ചെറിയ കുട്ടികളുടെ സംസാരം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാവില്ല. അങ്ങനെയൊരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍. അമേരിക്കയിലെ സ്‌കൂള്‍ ഗേള്‍ സ്‌കൗട്ടിലെ പലതരം പരിപാടികളുടെ ഭാഗമായി വീടുകള്‍ തോറും കുക്കികള്‍ വില്‍ക്കാനെത്തിയതാണ് ഈ കൊച്ചു പെണ്‍കുട്ടി. അരിസോണയിലാണ് സംഭവം. ഒരു വീടിന്റെ ഡോര്‍ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
കുക്കി വില്‍ക്കാനായി വിളിച്ചു പറയുമ്പോഴുള്ള താളമാണ് ആളുകളെ രസിപ്പിച്ചിരിക്കുന്നത്. ആലി ഷ്രോയര്‍ എന്ന പെണ്‍കുട്ടിയാണ് ഈ വീഡിയോയിലെ താരം. ആലിയുടെ അമ്മ തന്നെയാണ് വീഡിയോ പങ്കുവച്ചത്.
ഡോറിന് മുന്നില്‍ സ്‌കൂള്‍ യൂണിഫോമണിഞ്ഞ് എത്തിയ ആലി തന്റെ കച്ചവട തന്ത്രങ്ങള്‍ ആരംഭിക്കുന്നതാണ് തുടക്കം. 'ഹലോ, ഞാന്‍ ആലി, കുറച്ച് ഗേള്‍ സ്‌കൗട്ട് കുക്കീസ് എടുക്കട്ടേ, ഏതാണ് നിങ്ങള്‍ക്കിഷ്ടം, എനിക്കിഷ്ടം പര്‍പ്പിള്‍ നിറമുള്ളതാണ്.. നിങ്ങള്‍ക്കോ...' ആലി തുടരുന്നു.
'ഒന്നിന് അഞ്ച് ഡോളറാണ്, അപ്പോള്‍ ഒന്ന് വാങ്ങുന്നോ, അതോ രണ്ടോ, മൂന്നോ, നാലോ, അഞ്ചോ... അതോ ആറോ, ഏഴോ, എട്ടോ,ഒന്‍പതോ, പത്തോ.. എനിക്കറിയില്ല കേട്ടോ, അല്ലെങ്കില്‍ പതിനൊന്നോ പന്ത്രണ്ടോ എണ്ണം വാങ്ങിക്കോളൂ...' വീഡിയോയില്‍ ആലി പറയുന്നത് ഇങ്ങനെ. താനൊരു ഗേള്‍ സ്‌കൗട്ടെര്‍ ആണെന്നും ധാരാളം ആളുകള്‍ക്ക് കുക്കികള്‍ വില്‍ക്കാറുണ്ടെന്നുമൊക്കെ അവള്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഓരോ കുക്കിയുടെയും നിറങ്ങളെ പറ്റിയും ഉപഭോക്താവിന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ആലി നല്‍കുന്നുണ്ട്. ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം ഒരു മടുപ്പുമില്ലാതെ പുഞ്ചിരിയോടെയാണ് ആലി ഇത് മുഴുവന്‍ പറയുന്നതെന്നതാണ്.
ഞങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല കച്ചവടക്കാരി എന്നാണ് വീഡിയോ കണ്ടവര്‍ ആലിയെ വിശേഷിപ്പിക്കുന്നത്. എന്തായാലും ആലിയുടെ കച്ചവടതന്ത്രം ഫലിച്ചു. ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് ആലി 200 പെട്ടി കുക്കികള്‍ വിറ്റെന്ന് അമ്മയായ ക്രിസ്റ്റെന്‍ ഫെയ്സ്ബുക്കില്‍ കുറിക്കുന്നുണ്ട്.
Content Highlights: Little Girl's Adorable Cookie-Selling Pitch Wins Hearts Online