വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram
ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടയിടമാണ് ഇന്ത്യ. ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ രുചിയിടം ലോകത്ത് മറ്റെവിടെങ്കിലുമുണ്ടോയെന്നത് സംശയകരമാണ്. പലനാടുകളില്‍ പലവിധ രുചികളില്‍ വിവിധതരം വിഭവങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും തനത് രുചിക്കൂട്ടുകളുണ്ട്. അതില്‍ തന്നെ പ്രാദേശിക വ്യത്യാസങ്ങളുമുണ്ട്.
ഇപ്പോഴിതാ രുചിവൈവിധ്യങ്ങള്‍ തേടി ഇന്ത്യയിലെത്തിയ കൊറിയന്‍ ബ്ലോഗറായ കിം ജാഹിയോണിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയില്‍ സര്‍വസാധാരണമായി കാണുന്ന ഒരു പാനീയം തനിക്ക് ഏറെ ഇഷ്ടമാണെന്ന് വീഡിയോയില്‍ കിം പറയുന്നു. ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഉടനെ താന്‍ ചെയ്തത് ഈ പാനീയം കുടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത് മറ്റൊന്നുമല്ല, കരിമ്പ് ജ്യൂസ് ആണ്.
മഹാരാഷ്ട്രയിലെ ഒരു കടയില്‍ നിന്ന് ജ്യൂസ് കുടിച്ചതിന് പുറമെ കിം കരിമ്പ് തണ്ട് കടിച്ചുമുറിച്ച് കഴിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു വലിയ ഗ്ലാസ് നിറയെ കച്ചവടക്കാരന്‍ കൈമാറിയ ജ്യൂസ് ഒറ്റവലിക്ക് കുടിച്ച് തീര്‍ക്കുകയാണ് അദ്ദേഹം. 11 ലക്ഷം പേരാണ് കിമ്മിന്റെ ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
കിമ്മിന്റെ വീഡിയോയ്ക്ക് നിരവധി ഇന്ത്യക്കാരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മികച്ച പാനീയങ്ങളിലൊന്നാണ് കരിമ്പ് ജ്യൂസ് എന്ന് ഒരാള്‍ കമന്റ് ചെയ്തു. അതേസമയം, ഇന്ത്യയില്‍ ലഭ്യമായ പലതരം വിഭവങ്ങള്‍ കൂടി കഴിക്കാന്‍ നിര്‍ദേശിക്കുകയാണ് വേറെ ചിലര്‍. മുംബൈയിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ലഭ്യമായ പാനീപൂരി കഴിച്ചുനോക്കാന്‍ ഒരാള്‍ കിമ്മിനോട് നിര്‍ദേശിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ കൂടി സന്ദര്‍ശനം നടത്താന്‍ മറ്റൊരാള്‍ പറഞ്ഞു.
Content Highlights: korean blogger travels to india to enjoy this sugar cane juice, food, viral video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..