ആരോഗ്യകാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അതീവശ്രദ്ധാലുവാണ് ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ. യോഗപോലുള്ള വ്യായാമമുറകളുടെയും ഇഷ്ടപ്പെട്ട വിഭവങ്ങളുടെയും ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുള്ള തന്റെ പ്രിയം സോഷ്യല്‍ മീഡിയയിലൂടെ മലൈക ഒട്ടറെത്തവണ വെളിപ്പെടുത്തിയിട്ടുണ്ട്.

തനി നാടന്‍ കേരളീയവിഭവമായ കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കുന്നതിന്റെ ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയുടെ രൂപത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചുവന്ന ഹാര്‍ട്ട് ഇമോജിയോടൊപ്പം ശരിക്കും മലയാളി പെണ്‍കുട്ടി തന്നെ എന്ന ക്യാപ്ഷനോടെയാണ് മലൈക ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ചില വിശേഷ അവസരങ്ങളില്‍ മലയാളിയായ അമ്മ ജോയ്‌സില്‍ നിന്ന് പകര്‍ന്നുകിട്ടിയ വിഭവങ്ങള്‍ തയ്യാറാക്കി ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട് അവര്‍. 

അമ്മയ്ക്കും സഹോദരി അമൃത അറോറയ്ക്കും ഒപ്പമിരുന്ന് പപ്പടവും സാമ്പാറും തോരനും കൂട്ടി തൂശനിലയില്‍ ഓണസദ്യ കഴിക്കുന്ന ചിത്രം താരം നേരത്തെ പങ്കുവെച്ചിരുന്നു. മലയാളിയായ പ്രമുഖ ഷെഫ് സുരേഷ് പിള്ളയുടെ റെസിപ്പി അനുസരിച്ച് കൊഞ്ചും മാങ്ങയും മുരിങ്ങക്കോലും ഇട്ട് തയ്യാറാക്കിയ കറിയുടെ ചിത്രവും മലൈക പങ്കുവെച്ചിരുന്നു.

Content highlights: malaika arora shares kerala style food on instagram