ഹൃദ്യമായ ഒട്ടേറെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകള്‍ കണ്ണുകളെ ഈറനണിയിപ്പിക്കുമ്പോള്‍ ചിലവ ചുണ്ടില്‍ പുഞ്ചിരിയായിരിക്കും സമ്മാനിക്കുക. ചില വീഡിയോകള്‍ കാണുമ്പോള്‍ സന്തോഷത്തിനൊപ്പം കണ്ണുകളെ നനയിപ്പിക്കുകയും ചെയ്യും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ചാതോര്‍ ബ്രൂതേഴ്‌സ് എന്ന ഫുഡ് വ്‌ളോഗറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

ഒരു കൊച്ചുകുട്ടിക്ക് മോമോസ് വാങ്ങി നല്‍കുന്ന യുവിന്റെ വീഡിയോ ആണത്. യുവാവിന്റെ കൈപിടിച്ച് പലഹാരങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് നീങ്ങുന്ന ബാലനെയാണ് വീഡിയോയില്‍ ആദ്യം കാണുക. അവന്റെ ആവശ്യപ്രകാരം കടയില്‍നിന്ന് ഒരു കവറില്‍ മോമോസ് വാങ്ങി നല്‍കുന്നതാണ് അടുത്ത സീനില്‍ കാണാന്‍ കഴിയുന്നത്. മോമോസ് കഴിച്ചിട്ട് നിഷ്‌കളങ്കമായ പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്ന ബാലനെയാണ് അവസാനം കാണാന്‍ കഴിയുന്നത്.

കുരുന്നുബാലന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 17 ലക്ഷം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. 1.71 ലക്ഷം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 

നിരവധി പേര്‍ ഫുഡ് വ്‌ളോഗറെ അഭിനന്ദിച്ച് വീഡിയോയ്ക്ക് കമന്റ് നല്‍കി. വളരെ വലിയ സത്പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. കുട്ടിയുടെ പുഞ്ചിരി ഹൃദ്യമാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. 

Content highlights: man buys momos for a kid, lovely video, viral video