കരിമീന്‍ പൊരിച്ചതുണ്ട് കുടമ്പുളിയിട്ടുവച്ച നല്ല മീന്‍ കറിയുണ്ട്... കോട്ടയംകാരുടെ മാസ്റ്റര്‍പീസുകള്‍


റോസ് മരിയ വിന്‍സെന്റ്

തലേന്ന് തയ്യാറാക്കിയ മീന്‍ കറിക്ക് പിറ്റേന്നാണ് സ്വാദ്.

കരിമീൻ പൊള്ളിച്ചത്, ഫോട്ടോ- അരുൺ ഇടപ്പള്ളി

കോട്ടയത്തിന്റെ രുചികളില്‍ അങ്ങ് മുണ്ടക്കയം തൊട്ട് ഇങ്ങ് കുമരകം വരെ നീണ്ട് കിടക്കുന്ന രുചികളില്‍ തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കള്ളപ്പവും ചിക്കനും പിടിയും പാലപ്പവും വാഴയിലയില്‍ കിടന്ന് പൊരിഞ്ഞു വെന്ത കരിമീനുമെല്ലാമുണ്ട്. കപ്പയും കുടമ്പുളിയിട്ട് വറ്റിച്ച മീനും രാവിലെ, ഉച്ചയ്ക്ക് മോരുകാച്ചിയതും പയറു തോരനും മീന്‍ വറുത്തതും ഒരിത്തിരി അച്ചാറും കൂട്ടിയുള്ള ഊണും രാത്രിയിലെ കഞ്ഞികുടിയുമെല്ലാം കോട്ടയംകാര്‍ക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്ന ശീലങ്ങളാണ്.

ഉലര്‍ത്തിയെടുത്ത ബീഫില്‍ അല്‍പം തേന്‍ ചേര്‍ത്താലോ

കോട്ടയത്തെ രുചിയറിയാന്‍ ആദ്യം പോയത് പാലായിലേക്കാണ്. മീനച്ചിലാറിന്റെ കുളിരും അച്ചായന്‍മാരുടെ വീരവാദങ്ങളും ഉള്ള പാല. ഓ.. എന്നാന്നേ എന്ന ചോദ്യത്തില്‍ എല്ലാം ഒതുക്കുന്ന പാലാ. പാലായില്‍ നിന്ന് തൊടുപുഴ പോകുന്ന വഴിയില്‍ കാനാട്ടുപാറ എത്തുന്നതിനുമുമ്പ് ഒരു ചെറിയ റസ്റ്റൊറന്റുണ്ട്. 'അച്ചായന്റെ അടുക്കള.' പുറത്തേ ബോര്‍ഡില്‍ തനികോട്ടയം വിഭവങ്ങളുടെ ഒരു നീണ്ട നിര. അതിനിടയില്‍ ഒന്ന് കണ്ണിലുടക്കി തേനൊഴിച്ച ബീഫ്. ഹാ.. കൊള്ളാമല്ലോ. ധാരാളം ചെടികളും മറ്റും പടര്‍ത്തി വ്യത്യസ്തമായ ലുക്കിലാണ് ഈ ഹോട്ടല്‍. അകത്ത് കയറിയപ്പോള്‍ പാലയുടെ പല ശീലങ്ങളും ശൈലികളുമൊക്കെ ഭിത്തിയില്‍ എഴുതി നിറച്ചിരിക്കുന്നു. ന്യൂജനറേഷന്‍ റസ്റ്റൊറന്റാണെന്ന് കാണുമ്പോഴേ അറിയാം. വലിയ തിരക്കൊന്നുമില്ല, രാവിലത്തെ സമയമല്ലേ... ആദ്യം ഞങ്ങള്‍ ചോദിച്ചത് കോട്ടയം തനതായ ഭക്ഷണം ഏതാണെന്നാണ്. കള്ളപ്പം, ബീഫ്, മീന്‍കറി... എന്നിങ്ങനെ വലിയൊരു ലിസ്റ്റ് തന്നെ എത്തി മുന്നില്‍.

food
തേന്‍ ബീഫ്, ഫോട്ടോ- അരുണ്‍ ഇടപ്പള്ളി

ഈ തേനൊഴിച്ച ബീഫിന്റെ രഹസ്യം അപ്പോഴാണ് ഞങ്ങള്‍ ചോദിച്ചത്. തേങ്ങാക്കൊത്തിട്ട് കറിവേപ്പിലയും കുരുമുളകും മസാലയും വറ്റല്‍ മുളകും ചേര്‍ത്ത് ഉലര്‍ത്തിയെടുത്ത കോട്ടയം ബീഫില്‍ തേന്‍ ചേര്‍ക്കുന്നതാണ് സംഭവം. കള്ളപ്പത്തിനൊപ്പം തേന്‍ ബീഫ് ചൂടോടെ മേശയിലെത്തി. എരിവും മധുരവുമെല്ലാമായി ആകെ ജഗപോക. കോട്ടയത്ത് പോയാല്‍ എന്തായാലും ഈ വിഭവം വീണ്ടും കഴിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു.

കരിമീന്‍ പൊള്ളിച്ചതും കള്ളും

തേനൊഴിച്ച ബീഫിന്റെ മധുരവും എരിവും കുറയുന്നതിന് മുന്നേ തന്നെ നേരെ വച്ചു പിടിച്ചത് കുമരകത്തേക്കാണ്. കോട്ടയത്തിന്റെ സ്വന്തം കരിമീന്‍ രുചിയറിയാന്‍ വേറെ എവിടെ പോകാനാണ്. കരിമീന്‍ പൊള്ളിച്ചതാണ് കോട്ടയംകാരുടെ മാസ്റ്റര്‍പീസ്. വാട്ടിപൊതിഞ്ഞ വാഴയിലയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് മെല്ലെ വെന്ത് ആകമാനം മസാല പൊതിഞ്ഞ കരിമീന്റെ പ്രശസ്തി കുമരകത്തിന്റെ പെരുമ കൂടിയാണ്. ഇതിനൊപ്പം പ്രസിദ്ധമാണ് മീന്‍മപ്പാസെന്ന ഫിഷ് മോളി.

കരിമീന്‍ തിരഞ്ഞ് എത്തിയത് കോട്ടയംകാരുടെ സ്വന്തം തറവാടിന് മുന്നിലാണ്. 'തറവാട് ഷാപ്പ് റസ്റ്റൊറന്റ്.' കരിമീന്‍ തന്നെ ആദ്യം ഓര്‍ഡര്‍ ചെയ്തു. പിന്നാലെ കോമ്പിനേഷനായി കപ്പയും മധുരകള്ളും. മസാലക്കൂട്ടില്‍ മുക്കി നല്ല വാഴയിലയില്‍ പൊതിഞ്ഞ് പൊരിച്ചെടുത്ത കരിമീന്‍ മുന്നിലെത്തി. കണ്ടപ്പോള്‍ തന്നെ വയറും മനസ്സും നിറഞ്ഞു. താറാവ് മപ്പാസാണ് ഇവിടെ മറ്റൊരു സ്‌പെഷ്യല്‍. എല്ലാം തനതു വിഭവങ്ങള്‍ തന്നെ. താറാവ് മപ്പാസും പാലപ്പവും ആണ് കോമ്പിനേഷന്‍ എന്ന് കേട്ടറിവ് മാത്രമായിരുന്നു. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും സവാളയും മസാലക്കൂട്ടുകളും തേങ്ങയും ചേര്‍ന്ന് വറുത്തരച്ച മപ്പാസിന് ഒരു വേറിട്ട നാടന്‍ രുചി തന്നെയുണ്ട്.

താറാവ് മപ്പാസുപോലെ ക്രിസ്മസിനും വിശേഷദിവസങ്ങള്‍ക്കും സ്പെഷ്യലായി കോട്ടയത്തെ ക്രിസ്തീയ ഭവനങ്ങളില്‍ പണ്ടുമുതലേ ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പിടിയും കോഴിയും. പിടിയും കോഴിയും കിട്ടുന്ന ഇടം തേടിയായി പിന്നെ യാത്ര.

പിടിയും കോഴിയും

ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം പിടിയും കോഴിയും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പാത്രത്തില്‍ എത്തണമെങ്കില്‍.അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീന്‍മേശയില്‍ എത്തിക്കുന്നതാണു പിടി. അരിപ്പൊടിയുടെ കുറുക്കില്‍ ജീരകത്തിന്റെ സ്വാദുമായി കുഞ്ഞുപിടികള്‍ പതുങ്ങിക്കിടക്കും. പിടിയും കോഴിയും തേടിയായി ഞങ്ങളുടെ യാത്ര പിന്നെ. കോട്ടയം നീണ്ടൂരിനടുത്തുള്ള ജെ യെസ് ഫാമില്‍ പിടിയും കോഴിയും കിട്ടുമെന്ന അറിവ് വച്ച് അവിടേക്ക് വച്ചുപിടിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. ഇപ്പോള്‍ സന്ദര്‍ശകര്‍ കുറവായതിനാല്‍ അവധി ദിനങ്ങളില്‍ മാത്രമാണ് ഇവിടെ പിടിയും കോഴിയും വിളമ്പുന്നത്.

food
പിടിയും കോഴിയും, ഫോട്ടോ- അരുണ്‍ ഇടപ്പള്ളി

ഹോട്ടലുകളിലൊന്നും സര്‍വസാധാരണമായ വിഭവമല്ല ഇത്. നല്ല നാടന്‍ ഭക്ഷണമുണ്ടാക്കുന്ന കോട്ടയം വീടുകളിലെ വിശേഷദിനവിഭവമാണ് ഇത്. എങ്കില്‍ പിടിയും കോഴിയും കഴിച്ചിട്ടു തന്നെ കാര്യം എന്നായി. തനി പാലാക്കാരി അച്ചായത്തിയായ ഒരു ബന്ധുവിന്റെ വീട്ടിലേക്ക്. കാര്യം പറഞ്ഞപ്പോള്‍ കൈസഹായം കിട്ടിയാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ റെഡിയാക്കാമെന്ന് അവര്‍. ഏതായാലും ചൂടോടെ പിടിയും കോഴിയും മുന്നിലെത്തിയപ്പോള്‍ വായില്‍ അറിയാതെ വെള്ളം നിറഞ്ഞു.

ചുരുട്ട് വെറും പലഹാരമല്ല

പലഹാരത്തില്‍ കോട്ടയത്തിന്റെ മാത്രം കണ്ടുപിടിത്തമാണ് ചുരുട്ട്. അവലോസ്‌പൊടി പഞ്ചസാരപ്പാവില്‍ ചേര്‍ത്ത് കുമ്പിളില്‍ നിറയ്ക്കുന്ന മാജിക്കാണിത്. മാസങ്ങളോളം കേടാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ചുരുട്ട് അതേ രുചിയില്‍ കിട്ടുന്ന ഇടമുണ്ടോ. ഉണ്ടെന്ന് പറഞ്ഞത് കോട്ടയംകാര്‍ തന്നെയാണ്. കോട്ടയം പട്ടണത്തില്‍ നിന്ന് സി.എം.എസ് കോളേജും കടന്ന് കുറച്ച് മുന്നിലേക്ക് പോയാല്‍ മാമിച്ചേടത്തീസ് ഫുഡ് എന്നൊരു പലഹാരകടകാണാം.

അറുപതാണ്ടുകള്‍ക്ക് മുമ്പ് മാമിച്ചേടത്തി എന്ന മറിയം ആന്റണി തന്റെ വീട്ടിലെ ആഘോഷങ്ങള്‍ക്കായി ഒരുക്കിയ നാടന്‍ പലഹാരം. മാമിച്ചേടത്തിയെപ്പോലെ ചട്ടയും മുണ്ടുമുടുത്ത ഒരുപാട് ചേടത്തിമാര്‍ തങ്ങളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമായി വച്ചൂട്ടിയ ആ രുചി ഇന്നും ചോരാതെ പുതിയ തലമുറയില്‍ എത്തിക്കുന്ന സന്തോഷത്തിലാണ് മാമിച്ചേടത്തിയുടെ പിന്‍തലമുറക്കാര്‍.

food
സ്‌പെഷ്യല്‍ ചുരുട്ടും മടക്കും, ഫോട്ടോ- അരുണ്‍ ഇടപ്പള്ളി

അറുപത് വര്‍ഷം മുമ്പ് തുടങ്ങിയതാണ് ഈ കടയെങ്കിലും ഇപ്പോഴും രുചിക്ക് മാറ്റമൊന്നുമില്ലെന്ന് ഇവിടുത്തെ സ്‌പെഷ്യല്‍ ചുരുട്ടും മടക്കും ഒക്കെ രുചിച്ചവര്‍ പറയുന്നു. ഇന്നുവരെ ചുരുട്ട് രുചിക്കാത്ത ഞങ്ങള്‍ക്ക് അതൊരു പുതുരുചിയായി. അവിലോസ് പൊടിയുടെ കടുംമധുരം മധുരപ്രിയര്‍ക്ക് ഏറെ ഇഷ്ടമാകും എന്ന് ഉറപ്പ്.

കോട്ടയം സ്‌റ്റൈല്‍ മീന്‍ കറി

മാമിച്ചേടത്തിയുടെ ചുരുട്ടും വാങ്ങി ഇറങ്ങിയപ്പോള്‍ സന്ധ്യയായിരുന്നു. അപ്പോഴാണ് കോട്ടയം സ്‌റ്റൈന്‍ കുടംമ്പുളിയിട്ട മീന്‍ കറി മറന്നല്ലോ എന്ന് ഓര്‍ത്തത്. രാത്രി ഭക്ഷണം മീന്‍കറികൂട്ടിയായാലോ എന്നായി. ഒരു കൂട്ടുകാരിയാണ് കോട്ടയം ചങ്ങനാശ്ശേരി റൂട്ടിലെ കരിമ്പുംകാല റസ്റ്റൊറന്റിനെ പറ്റി പറഞ്ഞത്. അവിടെയെത്തിയപ്പോള്‍ ഒട്ടും തിരക്കില്ല. പഴയ ഒരു ഹോട്ടല്‍. കോട്ടയത്തെ ആദ്യകാലത്തെ പ്രതാപവാന്‍മാരായിരുന്നു തങ്ങള്‍ എന്നു വിളിച്ചറിയിക്കുന്ന അകത്തളങ്ങള്‍.

food
കോട്ടയം സ്‌റ്റൈല്‍ മീന്‍ കറി, ഫോട്ടോ- അരുണ്‍ ഇടപ്പള്ളി

കോട്ടയം സ്‌റ്റൈല്‍ മീന്‍ കറിയാണ് ഓര്‍ഡര്‍ ചെയ്തത്. ഒപ്പം ഏതാണ് കോമ്പിനേഷനെന്ന് വെയിറ്ററോട് തന്നെ ചോദിച്ചു. കപ്പയാണ് ബെസ്റ്റെന്ന് അദ്ദേഹം. പച്ചക്കപ്പയും വെള്ളയപ്പവും പോകും. എങ്കില്‍ വെറൈറ്റിക്ക് വെള്ളയപ്പം പറഞ്ഞു. ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ കുശലാന്വേഷണങ്ങളുമായി അദ്ദേഹം അടുത്തു വന്നു. ഒപ്പം കോട്ടയത്തു വന്നാല്‍ കുടംമ്പുളിയിട്ട മീന്‍ കറി തന്നെ കഴിക്കണമെന്നൊരു ഉപദേശവും. പച്ചമുളകും മുളകുപൊടിയും വെളുത്തുള്ളിയും കുടംമ്പുളിയും എല്ലാമിട്ട മീന്‍കറി പാകം ചെയ്ത ഉടനേ കഴിക്കുന്നതല്ല രുചി. തലേന്ന് തയ്യാറാക്കിയ മീന്‍ കറിക്ക് പിറ്റേന്നാണ് സ്വാദ്.

കോട്ടയത്തേ രുചികള്‍ തേടിയുള്ള യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോഴാണ് മനസ്സിലായത് ഇനിയും അറിയാന്‍ എത്രയോ രുചികള്‍ ബാക്കി കിടക്കുന്നു.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Kottayam special food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented