കോവിഡ് 19-ന്റെ വ്യാപനം മൂലം കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഉത്സാവാഘോഷങ്ങള്‍ പരിമിതമായാണ് നമ്മള്‍ ആഘോഷിക്കുന്നത്. മലബാറിന്റെ സ്വന്തം കലാരൂപമാണ് തെയ്യം. കണ്ണൂരുകാരനായ ഡാവിഞ്ചി സുരേഷ് ബിസ്‌കറ്റില്‍ തീര്‍ത്ത തെയ്യക്കോലമാണ് സാമൂഹികമാധ്യമങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുന്നത്.

ബിസ്‌കറ്റും ബേക്കറി പലഹാരങ്ങളുമുപയോഗിച്ചാണ് സുരേഷ് 24 അടി വലുപ്പമുള്ള തെയ്യത്തിന്റെ രൂപം ഉണ്ടാക്കിയത്. സുരേഷ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കലാവിരുതിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. നേരത്തെയും വ്യത്യസ്തമായ വസ്തുക്കളുപയോഗിച്ച് പല രൂപങ്ങളും സുരേഷ് സൃഷ്ടിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

കണ്ണൂരിലുള്ള ബേക്ക് സ്റ്റോറി ലൈവ് ബേക്കറിയിലെ ഷെഫ് റാഷിദ് മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് സുരേഷ് ഈ രൂപമുണ്ടാക്കിയത്. ഏകദേശം 15 മണിക്കൂറെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. 

ഹാളിനുള്ളില്‍ ടേബിളുകള്‍ നിരത്തി അതിനു മുകളില്‍ തുണി വിരിച്ച് ബിസ്‌കറ്റുകള്‍ നിരത്തുകയായിരുന്നു. വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള 25,000 ബിസ്‌കറ്റുകളാണ് ചിത്രപ്പണി തയ്യാറാക്കാന്‍ ഉപയോഗിച്ചതെന്ന് സുരേഷ് വ്യക്തമാക്കി. നിര്‍മാണ ശേഷം ഈ ഉത്പന്നങ്ങളെല്ലാം ബയോ ഡീ ഗ്രേഡ് ചെയ്യാന്‍ കണ്ണൂരിലെ വെറ്റിനറി ഫാമിലേക്ക് കൈമാറിയതായി സുരേഷ് കൂട്ടിച്ചേര്‍ത്തു. 

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ രൂപം സ്വര്‍ണത്തിലും ശ്രീനാരായണഗുരുവിന്റെ രൂപം പൂക്കളുപയോഗിച്ചും സുരേഷ് തീര്‍ത്തത് നേരത്തെ ശ്രദ്ധ നേടിയിരുന്നു. തുണിയുടെ മാസ്‌ക് ഉപയോഗിച്ച് ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ രൂപവും സുരേഷ് തീര്‍ത്തിരുന്നു.

Content highlights: kerala artist creates 24 foot theyyam mascot with 25000 biscuits