ന്നദാനം മഹാദാനമാണ്. പ്രത്യേകിച്ച്, പിഞ്ചോമനകള്‍ക്ക്. എന്നാല്‍, സ്ഥിരമായി ദാനധര്‍മങ്ങള്‍ ആര്‍ക്കും സാധിക്കാത്ത കാര്യമാണ്. സര്‍ക്കാരിന്റെ പദ്ധതികളെല്ലാം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവരാണ് വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള പ്രഥമാധ്യാപകരടക്കമുള്ളവര്‍. എന്നാല്‍, എപ്പോഴും സ്വന്തം കീശയില്‍നിന്ന് പണം ചെലവഴിച്ച് ഉച്ചഭക്ഷണപദ്ധതി വിജയിപ്പിക്കാനാകുമോ?

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ പ്രഥമാധ്യാപകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. സ്വന്തം കീശയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമെല്ലാം പണമടക്കം സമാഹരിച്ച് കാര്യക്ഷമമായി പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

1986ല്‍ തുടങ്ങിയ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം 2012 മുതലാണ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാക്കി മാറ്റിയത്. 2012 മാര്‍ച്ച് വരെ സ്‌കൂളുകള്‍ക്കാവശ്യമായ അരിയും പയറും സിവില്‍ സപ്ലൈസ് മുഖേന നേരിട്ട് സ്‌കൂളുകള്‍ക്ക് നല്കിയിരുന്നു.

പാചകക്കൂലിയും ആവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളും മാത്രമായിരുന്നു സ്‌കൂള്‍ അധികൃതര്‍ക്ക് കണ്ടെത്തേണ്ടിയിരുന്നത്. എന്നാല്‍, 2012- '13 മുതല്‍ സ്‌കൂളുകള്‍ക്ക് അരി മാത്രമാക്കി. ഉച്ചഭക്ഷണ വിഭാഗത്തിനാവശ്യമായ മറ്റു സാമഗ്രികളെല്ലാം സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തണമെന്നതായിരുന്നു നിഷ്‌കര്‍ഷ.

കൂടാതെ ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരുദിവസം മുട്ട/ പഴം എന്നിവ നല്കണമെന്നും നിര്‍ദേശം നല്കി.  ഇതിനാവശ്യമായി പരിമിതമായ കണ്ടിന്‍ജന്‍സി തുകയാണ് വിദ്യാഭ്യാസവകുപ്പ് അനുവദിച്ചത്. നാലു വര്‍ഷം മുമ്പ് അനുവദിച്ച അതേ നിരക്കിലുള്ള തുകയാണ് ഇന്നും സ്‌കൂള്‍ അധികൃതര്‍ക്ക് നല്കുന്നത്.

പച്ചക്കറികള്‍, പലവ്യഞ്ജനം, പയര്‍വര്‍ഗങ്ങള്‍, പാല്‍, മുട്ട എന്നിവയ്ക്ക് നാലുവര്‍ഷം മുമ്പുള്ളതിനേക്കാള്‍  വില വര്‍ധിച്ചിട്ടും വിദ്യാഭ്യാസവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ട സാധാരണക്കാരുടെ മക്കളാണ് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.

അവര്‍ക്ക് കൃത്യമായി നല്ല രീതിയില്‍ ഉച്ചഭക്ഷണം നല്കണമെന്നുള്ളത് സംസ്ഥാനത്തെ പൊതുവിദ്യാലയാധികൃതരുടെ ഏറ്റവും വലിയ ആഗ്രഹം കൂടിയാണ്. അതുമാത്രമാണ് എല്ലാം സഹിച്ച് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്ന പ്രധാന കാരണവും. 

സ്‌കൂളുകളിലെ ഉച്ചഭക്ഷണ നടത്തിപ്പിന്റെ ചുമതല ഉച്ചഭക്ഷണക്കമ്മിറ്റിക്കാണ്. എന്നാല്‍, മഹാഭൂരിഭാഗം വിദ്യാലയങ്ങളിലും ഇത് പേരിനു മാത്രമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളാണ്. മിക്ക വിദ്യാലയങ്ങളിലും എല്ലാ ചുമതലകളും ബാധ്യതകളും ഏകാംഗക്കമ്മിറ്റി തലവനായ പ്രഥമാധ്യാപകനു തന്നെ.

150 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങളില്‍ ഒരു കുട്ടിക്ക് അഞ്ചുരൂപയും അതിനുമുകളില്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ ആറുരൂപയുമാണ് സര്‍ക്കാര്‍ നല്കുന്ന ഫണ്ട്. എന്നാല്‍, ഇത് ഓരോമാസവും ചെലവഴിക്കുന്ന സംഖ്യയുടെ പകുതിയോളം പോലും ആകില്ലെന്നാണ് പ്രഥമാധ്യാപകര്‍ പറയുന്നത്.

പ്രൈമറി സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ ക്ലാസ് ചുമതല കൂടി വഹിച്ച് ഔദ്യോഗിക ഓഫീസ് പ്രവര്‍ത്തനവും നടത്തി ജോലിഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്. അതിനിടയിലാണ് ഉച്ചഭക്ഷണത്തിന്റെ നടത്തിപ്പുചുമതലയും. 

ഉച്ചഭക്ഷണനിരക്ക് വര്‍ധിപ്പിച്ച ഉത്തരവ് വിഴുങ്ങി
ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് ഭാരിച്ചതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടിന്‍ജന്റ് നിരക്ക് ഒരു കുട്ടിക്ക് എട്ടു രൂപയാക്കി വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. 2016 മാര്‍ച്ച് മൂന്നിന് ഇറക്കിയ ഉത്തരവിന്മേല്‍ ഇനിയും ഒരു നടപടിയും വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടില്ല. 150ല്‍ കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങള്‍ക്കാണ് വര്‍ധന ബാധകമാക്കിയിരുന്നത്.

ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അരിയും പരിമിതമായ ഫണ്ടും നല്കി മാറിനില്ക്കരുത്. പോഷകസമൃദ്ധമായ നല്ല ഭക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കണം. അവര്‍ ഉച്ചയ്ക്ക് പട്ടിണി കിടക്കരുത്. നല്ല ആഹാരശീലങ്ങള്‍ പാലിച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യമൊരുക്കണം.

ഇതിനായി സ്‌കൂളുകളില്‍ പ്രത്യേക സംവിധാനമൊരുക്കണം, പഠിപ്പിക്കണം, പഠിപ്പിക്കുന്ന അധ്യാപകരെ മോണിറ്റര്‍ ചെയ്യണം. അതിനിടയില്‍ ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്ന് നിരവധി രേഖകള്‍ തയ്യാറാക്കണം. അവ മേല്‍ ഓഫീസുകളില്‍ കൃത്യമായി എത്തിക്കണം.

ഇതെല്ലാം ഇന്ന് കേരളത്തിലെ ഓരോ പ്രഥമാധ്യാപകന്റെയും ദൈനംദിന പ്രവര്‍ത്തനങ്ങളാണ്. അതിനിടയില്‍ ഉച്ചഭക്ഷണത്തിന്റെ നടത്തിപ്പെങ്കിലും പ്രത്യേക സംവിധാനത്തിന്റെ കീഴിലാക്കിയാല്‍ പൊതുവിദ്യാഭ്യാസത്തിന് കരുത്തേറുമെന്നാണ് പ്രഥമാധ്യാപകരുടെ അഭിപ്രായം. 

ഉച്ചഭക്ഷണപദ്ധതിയുമായി മുന്നോട്ടു പോകുന്ന ചില സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി പദ്ധതി നടപ്പാക്കുന്നുണ്ട്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ പുറത്തുള്ള ഏജന്‍സികള്‍ക്കാണ് ഉച്ചഭക്ഷണ വിതരണച്ചുമതല നല്കിയിട്ടുള്ളത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഉച്ചഭക്ഷണ പദ്ധതി ഭംഗിയായി നടത്താനുള്ള സാഹചര്യമൊരുക്കാന്‍ കേരളം പോലുള്ള സംസ്ഥാനത്തിന് പ്രയാസമില്ല. നിലവില്‍ സ്‌കൂളുകളിലുള്ള പാചകത്തൊഴിലാളികളെ തന്നെ പദ്ധതിക്കായി ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കും.

500 കുട്ടികള്‍വരെ പഠിക്കുന്ന സ്‌കൂളുകളില്‍ ഒരു പാചകക്കാരിയെ മാത്രമാണ് വിദ്യാഭ്യാസവകുപ്പ് നിയമിച്ചിട്ടുള്ളത്. 200 കുട്ടികളുള്ള വിദ്യാലയങ്ങള്‍ക്ക് ഒരാള്‍ക്ക് ഞെരുങ്ങിയാണെങ്കിലും ഉച്ചഭക്ഷണം പാചകം ചെയ്യാമെന്നാണ് ദീര്‍ഘകാലമായി ഉച്ചഭക്ഷണം പാചകം ചെയ്യുന്നവര്‍ തന്നെ പറയുന്നത്.

കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഗുണമേന്മയേറിയതും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം ഒരാള്‍ക്ക് എങ്ങനെ തയ്യാറാക്കാനാകുമെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന് മിണ്ടാട്ടമില്ലെന്നാണ് പാചകക്കാരുടെ സംഘടനകളും പറയുന്നത്. നിലവില്‍ 501 കുട്ടിള്‍ക്ക് മുകളിലുള്ള വിദ്യാലയങ്ങളില്‍ മാത്രമാണ് രണ്ട് പാചകക്കാരെ നിയമിക്കാന്‍ അനുവാദമുള്ളത്. 

500 വരെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് രാവിലെ ഏഴു മുതല്‍ തുടങ്ങുന്ന പ്രവൃത്തി അവസാനിക്കുന്നത് വൈകുന്നേരം മൂന്നു മണിയോടെ മാത്രമാണ്. എന്നാല്‍, ലഭിക്കുന്ന വേതനമാവട്ടെ പരമാവധി 400 രൂപയും. ആ വേതനം തന്നെ 2016 ജൂണ്‍ മാസം കഴിഞ്ഞ്, ജൂലായ് പകുതിയായിട്ടും പാചകക്കാര്‍ക്ക് ലഭിച്ചിട്ടില്ല. 

രുചി രജിസ്റ്റര്‍ മുതല്‍ കാലിച്ചാക്ക് രജിസ്റ്റര്‍ വരെ
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ബാധ്യത സഹിച്ച് മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ തന്നെ പതിനെട്ടോളം രേഖകളും പ്രഥമാധ്യാപകന്‍ കൃത്യമായി സൂക്ഷിക്കണം. ഇതില്‍ അവസാനം രംഗപ്രവേശം ചെയ്ത രേഖയാണ് 'രുചിരജിസ്റ്റര്‍'.

ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാല്‍ ഭക്ഷണ വിതരണത്തിനു മുമ്പ് അധ്യാപകരും ഒന്നിലധികം രക്ഷിതാക്കളോ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളോ വിഭവങ്ങള്‍ രുചിച്ചു നോക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ അവരുടെ അഭിപ്രായങ്ങള്‍കൂടി 'രുചിരജിസ്റ്ററില്‍' രേഖപ്പെടുത്തിവെക്കണം. ഓരോ ദിവസവും മാറി മാറി അംഗങ്ങളെത്തി രുചിച്ച് നോക്കിമാത്രമേ ഉച്ചഭക്ഷണ വിതരണം നടത്താവൂവെന്നാണ് നിര്‍ദേശം.

ഇവ കൂടാതെ എല്ലാ ദിവസവും എഴുതി സൂക്ഷിക്കേണ്ട അഞ്ച് രജിസ്റ്ററുകളും മാസത്തില്‍ സൂക്ഷിക്കേണ്ട 11 രജിസ്റ്ററുകളുമടക്കം 17 രേഖകള്‍ വേറെയുമുണ്ട്. ഉച്ചഭക്ഷണ മേല്‍നോട്ടത്തിനായി ഓരോ ഉപജില്ലയിലും പ്രത്യേകം ചുമതലപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. സ്‌കൂളുകളില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ രേഖകള്‍ കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ അതിന്റെ പഴിയും പിഴയും പ്രഥമാധ്യാപകനുതന്നെ  

100 കുട്ടികളുള്ള വിദ്യാലയം 
(പാചകക്കൂലി പ്രത്യേകം നല്കും)
ഒരു മാസം 20 പ്രവൃത്തി ദിവസം കണക്കാക്കിയാല്‍ ഒരു കുട്ടിക്ക് പ്രതിദിനം അഞ്ചു രൂപ. 
പ്രതിദിനം കിട്ടുന്ന തുക  100x5രൂപ = 500.
20 ദിവസത്തേക്ക്  20x500 രൂപ = 10,000.
ചെലവ്  പാല്‍  ആഴ്ചയില്‍ രണ്ടുദിവസം 
100x150 മി.ലി = 15 ലിറ്റര്‍.
(ഒരുലിറ്റര്‍ പാലിന് 40 രൂപ നിരക്കില്‍) = 600 രൂപ. 
ഒരു മാസം എട്ടു ദിവസം  8x600= 4800
മുട്ട  ആഴ്ചയില്‍ ഒന്ന് മാസത്തില്‍ 4 ദിവസം
(ഒരു മുട്ട  5 രൂപ)  400x5 രൂപ = 2000
പലവ്യഞ്ജനം + പച്ചക്കറി + പാചക എണ്ണ മുതലായവ
പ്രതിദിനം 400രൂപ. 20x400 = 8000
അരികൊണ്ട് വരുന്ന ചെലവ് + ഇന്ധനം = 2300
ആകെ = 17,100
ബാധ്യത (പ്രതിമാസം) = 7,100 രൂപ. 

300 കുട്ടികളുള്ള വിദ്യാലയം
(പാചകക്കൂലിയടക്കം ഒരുകുട്ടിക്ക് ആറുരൂപ )
20 പ്രവൃത്തി ദിവസം = 300x6 രൂപ x 20 = 36000 രൂപ. 
പാല്‍ എട്ട് ദിവസം  300x150 മി.ലി. = 45ലി. 
45 ലിx 40 രൂപ x 8 = 14440 രൂപ. 
മുട്ട  4 ദിവസം 5 രൂപ നിരക്കില്‍ (300x5രൂപ x4) = 6000 രൂപ. 
പച്ചക്കറി + പലവ്യഞ്ജനം + പാചകഎണ്ണ
(എറ്റവും ചുരുങ്ങിയത് പ്രതിദിനം 1000 രൂപ)
20x1000 = 20,000 രൂപ. 
പാചകക്കൂലി  സ്‌കൂള്‍ ഫണ്ടില്‍നിന്നും
250 രൂപയും 150 രൂപ വിദ്യാഭ്യാസവകുപ്പ് നേരിട്ടും നല്കുന്നു
അതിന്റെ അടിസ്ഥാനത്തില്‍ 20x250രൂപ = 5000 രൂപ. 
ഇന്ധനം + വാഹന ചാര്‍ജ് തുടങ്ങിയവ 
(ചുരുങ്ങിയ വില) = 3600 രൂപ. 
ആകെ = 49,000 രൂപ. 
ബാധ്യത പ്രതിമാസം = 13,000 രൂപ.