വിവാഹമാകട്ടെ, പിറന്നാളാകട്ടെ, വാർഷികാഘോഷങ്ങളാകട്ടെ കേക്കില്ലാതെ ഇന്ന് പൂർണമാകില്ല. തീമുകളെ ആധാരമാക്കിയുള്ള കേക്കുകളും ഓരോ ആഘോഷത്തിനും അനുസരിച്ചുള്ള ഡിസൈനുകളുമൊക്കെ ഇന്ന് ലഭ്യമാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു കേക്ക് വിശേഷമാണ്. ഒരു സുദിനം കൂടുതൽ മധുരമാർന്നതാക്കാൻ ഏൽപ്പിച്ച കേക്കിൽ പറ്റിപ്പോയ അബദ്ധമാണ് ചിത്രത്തെ വൈറലാക്കുന്നത്. 

റെഡ്ഡിറ്റിലൂടെയാണ് ചിത്രം വൈറലാകുന്നത്. വിവാഹം കൊഴുപ്പിക്കാനായി കേക്കിനൊപ്പം വ്യത്യസ്തമാർന്ന ഒരെഴുത്തിനും ഏൽപ്പിച്ചയാൾ ഓർമിപ്പിച്ചിരുന്നു. എന്നാൽ സം​ഗതി കയ്യിൽ കിട്ടിയപ്പോഴാകട്ടെ എഴുത്ത് മാറിയെന്നു മാത്രമല്ല അർഥം തന്നെ പൂർണമായും മാറിപ്പോവുകയും ചെയ്തു. Wiser Wedding എന്നെഴുതാൻ ഏൽപ്പിച്ച കേക്ക് കയ്യിൽ കിട്ടിയപ്പോൾ Why's there a Wedding എന്നായിപ്പോയി. അതായത് വിവേകമുള്ള കല്ല്യാണം എന്നതുമാറി  'എന്തിനാണ് വിവാഹം' എന്നായിപ്പോയി. 

ഇതാവും അവരുടെ വിവാഹത്തിലെ പേടിപ്പിക്കുന്ന ഓർമ എന്നു പറഞ്ഞാണ് പലരും ചിത്രം പങ്കുവെക്കുന്നത്. ഇതിൽ നർമം കണ്ടെത്തുന്നവരും കുറവല്ല. കോവിഡ് കാലത്ത് നടത്തുന്ന കല്ല്യാണത്തെ ഉദ്ദേശിച്ച് ബേക്കറി ഉടമ മനപ്പൂർവം കുറിച്ചതായിരിക്കും ആ വാക്കുകൾ എന്നാണ് അവർ പറയുന്നത്. എന്തായാലും ഇതിലും വലിയ സർപ്രൈസ് വരനും വധുവിനും കിട്ടിക്കാണില്ല എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. 

Content Highlights: Local Bakery Puts Wrong Text On Wedding Cake Viral Photo