്നായിരുന്നു ബാബയുടെ ദുരിതകഥ. ക്രിക്കറ്റ്താരം ആർ അശ്വിൻ, ബോളിവുഡ് താരങ്ങളായ സോനം കപൂർ, രവീണ ടണ്ഠൻ, സുനിൽ ഷെട്ടി തുടങ്ങിയവരും കാന്താപ്രസാദിന്റെ വീഡിയോ പങ്കുവച്ചിരുന്നു.
Content Highlights: Married At 5 To Success At 80, Baba Ka Dhaba’s Journey