ചോളത്തിനൊപ്പം ചാട്ട് മസാലയും ചോക്ലേറ്റും ബട്ടറും ചേര്‍ത്ത് വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ വീഡിയോ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇങ്ങനെ ഒരിക്കലും ചേരില്ലെന്നു കരുതുന്ന ചേരുവകള്‍ കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. വഴിയോരകച്ചവടക്കാരാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുന്നവരില്‍ അധികവും.

എന്നാല്‍, വളരെ വ്യത്യസ്തമായ ഒരു വിഭവം പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്‌ളോഗറായ ഷിഹാന്‍ ചൗധരി. ചില്ലിപെപ്പര്‍കുക്ക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചോക്ലേറ്റും പച്ചമുളകും ചേര്‍ത്ത ലസ്സിയുണ്ടാക്കുന്ന വീഡിയോ ചൗധരി പങ്കുവെച്ചത്. ടോബിള്‍റോണ്‍ ലസ്സി, അടുത്തത് ഞാന്‍ ഏത് തരം ലസ്സിയാണ് ഉണ്ടാക്കേണ്ടത് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചത്.

ഒരു കപ്പ് കട്ടത്തൈരില്‍ ഒരു കപ്പ് പാലും ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പൊടിയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കണം. തേനില്‍ മുക്കിയെടുത്ത, വിത്ത് നീക്കം ചെയ്ത ഒരു പച്ചമുളകും ഇതിലേക്ക് ചേര്‍ക്കും. അതിനുശേഷം ടോബിള്‍റോണ്‍ ചോക്ലേറ്റ് ചേര്‍ക്കും. ഇത് നന്നായി അലിഞ്ഞ് ചേരുന്നതുവരെ മിക്‌സിയില്‍ അടിച്ചെടുക്കും. 

പാലും ചോക്ലേറ്റും തേനും ഒക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന ലെസ്സിയില്‍ പച്ചമുളക് ചേര്‍ത്തത് ലസ്സി പ്രേമികള്‍ക്ക് അത്ര രസിച്ചില്ലെങ്കിലും സംഗതി കൊള്ളാമെന്ന് പലരും അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ ആശയമാണെന്ന് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു.

Content highlights: lassi made with green chilli and chocolate viral video bizzare food