ഭക്ഷണം പാകം ചെയ്യാൻ വ്യത്യസ്ത മാർഗങ്ങൾ തേടുന്നവരുണ്ട്. എളുപ്പത്തിൽ പുതുമയാർന്ന രീതികൾ തേടുന്നതു തന്നെ ചിലർക്കൊരു ഹോബിയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്ന ചിത്രവും അത്തരത്തിലൊന്നാണ്. സംഗതി ആരും ചിന്തിക്കാത്തൊരു മാർഗത്തിലൂടെ കുക്കീസ് തയ്യാറാക്കുന്നതിന്റെ ചിത്രങ്ങളാണ്. മറ്റൊന്നുമല്ല ലാപ്ടോപ് ചാർജർ ഉപയോഗിച്ചാണ് കക്ഷി കുക്കീസ് തയ്യാറാക്കിയതെന്നാണ് പറയുന്നത്.
ചാർജ് ചെയ്യുന്ന ഉപകരണം കൊണ്ടെങ്ങനെ കുക്കീസ് തയ്യാറാക്കും എന്നാണെങ്കിൽ അതിനുള്ള മറുപടിയായി ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലോസ്ആഞ്ചലീസ് സ്വദേശിയായ ലോറി എം ഷിയറർ എന്ന യുവതിയാണ് തന്റെ ചാർജറിന്റെ ചൂട് ഏതറ്റംവരെ പോകുമെന്ന് തെളിയിച്ചിരിക്കുന്നത്. സാധാരണത്തേതിലും കൂടുതൽ ചൂടാവുന്ന മാക്ബുക് ചാർജറിനെയാണ് പാചകം ചെയ്യാൻ ഉപയോഗിച്ചത്. അതിനായി ചൂടായ ചാർജറിനു മുകളിൽ കുക്കീസ് വെക്കുകയാണ് യുവതി ചെയ്തതെന്നു പറയുന്നു.
— mea (@MIA_mea_) January 13, 2021
രണ്ടു ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതിൽ ചാർജറിനു മുകളിൽ കുക്കീസിന്റെ മാവ് വച്ചിരിക്കുന്നു. രണ്ടാമത്തെ ചിത്രത്തിൽ പാകമായ കുക്കീസുമാണുള്ളത്. ഏതാനും മണിക്കൂറുകൾ ഉപയോഗിക്കുമ്പോൾ തന്റെ ചാർജറിന്റെ അവസ്ഥ ഇങ്ങനെയാണെന്ന് രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് യുവതി.
എന്തായാലും ട്വീറ്റ് പങ്കുവെച്ച് അധികമാവും മുമ്പേ യാഥാർഥ്യമൊന്നും വകവെക്കാതെ സമൂഹമാധ്യമം ഏറ്റെടുക്കുകയും ചെയ്തു. ചൂടായ ചാർജർ കൊണ്ട് ഇങ്ങനെയൊരു ഉപയോഗമുണ്ടാവുമെന്ന് ഇത്രനാൾ അറിഞ്ഞില്ലെന്നാണ് പലരും ചിത്രത്തിനു കീഴെ ഹാസ്യാത്മകമായി കമന്റ് ചെയ്യുന്നത്. സത്യത്തിൽ ഇങ്ങനെ ശരിക്കും പാകം ചെയ്യാൻ കഴിയുമോ എന്നു ചോദിക്കുന്നവരുമുണ്ട്. ചൂടാവുന്ന ചാർജർ ബേക്കിങ്ങിന് പകരം വേദനകൾ ശമിപ്പിക്കാനുള്ള പാഡ് ആയാണ് ഉപയോഗിക്കുന്നതെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.
Content Highlights: laptop charger’s baking feature Viral Photo