നങ്ങൾ ആരോ​ഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന കാലമാണ്. തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിലും ഡയറ്റിലുമൊക്കെ വ്യത്യസ്തത കാക്കുന്നവരുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നതും ഒരു ഡയറ്റിങ്ങിന്റെ വിശേഷമാണ്. കഴിഞ്ഞ മൂന്നുവർഷമായി പച്ചമാംസം കഴിച്ച് ശ്രദ്ധിക്കപ്പെടുകയാണ് യുഎസിൽ നിന്നുള്ള ഒരു യുവാവ്.

നെബ്രാസ്കയിൽ നിന്നാണ് ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. വെസ്റ്റൺ റോവ് എന്നയാളാണ് പച്ചയിറച്ചി ഡ‍യറ്റിങ് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  മൂന്നുവർഷത്തോളമായി പച്ചയിറച്ചിയും പച്ച മുട്ടയുമൊക്കെയാണ് കക്ഷി കഴിക്കുന്നത്. ഇത്തരം ഭക്ഷണം ശീലമാക്കിയതോടെ തനിക്ക് ദിവസം മുഴുവൻ ഊർജസ്വലനായി ഇരിക്കാൻ കഴിയുന്നുണ്ടെന്നും വെസ്റ്റൺ പറയുന്നു. 

ശാരീരിക ആരോ​ഗ്യത്തിനും മാനസിക ആരോ​ഗ്യത്തിനും ഈ ഡയറ്റ് തന്നെ സഹായിക്കുന്നുണ്ടെന്ന് വെസ്റ്റൺ പറയുന്നു. ഈ ഡയറ്റ് ശീലമാക്കിയതിന്റെ പേരിൽ ഇതുവരെയും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും വെസ്റ്റൺ. ഇനിയൊരിക്കലും പാകം ചെയ്ത് മാംസാ​ഹാരങ്ങൾ കഴിക്കില്ലെന്നും വെസ്റ്റൺ തീരുമാനിച്ചിട്ടുണ്ട്. 

നാട്ടിലെ ഫാം ഉടമകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെയാണ് വെസ്റ്റൺ ഫ്രഷായ മാംസം വാങ്ങുന്നത്. പഴങ്ങൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുകയും ചെയ്യുന്നു. 

ഒരു ദിവസത്തിൽ ഉച്ചനേരമാണ് വെസ്റ്റൺ ഏറ്റവുമധികം ആഹാരം കഴിക്കുന്നത്. കാൽക്കിലോയോളം മാംസവും ഉപ്പില്ലാത്ത ബട്ടറും മൂന്നോ നാലോ പച്ചമുട്ടയുമാവും ഉണ്ടാവുക. ഏതെങ്കിലും ഒരു പഴവും ഒപ്പം കഴിക്കും. അത്താഴത്തിന് ഇതേ മെനുവിനൊപ്പം വേവിച്ച ഉരുളക്കിഴങ്ങും കഴിക്കും. 

എന്നാൽ മാംസം, മുട്ട തുടങ്ങിയവ വേവിക്കാതെ കഴിക്കുക വഴി സാൽമൊണെല്ല ബാക്റ്റീരിയകൾ ശരീരത്തെ ബാധിക്കാനിടയുണ്ട്. ഉയര്‍ന്ന ചൂടില്‍ പാകം ചെയ്താല്‍ മാത്രമേ ഇത്തരം ബാക്ടീരിയകള്‍ നശിക്കുകയുള്ളൂ. ഇതേക്കുറിച്ച് ചോദിച്ചാൽ പച്ചമാംസത്തിൽ സന്തുലിതമായ അളവിലാണ് ബാക്റ്റീരിയ ഉള്ളതെന്നും അവ ശരീരത്തിന് ദോഷകരമല്ലെന്നുമാണ് വെസ്റ്റണിന്റെ വാദം. തന്റെ ഭക്ഷണ വിശേഷങ്ങൾ പങ്കുവെക്കാൻ ദി നാച്ചുറൽ ഹ്യുമൻ ഡയറ്റ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും വെസ്റ്റണിനുണ്ട്. 

Content Highlights: Man, Who Has Been Eating Raw Meat For Three Years