സുമിത്ത് പങ്കുവെച്ച ട്വീറ്റിൽ നിന്നും | Photo: Twitter
മൊബൈല്‍ ആപ്ലിക്കേഷനില്‍ വിരലമര്‍ത്തേണ്ട കാര്യമേയുള്ളു, ഇഷ്ടപ്പെട്ട ഷോപ്പില്‍നിന്ന് ഇഷ്ടമുള്ള ആഹാരവും മറ്റുവസ്തുക്കളുമെല്ലാം നമ്മുടെ അടുക്കലെത്തും. അങ്ങിനെ ഓണ്‍ലൈന്‍ ഷോപ്പിങ് നമ്മുടെ മുന്നില്‍ വയ്ക്കുന്നത് അനന്തമായ സാധ്യതകളാണ്. ആമസോണില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ മിഠായികള്‍ ഓഡര്‍ ചെയ്ത നാലുവയസ്സുകാരന്റെ വാര്‍ത്ത അടുത്തകാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അടുത്തിടെ തന്റെ രണ്ടുവയസ്സുകാരന്‍ മകന്‍ മക്‌ഡൊണാള്‍സില്‍ നിന്ന് 31 ബര്‍ഗറുകള്‍ ഓഡര്‍ നല്‍കിയെന്ന വിവരം കുട്ടിയുടെ അമ്മ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ, മറ്റൊരു ഓണ്‍ലൈന്‍ ഓഡറിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സുമിത് എന്ന യുവാവാണ് തന്റെ ഷോപ്പിങ് അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സൊമാറ്റോയില്‍ നിന്ന് സുമിത് കോഫി ഓഡര്‍ ചെയ്തുവെന്നും എന്നാല്‍, കോഫിക്കുള്ളില്‍ നിന്ന് ചിക്കന്‍ കഷ്ണം ലഭിച്ചുവെന്നും കഷ്ടമാണിതെന്നും സുമിത് പറഞ്ഞു. സൊമാറ്റോയുമായുള്ള ബന്ധം ഇതോടെ അവസാനിപ്പിക്കുകയാണെന്ന് സുമിത് വ്യക്തമാക്കി. കോഫിയുടെയും കോഫിയില്‍ നിന്ന് ലഭിച്ച ചിക്കന്‍ കഷ്ണത്തിന്റെയും ചിത്രം സുമിത്തിന്റെ ട്വീറ്റില്‍ ഉണ്ട്. മുമ്പും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നവരാത്രി സമയത്ത് താന്‍ വെജ് ബിരിയാണിക്ക് ഓഡര്‍ കൊടുത്തിട്ട് തനിക്ക് ചിക്കന്‍ ബിരിയാണിയാണ് ലഭിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി.
തനിക്കുണ്ടായ അനുഭവത്തില്‍ അങ്ങേയറ്റം അസ്വസ്ഥനാണ് താന്‍ എന്നും എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിക്ക് ഇല്ലെന്നും സുമിത് വ്യക്തമാക്കി. ഇതാരുടെ തെറ്റാണെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍, ഞാന്‍ ഒരു പാഠം പഠിച്ചു. ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു-സുമിത് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
സുമിത്തിന് ഉണ്ടായ അനുഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സൊമാറ്റോയും രംഗത്തെത്തി. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഫോണ്‍ നമ്പര്‍ നല്‍കാനും സൊമാറ്റോ ആവശ്യപ്പെട്ടു.
ചിക്കന്‍ കഴിച്ചുകൊണ്ടിരുന്നപ്പോഴായിരിക്കും ഇയാള്‍ കാപ്പി പാക്ക് ചെയ്തതെന്ന് സുമിത്തിന്റെ ട്വീറ്റിന് ഒരാള്‍ മറുപടി നല്‍കി. സൂപ്പില്‍ ഈച്ചയെ കണ്ടെത്തിയെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, കോഫിയില്‍ ചിക്കന്‍ എന്ന് ആദ്യമായി കേള്‍ക്കുകയാണെന്ന് മറ്റൊരാള്‍ പറഞ്ഞു.
അതേസമയം, കോഫി തയ്യാറാക്കിയ ആള്‍ക്കെതിരെയും സ്ഥാപനത്തിനെതിരെയും കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.
Content Highlights: chicken in his coffee, zomato food delivery, online food delivery, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..