ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം പാചക പരീക്ഷണങ്ങള്‍ നടന്നിട്ടുള്ളത് കേക്കിന്റെ കാര്യത്തിലാവും. കാര്‍ട്ടൂണ്‍ രൂപത്തിലും പച്ചക്കറികളുടെ രൂപത്തിലും വാഹനങ്ങളുടെ രൂപത്തിലുമൊക്കെയുള്ള കേക്കുകള്‍ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത് സ്വപ്‌നങ്ങളെ വെല്ലുന്നൊരു കേക്കാണ്. സംഗതി മനുഷ്യരൂപത്തില്‍ നിര്‍മിച്ച കേക്കാണ്. 

ആശുപത്രി കിടക്കയില്‍ പുഞ്ചിരിയോടെ കിടക്കുന്ന മനുഷ്യന്റെ രൂപത്തിലാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്. ഒറ്റക്കാഴ്ചയില്‍ യഥാര്‍ഥ മനുഷ്യന്റെ ചിത്രമാണെന്നേ തോന്നൂ. പൊട്ടും പൊടിയും പോലും അതീവ സൂക്ഷ്മതയോടെയാണ് ചെയ്തിരിക്കുന്നത്. എന്തിനധികം അരികത്തിരിക്കുന്ന ലൈറ്റിന്റെ വെളിച്ചം പോലും മുഖത്തടിച്ചിരിക്കുന്നത് കിറുകൃത്യമായി കേക്കില്‍ പകര്‍ത്തിയിട്ടുണ്ട്. ശരീരത്തിന് കീഴ്ഭാഗത്ത് കാലുകളും കയ്യുകളുമൊക്കെ കഷ്ണങ്ങളായി മുറിച്ചു വച്ചതു നോക്കുമ്പോള്‍ മാത്രമാണ് കേക്ക് ആണെന്ന് തിരിച്ചറിയുക. 

അതിനിടെ ഈ കേക്ക് പ്രശസ്ത ബ്രിട്ടീഷ് റാപ്പറായ സ്ലോ തായിയുടെ സംഗീത വീഡിയോയില്‍ നിന്നുള്ള രംഗമാണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും ഇങ്ങനെയൊരു കേക്ക് കാണുന്നത് ജീവിതത്തില്‍ ആദ്യമായാണെന്നും ഒരേസമയം അത്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്നതാണെന്നും പ്രേതസിനിമയിലെ രംഗംപോലെയുണ്ട് എന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. 

Content Highlights: Man On Hospital Bed Is Actually A Cake