-
കല്യാണവീട്ടിലെത്തി ജോലി ഏറ്റെടുത്താല്‍പ്പിന്നെ അടുക്കളയിലെ റാണിയാണ് മാധവിയമ്മ. പിന്നെ അവിടെ ആര്‍ക്കും പ്രവേശനമില്ല. വേണ്ടുന്ന ഭക്ഷണം ഏതെന്ന് നിര്‍ദേശിച്ച് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുനല്‍കിയാല്‍ മതി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിഥി സല്‍ക്കാരം വീട്ടുകാര്‍ക്ക് ഒരു വിഷയമേയല്ല.
വിവാഹത്തിന് എത്രദിവസം മുന്‍പ് എത്തണമെന്ന് ഫോണില്‍ അറിയിച്ചാല്‍ മതി. ഏറ്റദിവസം തന്റെ പ്രധാന പണിയായുധങ്ങളായ കത്തി, ചിരവ എന്നിവയുമായി മാധവിയമ്മ എത്തിയിരിക്കും. പിന്നെ അടുക്കളക്കാര്യം മറന്ന് വീട്ടുകാര്‍ക്ക് കല്യാണത്തിരക്കിലമരാം. ഓരോ ദിവസവും എത്രപേര്‍ക്ക് ഏതുതരം ഭക്ഷണം വേണമെങ്കിലും തയ്യാറാക്കാന്‍ മാധവിയമ്മ റെഡിയാണ്. പക്ഷേ നേരത്തേ വിവരം നല്‍കണമെന്നു മാത്രം. മറ്റാരുടേയും കൈസഹായവും വേണ്ട. മറ്റുള്ളവര്‍ തന്റെ ജോലിയില്‍ ഇടപെടുമ്പോള്‍ അല്പം ഗര്‍വ് കാണിക്കാനും ഇവര്‍ മടിക്കില്ല. വെജ്, നോണ്‍വെജ് എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. ആയാസരഹിതമായി വിവാഹസല്ക്കാരങ്ങളില് നൂറും ഇരുനൂറും പേര്‍ക്ക് തനിച്ച് ബിരിയാണിയും മറ്റും ഉണ്ടാക്കും. ചായയ്ക്ക് പലഹാരങ്ങളുടെ പെരുമഴയും തീര്‍ക്കും. രാത്രിയില്‍ വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരിക്കുമ്പോഴും മാധവിയമ്മയുടെ അടുക്കളയില്‍ ഉണ്ണിയപ്പവും ഉഴുന്നുവടയും തിളച്ചുപൊന്തുന്നുണ്ടാവും.
വിവാഹവീടുകളിലെ കൗതുകം കൂടിയാണ് മാധവിയമ്മ. വീട്ടുകാരുടെ പ്രിയപ്പെട്ടവളായി വിവാഹത്തിന്റെ ഓരോ ഘട്ടത്തിലും വേണ്ടുന്ന ഒരുക്കങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കും.
അരനൂറ്റാണ്ടിന്റെ പാരമ്പര്യം
കല്യാശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിനു സമീപത്തെ പരേതനായ ചങ്ങന് നാരായണന്റെ ഭാര്യയാണ്. പാചകരംഗത്ത് 50 വര്‍ഷത്തിലേറെ പാരമ്പര്യമുണ്ട്. പാചക വിദഗ്ധനായ കൈത്തല നാരായണന്റെ കൂടെ സഹായിയായി പോയാണ് പാചകരംഗത്ത് തുടക്കം. 30 വര്‍ഷമായി വിവാഹവീടുകളിലെ സഹായിയായി പൊയിത്തുടങ്ങിയിട്ട്.
വിവാഹവീടുകളില് കണ്ടുമുട്ടുന്ന അതിഥികള്‍ വഴിയും ബന്ധുക്കള്‍ വഴിയുമാണ് പുതിയ സ്ഥലങ്ങളിലേക്ക് എത്തുന്നത്. ഓരോ ഇടത്തും 10, 15 ദിവസം നില്ക്കും. വിവാഹത്തിന് ഒരാഴ്ചമുമ്പ് വന്ന് സല്‍ക്കാരവും കഴിഞ്ഞാണ് മടക്കം. ആരോഗ്യം ഉള്ളിടത്തോളം കാലം ഇങ്ങനെതന്നെ കഴിയാനാണ് ആഗ്രഹം.
മുംബൈ, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങള്‍ മുതല്‍ കേരളത്തിലെ 14 ജില്ലകളിലും പാചകജോലിക്ക് പോയിട്ടുണ്ട്. ഏറെയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിക്കുന്ന സമയത്ത് മുംബൈയിലായിരുന്നുവെന്ന് അന്നത്തെ ഓര്‍മകള്‍ പങ്കുവച്ച് മാധവിയമ്മ പറഞ്ഞു.
ആയിരം കല്യാണങ്ങള്‍
ഇതുവരെ ആയിരത്തോളം കല്യാണവീടുകളില്‍ പോയിട്ടുണ്ടാകുമെന്നാണ് മാധവിയമ്മയുടെ ഒരു കണക്ക്. മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളുമാണ് ഇവര്‍ക്ക്. മകള്‍ ലളിതയുടെ കൂടെയാണ് താമസം. പ്രായമേറിയിട്ടും ഓരോ സ്ഥലത്തേക്കും തനിച്ചാണ് യാത്ര. പോകേണ്ട വീടിന്റെ വ്യക്തമായ മേല്‍വിലാസം കുറിച്ച കടലാസ് കൈയിലുണ്ടാകും.
ബസ്സിലും ഓട്ടോറിക്ഷയിലുമായി തേടിപ്പിടിച്ച് പറഞ്ഞദിവസം എത്തിയിരിക്കും. ദൂരസ്ഥലങ്ങളിലാണെങ്കില് വീട്ടുകാര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കും. കഴിഞ്ഞ ഒരാഴ്ച്ചയായി ഉദിനൂരിലെ കല്യാണവീട്ടിലായിരുന്ന ഇവര്‍ അടുത്ത രണ്ടു ഓര്ഡറുകളുമായാണ് തിരിച്ചുപോയത്.
Content Highlights: madhaviyamma sharing 50 years of cooking experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..