കോരിചൊരിയുന്ന മഴയുടെ ഭംഗിയും രസിച്ച് ആവി പറക്കുന്ന കാപ്പിയും ഊതിക്കുടിച്ച് ചൂടുള്ള എന്തെങ്കിലും കൊറിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുക. എന്നാല്‍ മഴക്കാലത്ത് നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്, ഇവയുടെ അഭാവമാണ് മഴക്കാലത്ത് നമുക്ക് രോഗങ്ങള്‍ പിടിപെടാനുള്ള പ്രധാന കാരണം. 

പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്കും മാംസാഹാരവും കൂടി കഴിക്കുന്നവര്‍ക്കുമുള്ള മഴക്കാല ഭക്ഷണങ്ങള്‍ വ്യത്യസ്തമാണ്. മഴക്കാല ഭക്ഷണത്തില്‍ വെളുത്തുള്ളി, കുരുമുളകുപൊടി, കായം, ജീരകം, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ കൂടുതല്‍ ചേര്‍ക്കുന്നത് ദഹനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. 

മാംസാഹാരം കഴിക്കുന്നവര്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. മീനും ചെമ്മീനും പരമാവധി ഒഴിവാക്കുക. വലിയ മീനുകളും മാംസവും ഉപയോഗിച്ച് തയ്യാറാക്കുന്ന കറികള്‍ ഒഴിവാക്കി പകരം സൂപ്പും സ്റ്റ്യൂവും കുടിക്കുന്നത് പതിവാക്കാം. 

സൂപ്പില്‍ പച്ചക്കറികളോടൊപ്പം പരിപ്പ്, മഞ്ഞള്‍പ്പൊടി, ഗ്രാമ്പൂ, കുരുമുളകുപൊടി, പെരുംജീരകം എന്നിവ കൂടി ചേര്‍ത്ത് പാകം ചെയ്യുന്നത് നല്ലതാണ്. മഴക്കാലത്ത് ഇത്തരത്തില്‍ തയ്യാറാക്കുന്ന സൂപ്പ് കുടിക്കുന്നത് അലര്‍ജിയും അതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന നീരും ചൊറിച്ചിലും കുറയ്ക്കാന്‍ സഹായിക്കുന്നു. 

പച്ചക്കറികള്‍ പാകം ചെയ്യാതെ കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെതന്നെ മുളപ്പിച്ച പയറും കടലയുമൊക്കെ തല്‍ക്കാലം നിങ്ങളുടെ മണ്‍സൂണ്‍ മെനുവില്‍ നിന്നും ഒഴിവാക്കാം. ഇവ ദഹനക്കുറവും വായുവിന്റെ അസ്‌കിതയും ഉണ്ടാകാന്‍ കാരണക്കാരായേക്കാം. 

Content Highlights:food for rainy season