മുംബൈ നഗരത്തില്‍ ഒരു ഊട്ടുപുരയുണ്ട്. തനതായ കേരളീയ വിഭവങ്ങള്‍ വിളമ്പുന്ന, നമ്മള്‍ മലയാളികള്‍ പോലും മറന്നുപോയ ഭക്ഷണശീലങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരിടം. കരീന കപൂര്‍, മലൈക അറോറ, അമൃത അറോറ തുടങ്ങിയ ബോളിവുഡിലെ താരറാണിമാര്‍ പോലും ഈ ഊട്ടുപുരയുടെ ആരാധകരാണ് എന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. അതിന്റെ അമരക്കാരി ദാറ്റ് തലശ്ശേരി ഗേള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മെറീന ബാലകൃഷ്ണന്‍. അന്‍പത് വയസ്സിന് ശേഷം വിശ്രമജീവിതം നയിക്കാമെന്ന് ആലോചിക്കുന്നവരില്‍ നിന്ന് മെറീന വ്യത്യസ്തയാകുന്നത് അവിടെയാണ്. 

2017 ല്‍ അമേരിക്കയില്‍ പോയി പാചകം പഠിക്കുന്നു. ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നു. ഇന്ത്യയിലേക്ക് മടങ്ങി മുംബൈ നഗരത്തില്‍ ഊട്ടുപുര എന്ന സംരംഭം ആരംഭിക്കുന്നു. അതും ലോക്ഡൗണ്‍ കാലത്ത്. നമ്മുടെ പ്രിയപ്പെട്ട അവിയലും സാമ്പാറും കഞ്ഞിയും പയറും ചുട്ടപപ്പടവും കൊഴുക്കട്ടയും ഇടിയപ്പവും ഏലാഞ്ചിയും ഇലയടയും കൂടാതെ നമ്മളില്‍ പലരും അധികം കേട്ടിട്ടില്ലാത്ത നാടന്‍ വിഭവങ്ങളും മെറീനയുടെ അടുക്കളയില്‍ തയ്യാര്‍. ഇനി വിശേഷങ്ങള്‍ മെറീന തന്നെ പറയട്ടെ...

കണ്ണൂർ തലശ്ശേരിയിലെ ഒരു കൂട്ടുകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ധാരാളം അംഗങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും പ്രാതലും ഉച്ചഭക്ഷണവും അത്താഴവും എല്ലാം ഉണ്ടാക്കുന്നത് ഒരു വലിയ മഹാമഹമായിരുന്നു. എന്റെ അമ്മമ്മയാണ് അതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത്. അമ്മയും അമ്മായിമാരുമെല്ലാം നല്ല പാചകക്കാരായിരുന്നു. 

എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. ഭക്ഷണം എന്നാല്‍ ഒരു ഗെറ്റ്ടുഗദര്‍ പോലെയായിരുന്നു മലബാറിന്റെ തനതായ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് വീട്ടില്‍ നിന്നാണ്. 

വിവാഹത്തിന് ശേഷം ഞാന്‍ മുംബൈയിലെത്തുകയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉപരിപഠനം നടത്തിയെങ്കിലും വിവാഹത്തിന് ശേഷം ഞാന്‍ മറ്റൊരും ജോലിയും ചെയ്തിരുന്നില്ല. ഭക്ഷണമുണ്ടാക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. ഞാന്‍  എന്തുണ്ടാക്കിയാലും കൊള്ളാമെന്ന് മറ്റുള്ളവര്‍ പറയുമെങ്കിലും വരുമാനത്തിന്റെ സാധ്യതകളെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. 

2016 ലാണ് ജീവിതത്തില്‍ വഴിത്തിരിവ് സംഭവിക്കുന്നത്. അതിന് പ്രചോദനമായത് മകള്‍ അതിഥിയാണ്. ഒരു രസത്തിന് ഞാന്‍ വീട്ടില്‍ ഒരു കുക്കിങ് വര്‍ക്ക്ഷോപ്പ് നടത്തി. ഞാന്‍ സ്ഥിരമായി കഴിക്കുന്ന വിഭവങ്ങള്‍ ഉള്‍ക്കൊളിച്ച് ഒരു ചെറിയ ശിൽപശാല. അതില്‍ കുറച്ച് പേര്‍ പങ്കെടുക്കുകയും നല്ല അഭിപ്രായം ലഭിക്കുകയും ചെയ്തപ്പോള്‍ മകള്‍ പറഞ്ഞു, അമ്മയ്ക്ക് എന്തെങ്കിലും കുക്കിങ് കോഴ്സ് ചെയ്തുകൂടെയെന്ന്. മകള്‍ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ന്യൂയോര്‍ക്കിലെ പ്രശസ്തമായ നാച്ചുറല്‍ ഗോമെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ശാസ്ത്രീയമായ പാചക രീതികള്‍ പഠിച്ചു. പിന്നീട് യുഎസിലെ  മെര്‍സെര്‍ കിച്ചണ്‍ ഉള്‍പ്പെടെയുള്ള റസ്റ്ററന്റുകളില്‍ ഇന്റേണ്‍ഷിപ് ചെയ്തു.

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena

നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ കുറച്ച് കാലം എന്ത് ചെയ്യണമെന്ന് അറിയാതെ ആശയകുഴപ്പത്തിലിരുന്നു. അങ്ങനെയാണ് ബാങ്കോക്കിലുള്ള മിഷെലിന്‍ സ്റ്റാര്‍ നേടിയ അതിപ്രശസ്തമായ ഗാ എന്ന റസ്റ്ററന്റില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഗായിലെ പ്രധാന ഷെഫായിരുന്ന ഗരീമ അറോറ കുറച്ചൊന്നുമല്ല എന്നെ സ്വാധീനിച്ചത്. ഗരീമ അറോറ പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസത്തില്‍ സ്റ്റാഫ് ഡിന്നറില്‍ കേരളീയ വിഭവങ്ങളുണ്ടാക്കി. അതവിടെ ഹിറ്റായതോടെയാണ് എന്റെ മനസ്സിലും റസ്റ്ററന്റ് എന്ന ആശയം ഉദിക്കുന്നത്. എന്നിരുന്നാലും ഗായില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തു.  അവിടെ നിന്ന് ലഭിച്ച പ്രായോഗിക പാഠങ്ങളും അനുഭവങ്ങളും കരുത്ത് പകര്‍ന്നപ്പോള്‍ നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ അതിനിടെയാണ് കോവിഡും ലോക്ഡൗണുമെല്ലാം തുടങ്ങിയത്. റസ്റ്ററന്റ് പെട്ടെന്നൊന്നും സംഭവിക്കാന്‍ സാധ്യതയുമില്ല. അങ്ങനെയാണ് ഊട്ടുപുര എന്ന ആശയത്തില്‍ എത്തിയത്. എന്റെ വീട്ടില്‍ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. സഹായത്തിന് ആളുകള്‍ ഉണ്ടെങ്കിലും മെനു തീരുമാനിക്കുന്നതും പാചകം ചെയ്യുന്നതുമെല്ലാം ഞാന്‍ തന്നെയാണ്. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഉപഭോക്താവ് തന്നെയാണ് ഭക്ഷണം എടുത്തുകൊണ്ടു പോകുന്നത്. അരമണിക്കൂര്‍ കൊണ്ട് എല്ലാം വിറ്റു തീരാറുണ്ട്. ഓണം, വിഷു തുടങ്ങിയ ആഘോഷദിനങ്ങളില്‍ തിരക്ക് വളരെ കൂടുതലാണ്. ഞങ്ങള്‍ക്ക് നിലവില്‍ ഡെലിവറി ഏജന്റ്സ് ഒന്നുമില്ലെങ്കിലും അതൊന്നും കച്ചവടത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena

കേരളീയ വെജിറ്റേറിയന്‍ വിഭവം എന്ന് പറഞ്ഞാല്‍ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് സദ്യയാണ്. സദ്യ നമ്മള്‍ വിശേഷ ദിവസങ്ങളില്‍ മാത്രമാണ് ഉണ്ടാക്കുന്നത്. സദ്യയില്‍ ഉള്‍പ്പെടാത്ത എത്ര വിഭവങ്ങളാണ് നമ്മള്‍ കഴിക്കുന്നത്. ദിവസേന വയ്ക്കുന്ന സാധാരണ കൂട്ടാനും ഉപ്പേരിയ്ക്കും പലഹാരത്തിനുമൊന്നും സദ്യയുടെ ആഡംബരം ഇല്ലല്ലോ. അതെല്ലാം പരിചയപ്പെടുത്തണം എന്നതായിരുന്നു എന്റെ ഉദ്ദേശം. കഞ്ഞിയും പറയും ചമ്മന്തിയും ചുട്ടപപ്പടവും എല്ലാം അതില്‍ ഉള്‍പ്പെടുത്തും. സീസണല്‍ ഫുഡ് മാത്രമേ ഊട്ടുപുരയില്‍ ഉണ്ടാക്കാറുള്ളൂ. ഇതിനെല്ലാം ഒരുപാട് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ഭക്ഷണമെന്നാല്‍ ഊര്‍ജ്ജമാണ്. അതൊരിക്കലും വയറിന് ഭാരമായി തോന്നരുത്. പാചകത്തിന് ഉപയോഗിക്കുന്ന പൊടികളെല്ലാം ഞാന്‍ തന്നെ തയ്യാറാക്കുന്നതാണ്. എണ്ണകളുടെയും പച്ചക്കറികളുടെയും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena
ഉണ്ടപുട്ട്‌

എന്റെ കസ്റ്റമേഴ്സില്‍ മലയാളികളും ധാരാളമുണ്ട്, മലയാളികള്‍ അല്ലാത്തവരുമുണ്ട്. മുംബൈ നഗരത്തില്‍ ധാരളം രുചിവൈവിധ്യങ്ങളുണ്ടെങ്കിലും വല്ലപ്പോഴുമെങ്കിലും സ്വന്തം നാടിന്റെ വീടിന്റെ രുചി ആസ്വദിക്കണമെന്ന് തോന്നാത്തവരില്ല. അതുപോലെ കേരള ഭക്ഷണം എന്ന് പറഞ്ഞാല്‍ സദ്യയും നോണ്‍വെജ് വിഭവങ്ങളും മാത്രമാണെന്ന് മലയാളികള്‍ അല്ലാത്തവര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ട്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, കേരള ഫുഡ് എന്നാല്‍ നോണ്‍വെജാണ് പ്രധാനം, നിങ്ങള്‍ വെജ് വിഭവങ്ങള്‍ മാത്രം തുടങ്ങിയാല്‍ എന്താണ് കാര്യമെന്ന്. ആ ധാരണകള്‍ തിരുത്തേണ്ടതുണ്ട്. തനതായ ആഘോഷിക്കപ്പെടാത്ത കേരളീയ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുക എന്നതാണ് ഊട്ടുപുരയുടെ ലക്ഷ്യം. പച്ചക്കറികളുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചാണ് എന്റെ പാചക പരീക്ഷണങ്ങള്‍.

Marina Balakrishnan thatthalasserygirl Oottupura online food service in Mumbai Kerala Food Kareena
ഊട്ടുപുരയെക്കുറിച്ച് കരീന കപൂര്‍ പങ്കുവച്ച ചിത്രം

Content Highlights: Marina Balakrishnan Interview, thatthalasserygirl, Oottupura, online food delivery in Mumbai, Kerala Food, Kerala Nadan, Indian cuisine, Food Lovers In India