ഹൃദയഹാരിയായ ഒട്ടേറെ വീഡിയോകള്‍ നമ്മള്‍ ദിനംപ്രതി സോഷ്യല്‍മീഡിയയില്‍ കണ്ടുമുട്ടാറുണ്ട്. ചില വീഡിയോകള്‍ നമ്മുടെ കണ്ണുകളെ അറിയാതെ ഈറനണിയിപ്പിക്കും. ഇത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

പുബിറ്റി എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബോക്‌സുകളിലാക്കി സ്‌ട്രോബറികള്‍ വില്‍ക്കുന്ന പ്രായമായ സ്ത്രീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. വഴിയരികില്‍നിന്ന് വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് സ്‌ട്രോബറി വില്‍ക്കുകയാണ് അവര്‍. 

വണ്ടി നിര്‍ത്തി സ്ത്രീയോട് സുഖമാണോ, സ്‌ട്രോബറിക്ക് വില എത്രയെന്നും ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു ബോക്‌സിന് മൂന്ന് ഡോളറാണ് വിലയെന്ന് സ്ത്രീ യുവാവിനോട് പറഞ്ഞു. മുഴുവന്‍ സ്‌ട്രോബറിയും താന്‍ വാങ്ങുകയാണെന്ന് മറുപടി നല്‍കിയ യുവാവ് ആദ്യം പണം സ്ത്രീയ്ക്ക് കൈമാറി. സ്‌ട്രോബറി കൈമാറാന്‍ നോക്കുമ്പോള്‍ സ്‌ട്രോബറി കൈയ്യില്‍ വെച്ചോളാനും അത് കൂടി വിറ്റ് കൂടുതല്‍ പണം നേടാനും യുവാവ് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മറുപടി കേട്ട് ആ വൃദ്ധയായ സ്ത്രീ കരയുന്നത് വീഡിയോയില്‍ കാണാം.

27 ലക്ഷം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 15000-ല്‍ അധികമാളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. അതേസമയം യുവാവിന്റെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നന്മപ്രവര്‍ത്തി ചെയ്തത് നല്ലതാണെന്നും അത് വീഡിയോയില്‍ ചിത്രീകരിക്കേണ്ടതില്ലെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം, വീഡിയോ ചിത്രീകരിച്ചത് നല്ലകാര്യമാണെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനകരമായി തീരാന്‍ അത് സഹായിക്കുമെന്നും മറ്റുചിലര്‍ പറഞ്ഞു.

Content highlights: man buys strawberry from old lady, what happens see video