ഡോക്ടർ കുടുംബത്തിൽ നിന്ന് മോഡലിങ്ങിലേക്കും സൗന്ദര്യമത്സരവേദികളിലേക്കും ചുവടുവച്ച താരം. ഡോക്ടറായപ്പോഴും തന്റെ സ്വപ്നങ്ങൾ കൈവിടാതിരുന്ന ആ പെൺകുട്ടിയാണ് 2017ൽ മിസ് ഇന്ത്യ കിരീടം കരസ്ഥമാക്കിയ മാനുഷി ഛില്ലർ. ഡയറ്റിങ്ങിന്റെ കാര്യത്തിലും ഫിറ്റ്നസിലും വിട്ടുവീഴ്ച്ച ചെയ്യാത്ത മാനുഷി ഇപ്പോൾ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. ആരോ​ഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് പങ്കുവെക്കുകയാണ് താരം.

ദേശീയ പോഷക വാരാചരണത്തോട് അനുബന്ധിച്ച് ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ആരോ​ഗ്യകരമായി ഭക്ഷണം കഴിക്കേണ്ടതിനെക്കുറിച്ച് മാനുഷി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആരോ​ഗ്യവും പോഷകവും താൻ എന്നും ശ്രദ്ധ കൊടുത്തിരുന്ന കാര്യങ്ങളാണെന്ന് മാനുഷി പറയുന്നു. ശരിയായ പോഷകം ലഭിക്കുന്നതിലൂടെ ആരോ​ഗ്യത്തിന് ധാരാളം മെച്ചങ്ങളും ലഭിക്കുന്നുവെന്നും താരം. 

കോളേജ് കാലത്ത് പോഷകം ലഭിക്കാൻ താൻ പാചകം ചെയ്യാൻ തീരുമാനിച്ചതിനെക്കുറിച്ചും മാനുഷി പങ്കുവെക്കുന്നു. ഹോസ്റ്റൽ ഭക്ഷണം തന്റെ വണ്ണത്തെയും ആരോ​ഗ്യത്തെയും ബാധിക്കാൻ തുടങ്ങിയതോടെ സ്വന്തമായി പാചകം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. മിസ് ഇന്ത്യക്കു വേണ്ടി തയ്യാറെടുക്കുന്നതിനൊപ്പം പഠനവും നടക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് വിട്ടുവീഴ്ച്ച ചെയ്യാൻ കഴിയില്ലായിരുന്നു. 

കുട്ടിക്കാലം തൊട്ടേ അമ്മയും അച്ഛനും ആരോ​ഗ്യപ്രദമായ ഭക്ഷണരീതിയെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും മാനുഷി. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോ​ഗ്യത്തെ നിർണയിക്കുന്നതെന്ന് ഡോക്ടർമാരായ അച്ഛനും അമ്മയും എപ്പോഴും പറയുമായിരുന്നു. ഇത് പോഷകസമൃദ്ധമായ ഭക്ഷണരീതി തിരഞ്ഞെടുക്കാൻ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും മാനുഷി പറയുന്നു. 

എല്ലാവർഷവും സെപ്തംബർ ഒന്നു മുതൽ ഏഴുവരെയുള്ള ഒരാഴ്ച്ചയാണ് ദേശീയ പോഷക വാരമായി ആചരിക്കുന്നത്. ആരോ​ഗ്യപ്രദവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണിത്. 

Content Highlights: Manushi Chhillar on Eating Right National Nutrition Week