ചാവ്ഡി ബസാറിലെ കുറേമാൽ കുൽഫി കട. |ഫോട്ടോ- പി.ജി. ഉണ്ണിക്കൃഷ്ണൻ
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള രുചിയുടെ പാരമ്പര്യമുണ്ട് ചാവ്ഡി ബസാറിലെ കുറേമാല്‍ കുല്‍ഫിക്കടയ്ക്ക്. ഇവിടെനിന്ന് കുല്‍ഫി കഴിച്ചവര്‍ ഒന്നടങ്കം പറയും ''ഇതൊരു ഒന്നൊന്നര ഐറ്റാണ്..!''. ഉപജീവനമാര്‍ഗത്തിനായി 1906-ലാണ് വി.എസ്. കുറേമാല്‍ എന്നയാള്‍ ചാവ്ഡി ബസാറില്‍ ചെറിയ രീതിയില്‍ ഒരു കുല്‍ഫിക്കട ആരംഭിക്കുന്നത്. കടയ്ക്ക് കുറേമാലിന്റെ മൂത്ത മകന്റെ പേരുമിട്ടു- 'കുറേമാല്‍ മഹാവീര്‍ പ്രസാദ് കുല്‍ഫിവാല'.
കുല്‍ഫി മാത്രമായിരുന്നു കടയിലെ ആകെ വില്‍പ്പന വസ്തുവെങ്കിലും കച്ചവടം അധികം വൈകാതെ ക്ലച്ച് പിടിച്ചു. സാധാരണ കുല്‍ഫി മാത്രം ഉണ്ടാക്കി വിറ്റിരുന്ന കുറേമാല്‍ പതിയെ പരീക്ഷണങ്ങള്‍ ആരംഭിച്ചു. പാലിലുണ്ടാക്കിയവയും വെള്ളത്തിലുണ്ടാക്കിയവുമാണ് ആദ്യം പരീക്ഷിച്ച വ്യത്യസ്ത ഇനങ്ങള്‍. എല്ലാത്തിനും ആരാധകരായതോടെ അധികം വൈകാതെ കുറേമാലിന് രണ്ടാമത്തെ കുല്‍ഫിക്കട ആരംഭിക്കാനായി. ഇപ്പോഴത്തെ ചാവ്ഡി ബസാര്‍ മെട്രോ സ്റ്റേഷനു സമീപം, ഇളയമകന്‍ മോഹന്‍ലാലിന്റെ പേരിട്ട് 'കുറേമാല്‍ മോഹന്‍ലാല്‍ കുല്‍ഫിവാലെ' എന്ന കടയും അദ്ദേഹം ആരംഭിച്ചു.
പിന്നീടങ്ങോട്ട് വ്യത്യസ്തതരം കുല്‍ഫികളുടെ കാലമായിരുന്നു. പല പല രുചികളില്‍, നിരവധി ഭാവങ്ങളില്‍ കുറേമാല്‍ കുല്‍ഫികള്‍ ഉത്തരേന്ത്യന്‍ കുല്‍ഫികള്‍ക്കിടയില്‍ അരങ്ങുവാണു. അരിഞ്ഞരിഞ്ഞ് കഴിക്കാവുന്ന കുല്‍ഫികളാണ് ഇന്ന് കുറേമാല്‍-കടകളിലെ മിന്നുംതാരം.
യഥാര്‍ഥ പഴങ്ങളില്‍നിന്ന് കുരുവും കാമ്പും കളഞ്ഞ്, കുല്‍ഫി മിശ്രിതം നിറച്ച് 24 മണിക്കൂര്‍ ഫ്രീസറില്‍ വെച്ചുണ്ടാക്കുന്നതാണിവ. ഓര്‍ഡര്‍ ചെയ്താല്‍ മുന്നിലെത്തുക സാധാരണപോലെ കോലില്‍ കോര്‍ത്ത കുല്‍ഫിയല്ല, പകരം നീളത്തില്‍ അരിഞ്ഞ് ചാട്ട് മസാല വിതറി, വായില്‍ വെള്ളമൂറിക്കുന്ന 'സ്റ്റഫ്ഡ് കുല്‍ഫി'യാണ്.
മാമ്പഴം, ആപ്പിള്‍, ഓറഞ്ച്, മാതളം എന്നിവയാണ് സ്റ്റഫ്ഡ് കുല്‍ഫികളിലെ രുചിവൈവിധ്യം. പഞ്ചാസാരയിടാത്തവയും, മഡ്കയില്‍ ലഭിക്കുന്നവയുമെല്ലാം ഇവിടെയുണ്ട്.
സ്റ്റ്ഫഡ് കുല്‍ഫിക്കൊപ്പം ആവശ്യക്കാര്‍ കൂടുതല്‍ വിവിധ പഴങ്ങള്‍ ഒന്നിച്ചു ചേര്‍ത്തുണ്ടാക്കുന്ന റോളര്‍ കുല്‍ഫികള്‍ക്കും ഫലൂദ കുല്‍ഫിക്കുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു ജീവനക്കാര്‍. കേസര്‍ പിസ്ത, സ്ട്രോബറി, ലിച്ചി, പേരയ്ക്ക, തേങ്ങ എന്നിങ്ങനെ 50-ലധികം രുചികളിലുള്ള കുല്‍ഫികള്‍ ഇന്ന് കുറേമാല്‍ കടകളില്‍ ലഭിക്കും.
90 രൂപ മുതല്‍ 250 രൂപ വരെയാണ് വില. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയിലും കുറേമാല്‍ കടകളില്‍നിന്നുള്ള കുല്‍ഫികള്‍ ആസ്വദിക്കാം.
ഓര്‍ഡര്‍ ചെയ്താല്‍ മുന്നിലെത്തുക സാധാരണ കുല്‍ഫിയല്ല, പകരം നീളത്തില്‍ അരിഞ്ഞ് ചാട്ട് മസാല വിതറി, വായില്‍ വെള്ളമൂറിക്കുന്ന 'സ്റ്റഫ്ഡ് കുല്‍ഫി'യാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..