രോരുത്തരുടെയും രുചിയിഷ്ടങ്ങള്‍ വ്യത്യാസപ്പെട്ടു കിടക്കും. ചിലര്‍ക്ക് മധുരമാണ് ഇഷ്ടമെങ്കില്‍, ചിലര്‍ക്ക് എരിവും പുളിയുമായിരിക്കും. എരിവ് ഇഷ്ടമായാലും അതുമാത്രം തനിച്ചു കഴിക്കാന്‍ പറഞ്ഞാല്‍ ആരും മുന്നോട്ടുവരാനിടയില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് റെക്കോഡിട്ടിരിക്കുകയാണ് ഒരു യുവാവ്. 

കാനഡ സ്വദേശിയായ മൈക് ജാക് എന്ന യുവാവാണ് എരിവ് കഴിച്ച് ഗിന്നസ് റൊക്കോഡില്‍ മുത്തമിട്ടിക്കുന്നത്. കരോലിന റീപ്പര്‍ എന്നറിയപ്പെടുന്ന ഏറ്റവും എരിവുമുള്ള മുളക് ചുരുങ്ങിയ സമയത്തിനുള്ളില്‍ കഴിച്ചതിന്റെ പേരിലാണ് മൈക് റെക്കോഡ് സ്വന്തമാക്കിയത്. വെറും പത്തു സെക്കന്റിനുള്ളിലാണ് മൈക് ഈ മുളക് കഴിച്ചുതീര്‍ത്തത്. മൂന്ന് കരോലിന റീപ്പര്‍ മുളകുകളാണ് മൈക് കഴിച്ചത്. ഓരോന്നും അഞ്ചരഗ്രാമോളം വരും. 

ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിജയം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയൊന്നിന് വീട്ടിലിരുന്നാണ് മൈക് ഈ റൈക്കോഡിന് പരിശ്രമിച്ചത്. മൈക് മുളക് ഓരോന്നായി എടുത്ത് വായിലിടുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഭാര്യ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് സമയം എണ്ണുന്നതും കേള്‍ക്കാം.

നിലവിലെ റെക്കോഡിനു പുറമേ നേരത്തേയും എരിവുള്ള മുളക് കഴിച്ചതിന്റെ പേരില്‍ മൈക്കിന് റെക്കോഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടുമിനിറ്റ് കൊണ്ട് ഏറ്റവുമധികം ഭൂത് ജോലോക്യ ചില്ലി പെപ്പേഴ്‌സ് കഴിച്ചതിനും ഒരു മിനിറ്റിനുള്ളില്‍ അതേ മുളക് കഴിച്ചതിനും പിന്നീട് 9.75 സെക്കന്റിനുള്ളില്‍ അത്തരത്തിലുള്ള മൂന്ന് മുളക് കഴിച്ചതിനുമാണ് മൈക്കിന് റെക്കോഡുകള്‍ ലഭിച്ചത്. 

ഇനി ഈ റെക്കോഡോടെ കക്ഷി ഈ പണി നിര്‍ത്തിയെന്ന് കരുതരുത്. മറ്റൊരു പുതിയ നേട്ടം കൂടി മൈക്കിന്റെ മനസ്സിലുണ്ട്. ഏറ്റവും എരിവുള്ള എട്ടു മുളകുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കഴിച്ച് റെക്കോഡിടുക എന്നതാണ് മൈക്കിന്റെ അടുത്ത സ്വപ്നം.

Content Highlights: Man Eats Hottest Chillies In Under 10 Seconds M Breaks Guinness Record