ദോശമാവ് പുളിച്ച്‌പോവുക, തേങ്ങമുറി വേഗം കേടാവുക, കൈയിലെ വെളുത്തുള്ളി മണം എത്ര കഴുകിയാലും പോകാതിരിക്കുക... അടുക്കളപ്പണിക്കിടയില്‍ ഈ കുഞ്ഞുകാര്യങ്ങളും തലവേദനയാണ്. അവ ഒഴിവാക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കാം

  1. ദോശമാവും വെള്ളയപ്പമാവും പുളിച്ച ഉടനെ ഫ്രിഡ്ജില്‍ കയറ്റണം. തണുത്ത മാവുകൊണ്ട് ദോശയും വെള്ളയപ്പവും ഉണ്ടാക്കിയാല്‍ രുചികൂടും.
  2.  മാവ് പുളിപ്പിക്കാന്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുക. സ്വാദ് കൂടും.
  3. അരിയും ഉഴുന്നും 4:1 അനുപാതത്തിലെടുത്ത് ഒരു സ്പൂണ്‍ ഉലുവയും ചേര്‍ത്ത് നാലു മണിക്കൂര്‍ കുതിര്‍ത്തശേഷം അരയ്ക്കുക. നല്ല മൊരിഞ്ഞ ദോശ റെഡി.
  4. തേങ്ങമുറി ചീത്തയാവാതിരിക്കാന്‍ ഉപ്പോ വിനാഗിരിയോ പുരട്ടിവെയ്ക്കണം. ഉടച്ച തേങ്ങമുറി തണുത്ത വെള്ളത്തില്‍ ഇട്ടുവെച്ചാലും മതി.
  5. തേങ്ങയുടെ കണ്ണുള്ള ഭാഗം ആദ്യം ഉപയോഗിക്കണം. ഈ ഭാഗമാണ് എളുപ്പത്തില്‍ കേടാവുക.
  6. തേങ്ങാപ്പാല്‍ കൂടുതല്‍ കിട്ടാന്‍ തേങ്ങ ഉപ്പുചേര്‍ത്ത് പിഴിയുക. നൂല്‍പുട്ടിന്റെ അച്ചില്‍ പിഴിഞ്ഞാലും കൂടുതല്‍ പാല്‍ കിട്ടും.
  7. വറുത്തരച്ച കറികള്‍ ഉണ്ടാക്കുമ്പോള്‍ എളുപ്പത്തില്‍ തേങ്ങ വറുക്കാന്‍ വഴിയുണ്ട്. ചിരകിയ തേങ്ങ ഒന്ന് മിക്‌സിയില്‍ കറക്കുക. പെട്ടെന്ന് ഓണാക്കി ഓഫാക്കിയില്ലെങ്കില്‍ തേങ്ങ അരഞ്ഞു പോകും. കറക്കിയ തേങ്ങ വറുത്താല്‍ പെട്ടെന്ന് മൂത്തു കിട്ടും.
  8. പച്ചക്കറികള്‍ കഴുകാനുള്ള വെജിവാഷ് ഇനി വീട്ടിലുണ്ടാക്കാം. അല്‍പം ചെറുനാരങ്ങാ നീരില്‍ വിനാഗിരി ചേര്‍ത്താല്‍ വെജിവാഷ് റെഡി.
  9. നാരങ്ങ, ഓറഞ്ച്, തക്കാളി ഇവയ്ക്ക് കൂടുതല്‍ രുചി തോന്നാന്‍ അവ വീടിനുള്ളിലെ താപനിലയില്‍ തന്നെ സൂക്ഷിക്കാം.
  10. കൈയില്‍ നിന്ന് വെളുത്തുള്ളി, സവാള പോലുള്ളവയുടെ ഗന്ധം മാറാന്‍ ഉപ്പ് ഇട്ട് കൈ കഴുകിയാല്‍ മതി

Content Highlights: Kitchen Tips