പഠിച്ചത് എൻജിനീയറിങ്, കോവിഡ് കാലത്ത് മൊട്ടിട്ട ആശയം; മാരിനേറ്റഡ് വിഭവങ്ങളുടെ ലോകംതീർത്ത് ദമ്പതിമാര്‍


സിറാജ് കാസിം

നമ്മുടെ നാട്ടില്‍ അധികമൊന്നും കാണാത്ത മാരിനേറ്റഡ് ഫുഡ് എത്രത്തോളം ആളുകള്‍ സ്വീകരിക്കുമെന്നു ആദ്യം അറിയില്ലായിരുന്നു.

വിഷ്ണു മാധവനും അഹന റഹിനുംകുഞ്ഞിനൊപ്പം | Photo: Mathrubhumi

കൊച്ചി: കേരള സ്റ്റൈല്‍ കാന്താരി ചിക്കനും ബട്ടര്‍ ഗാര്‍ലിക് ചിക്കനും നടുവിലായിരുന്നു 'അവന്‍' അതിഥികളെ കാത്തിരുന്നത്. നമ്മുടെ കഥാനായകന്റെ പേര്, മംഗ്ലൂരിയന്‍ ചിക്കന്‍ നെയ്റോസ്റ്റ്. പാത്രം നിറഞ്ഞുകവിയുന്ന നമ്മുടെ സാക്ഷാല്‍ നെയ്റോസ്റ്റിനെ പ്രതീക്ഷിച്ചിരുന്നാല്‍ അവിടെ നിങ്ങള്‍ക്കു തെറ്റും. പാത്രത്തിനുള്ളില്‍ ഏറെ അനുസരണയോടെ ഒതുങ്ങി മംഗ്ലൂരിയന്‍ ചിക്കന്‍ നെയ്റോസ്റ്റ് വന്നിരിക്കുമ്പോള്‍ അദ്ഭുതം തോന്നാം. അദ്ഭുതങ്ങളുടെയും രുചിയുടെയും പുതിയ ലോകങ്ങള്‍ തീര്‍ക്കുന്ന ഭക്ഷണം പോലെയാണ് വിഷ്ണു മാധവന്റെയും അഹന റഹിനിന്റെയും ജീവിതവും.

മാരിനേറ്റഡ് ഒരു സാധ്യതയാണ്കടവന്ത്ര കെ.പി. വള്ളോന്‍ റോഡില്‍ സില്‍ക്കോണ്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം 'ദ മാരിനേഡ്' എന്ന പേരില്‍ മാരിനേറ്റഡ് ഭക്ഷണങ്ങളുടെ പുതുമയാര്‍ന്ന ലോകമാണ് വിഷ്ണുവും അഹനയും ചേര്‍ന്നൊരുക്കുന്നത്. ''കോതമംഗലം എം.എ. കോളേജിലാണ് ഞാന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ചത്. അഹന ആരക്കുന്നം ടോക് എച്ച് എന്‍ജിനീയറിങ് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ്ങും. ബാല്യകാല സുഹൃത്തുക്കളായ ഞങ്ങള്‍ പഠനത്തിനു ശേഷം കോവിഡ് കാലത്താണ് മാരിനേറ്റഡ് മീറ്റ് എന്ന ആശയത്തിലേക്കു വരുന്നത്.

നമ്മുടെ നാട്ടില്‍ അധികമൊന്നും കാണാത്ത മാരിനേറ്റഡ് ഫുഡ് എത്രത്തോളം ആളുകള്‍ സ്വീകരിക്കുമെന്നു ആദ്യം അറിയില്ലായിരുന്നു. എന്നാല്‍ ജോലിത്തിരക്കുള്ള കുടുംബത്തിനും ബാച്ചിലേഴ്‌സിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ് മാരിനേറ്റഡ് മീറ്റിന്റെ സാധ്യത എന്നു ഞങ്ങള്‍ക്കു മനസ്സിലായി. ഇവിടെ വരുന്നവര്‍ക്കു വായുരഹിത ബോക്സില്‍ അടച്ചാണ് മാരിനേറ്റഡ് മീറ്റ് നല്‍കുന്നത്. വീട്ടില്‍ കൊണ്ടുപോയി എപ്പോള്‍ വേണമെങ്കിലും പാചകം ചെയ്തു കഴിക്കാം. ഇവിടെയിരുന്നു കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മീറ്റ് ഗ്രില്‍ ചെയ്തു നല്‍കാറുമുണ്ട്.'' വിഷ്ണു 'ദ മാരിനേഡ്' എന്ന ആശയത്തിന്റെ കഥ പറഞ്ഞു.

മാഡ്രിഡും ഇറ്റാലിയന്‍ വൈനും

അഹന സ്പെയിനിലെ മാഡ്രിഡും ഇറ്റലിയിലെ മിലാനും കടന്നാണ് കടവന്ത്രയിലെ മാരിനേഡില്‍ എത്തുന്നത്. ''എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് ദുബായില്‍ പേസ്ട്രി ഷെഫ് കോഴ്സില്‍ ചേര്‍ന്നു. അതുകഴിഞ്ഞ് ഇറ്റലിയിലെ മിലാനില്‍ ഫുഡ് ആന്‍ഡ് വൈന്‍ പെയറിങ് കോഴ്സും പഠിച്ചു. വൈന്‍ കഴിക്കേണ്ട രീതിയും ഏതൊക്കെ ഭക്ഷണത്തോടു ചേര്‍ന്നു ഏതൊക്കെ വൈന്‍ കഴിക്കണമെന്നതും പഠിക്കേണ്ട കാര്യമാണ്. യൂറോപ്പില്‍ പല തരത്തിലുള്ള പഴങ്ങളുടെ വൈനുകളുണ്ട്. സ്പെയിനിലെ സഞ്ചാരത്തിനിടയില്‍ മാഡ്രിഡിലെ റെസ്റ്റോറന്റിലാണ് ഞങ്ങള്‍ മാരിനേറ്റഡ് മീറ്റുകളുടെ വലിയ നിര കണ്ടത്. അത്തരത്തിലൊന്ന് നമ്മുടെ കൊച്ചിയിലും സാധ്യമാക്കണമെന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ദ മാരിനേഡ് തുടങ്ങിയത്.'' അഹന പറഞ്ഞു.

ലാവാ റോക്കിലെ ചുട്ടെടുക്കല്‍

മാരിനേറ്റഡ് മീറ്റിന്റെ വലിയൊരു ലോകം സൃഷ്ടിക്കുമ്പോള്‍ അതെല്ലാം പൊരിച്ചെടുക്കാന്‍ ലാവാ റോക്ക് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളാണ് ദ മാരിനേഡിലുള്ളത്. ''ലാവാ റോക്കിന്റെ കഷണങ്ങള്‍ക്കു മുകളില്‍ വെച്ചു ചുട്ടെടുക്കുമ്പോള്‍ ചിക്കനും ബീഫിനുമൊക്കെ പ്രത്യേക സ്വാദുണ്ടാകും. ഏതാണ്ടു നൂറുഗ്രാം ഭാരം വരുന്ന കോഴിയിറച്ചിക്കഷണങ്ങളാണ് ലാവാ റോക്കിനു മുകളില്‍ നിരത്തി ചുട്ടെടുക്കുന്നത്. ഇറച്ചി മൃദുവാകാനുള്ള പല തരം മസാലക്കൂട്ടുകള്‍ അരച്ചു പിടിപ്പിച്ചാണ് കനലിലേക്കു വെയ്ക്കുന്നത്. ചൂടുവെള്ളത്തിലിട്ട് അലിയിച്ചെടുത്ത വാളംപുളിയുടെ സത്തും തേനും നെയ്യും തേച്ചുപിടിപ്പിക്കുന്നതാണ് മംഗ്ലൂരിയന്‍ ചിക്കന്റെ സ്വാദിന്റെ രഹസ്യം. ചിക്കനില്‍ ബട്ടര്‍ ഗാര്‍ലികും കാന്താരിയും ഗ്രീന്‍ പെപ്പറും ഒക്കെയായി പല സ്വാദുകളില്‍ ഗ്രില്‍ ചെയ്യാം. ബീഫു കൊണ്ട് കബാബ് ഉള്‍പ്പെടെയുള്ള പല വെറൈറ്റികളും ഞങ്ങള്‍ ചെയ്യാറുണ്ട്. കുബ്ബൂസ് പോലെയുള്ള ടോര്‍ട്ടിയ എന്ന ഭക്ഷണമാണ് മാരിനേറ്റഡ് മീറ്റിനൊപ്പം നല്‍കുന്നത്. 15 ഫ്‌ലേവറിലുള്ള മാരിനേറ്റഡ് മീറ്റ് ഉണ്ടെങ്കിലും ഓരോ ദിവസവും അഞ്ചു ഫ്‌ലേവര്‍ മാത്രമാണ് വിളമ്പുന്നത്.'' വിഷ്ണു 'ദ മാരിനേഡി'ലെ ഭക്ഷണവിശേഷങ്ങള്‍ പങ്കുവെച്ചു.

Content Highlights: couple with marinated food items, marinated food, kochi marinade, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented