നാവശ്യ ചെലവുകൾ കുറയ്ക്കാനായി ആദ്യം കണ്ടെത്തുന്ന വഴികളിലൊന്നാണ് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നത്. എന്നാൽ എന്നും ഇങ്ങനെ പകരം കഴിക്കാനായി കൊണ്ടുപോകുന്ന ഭക്ഷണം വിറ്റ് കാശാക്കിയാലോ, ആ പണത്തിന് പുറത്തു നിന്ന് തന്നെ ഭക്ഷണം കഴിച്ചാലോ?

ഭർത്താവിന് കഴിക്കാനായി എന്നും ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുത്തിരുന്ന ഭാര്യയുടെ അനുഭവമാണ് ഇത്. പണം സേവ് ചെയ്യാനും സ്വന്തമായി ഒരു വീടുണ്ടാക്കാനും തീരുമാനിച്ചാണ് ഇരുവരും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കിത്തുടങ്ങിയത്.

എന്നും രാവിലെ ഭർത്താവിന് വേണ്ടി സാൻഡ്വിച്ച് ഉണ്ടാക്കി ഭാര്യ കൊടുത്തു വിട്ടുതുടങ്ങി. ഇതുവഴി മാസം 200 പൗണ്ട് ഏകദേശം 20,484 രൂപ ലാഭിക്കാമെന്നായിരുന്നു ഭാര്യയുടെ പ്രതീക്ഷ. തുടക്കത്തിൽ എല്ലാം നല്ല രീതിയിൽ തന്നെ പോയിരുന്നുവെന്ന് ഭാര്യ പറയുന്നു. എന്നാൽ, ഉച്ചഭക്ഷണത്തെ കുറിച്ച് ആദ്യമൊക്കെ അഭിപ്രായങ്ങൾ പറഞ്ഞിരുന്ന ഭർത്താവ് പിന്നീട് ഒന്നും പറയാതായി. മാത്രമല്ല, കൂടുതൽ ഭക്ഷണം വേണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. തനിക്കിപ്പോൾ നല്ല വിശപ്പാണ് എന്നായിരുന്നു ഇതിന് ഇയാൾ നൽകിയ വിശദീകരണം. ഭർത്താവിന്റെ ആവശ്യപ്രകാരം ഭാര്യ കൂടുതൽ സാൻഡ്വിച്ചുകളും ഉണ്ടാക്കി നൽകിക്കൊണ്ടിരുന്നു.

യാദൃശ്ചികമായാണ് ഭർത്താവിന്റെ 'സൈഡ് ബിസിനസ്സി'നെ കുറിച്ച് ഭാര്യ മനസ്സിലാക്കുന്നത്. ഒരു ദിവസം ഭർത്താവിന്റെ ഒരു സഹപ്രവർത്തകൻ വീട്ടിൽ എത്തിയതോടെയാണ് ഭർത്താവിനെ ഭാര്യ കൈയ്യോടെ പിടികൂടുന്നത്. ഊണു മേശയിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ ഭർത്താവിന്റെ സഹപ്രവർത്തകൻ സാൻഡ്വിച്ച് കഴിക്കാനായി പുറത്തെടുത്തു. ഇത്രയും രുചികരമായ ഭക്ഷണം ഉണ്ടാക്കിയതിന് യുവതിയെ അഭിനന്ദിക്കുകയും ചെയ്തു. നന്ദി പറഞ്ഞ യുവതിയോട് ഇയാൾ അടുത്തതായി പറഞ്ഞത് വില അൽപം കൂടുതൽ ആണെന്നായിരുന്നു.

പെട്ടന്ന് കാര്യമെന്താണെന്ന് മനസ്സിലാകാതെ നിന്ന ഭാര്യയോട് സഹപ്രവർത്തകൻ തന്നെയാണ് സംഭവം പറഞ്ഞത്. താൻ നൽകുന്ന ഉച്ചഭക്ഷണം ഭർത്താവ് ഓഫീസിൽ വിൽക്കുകയാണെന്നും ഭർത്താവ് സ്ഥിരമായി പുറത്തു നിന്നാണ് കഴിക്കുന്നത് എന്നും ഭാര്യ മനസ്സിലാക്കുന്നത് അപ്പോഴാണ്. ഇത് കേട്ടപ്പോൾ താൻ ആകെ ഞെട്ടിപ്പോയെന്നാണ് ഭാര്യ മിറർ ന്യൂസിനോട് പറയുന്നത്. എന്നാൽ താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്ന നിലപാടിലാണ് ഭർത്താവ്.

Content Highlights:Man sells lunches wife packs for him to buy fast food instead